
ചാത്തന്നൂർ: സാമൂഹ്യസുരക്ഷ പെൻഷൻ മസ്റ്ററിംഗിനുള്ള സമയപരിധി ഈമാസം 31ന് അവസാനിക്കാനിരിക്കെ ജില്ലയിൽ മസ്റ്ററിംഗ് പൂർത്തിയാക്കാതെ 33042 ഗുണഭോക്താക്കൾ. സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ സെപ്തംബർ മാസത്തെ ക്ഷേമ പെൻഷൻ ലഭിച്ചേക്കില്ല.
കഴിഞ്ഞ ജൂലായിലാണ് മസ്റ്ററിംഗ് ആരംഭിച്ചത്. അക്ഷയ കേന്ദ്രങ്ങളിലെത്തി ഗുണഭോക്താക്കൾ നേരിട്ട് മസ്റ്ററിംഗ് നടത്തുന്നതിന് പുറമേ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ കാരണം കണ്ണ് സ്കാൻ ചെയ്ത് മസ്റ്ററിംഗ് നടത്താൻ തയ്യാറാകാത്തവർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മതിയാകും.
ജില്ലയിൽ 422607 സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കളാണുള്ളത്. ഇതിൽ മസ്റ്ററിംഗ് നടക്കുന്നത് അറിയാത്തവരും ഇതര സംസ്ഥാനങ്ങളിലേക്ക് പോയവരുമാണ് ഇനിയും മസ്റ്ററിംഗ് നടത്താത്തതെന്നാണ് വിവരം. എല്ലാ വർഷവും മസ്റ്ററിംഗ് കഴിയുന്നതോടെ മരിച്ചവർ അടക്കം ഒഴിവാക്കപ്പെടാറുണ്ട്. എന്നാൽ, പുതുതായി പെൻഷന് അപേക്ഷിക്കുന്നവർ അതിൽ കൂടുതലാണ്.
നേരിട്ടുള്ള മസ്റ്ററിഗും പെൻഡിംഗ്
സാമൂഹ്യ സുരക്ഷ പെൻഷൻ അർഹരായവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് സർക്കാർ ആധാർ അധിഷ്ഠിത ബയോമെട്രിക് മസ്റ്ററിംഗ് നടത്തുന്നത്. ഗുണഭോക്താവ് മരണപ്പെട്ട ശേഷവും മറ്റുള്ളവരോ ബന്ധുക്കളോ തുക അനധികൃതമായി കൈപ്പറ്റുന്നത് തടയാൻ ഇത് സഹായിക്കും. ഡാറ്റാബേസ് ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ വ്യാജ മേൽവിലാസത്തിലോ
ഇരട്ടിപ്പിലൂടെയോ ഒന്നിലധികം പെൻഷനുകൾ വാങ്ങുന്ന അനർഹരെ എളുപ്പത്തിൽ കണ്ടെത്താനാകും. വൃദ്ധർ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ എന്നിവരുടെ വീടുകളിൽ നേരിട്ടെത്തിയുള്ള മസ്റ്ററിംഗ് പലയിടത്തും ഇനിയും ബാക്കിയുണ്ട്.
സാമൂഹ്യസുരക്ഷ പെൻഷനുകൾ, ജില്ലയിലെ ഗുണഭോക്താക്കൾ, മസ്റ്ററിംഗ് നടത്തിയവർ
വിധവ പെൻഷൻ: 121758, 114205
വാർദ്ധക്യകാല പെൻഷൻ: 247713, 226180
വികലാംഗ പെൻഷൻ: 35631, 32726
കർഷക തൊഴിലാളി: 14846, 13985
അവിവാഹിത പെൻഷൻ: 2659, 2469
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |