കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരുടെ നീണ്ടനാളത്തെ യാത്രാദുരിതത്തിന് പരിഹാരമാകുന്നു. ഒരു ദശാബ്ദത്തോളമായി പൊട്ടിപ്പൊളിഞ്ഞ് താറുമാറായി കിടന്ന അപ്രോച്ച് റോഡ് വീതികൂട്ടി ടാർ ചെയ്തതോടെയാണ് യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമായത്. സ്റ്റേഷനിലേക്ക് എത്തുന്ന വാഹനങ്ങൾക്ക് ഇനി ബുദ്ധിമുട്ടുകളില്ലാതെ തിരികെ പോകാൻ കഴിയും. അപ്രോച്ച് റോഡിന്റെ ദയനീയമായ ശോച്യാവസ്ഥയെ കുറിച്ച് 'കേരളകൗമുദി' നിരവധി തവണ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.
വീതിയേറിയ റോഡും പുതിയ ഗതാഗത ക്രമീകരണവും
റോഡ് ഉയർത്തി ടാറിംഗ് നടത്തുന്ന പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസുകൾക്കും മറ്റ് വാഹനങ്ങൾക്കും സ്റ്റേഷന്റെ മുൻവശം വരെ എത്തി യാത്രക്കാരെ സുഗമമായി ഇറക്കിയ ശേഷം തിരികെ പോകാൻ കഴിയുന്ന രീതിയിലാണ് പുതിയ റോഡ് സൗകര്യം ഒരുക്കുന്നത്. സ്റ്റേഷന്റെ മുൻവശത്തുനിന്ന് വടക്കോട്ടുള്ള റോഡ് ഏഴ് മീറ്റർ വീതിയിൽ വികസിപ്പിച്ചാണ് ടാർ ചെയ്യുന്നത്. രണ്ട് വാഹനങ്ങൾക്ക് ഒരേസമയം പരസ്പരം സുഗമമായി കടന്നുപോകാൻ കഴിയുന്നതോടെ മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പൂർണ പരിഹാരമാകും.
ഒന്നര ഏക്കറിൽ വിശാലമായ പാർക്കിംഗ്
പദ്ധതിയുടെ ഭാഗമായി സ്റ്റേഷന്റെ വടക്കുഭാഗത്തായി ഒന്നര ഏക്കറോളം വിസ്തൃതിയിൽ പുതിയ പാർക്കിംഗ് ഏരിയയും ഒരുങ്ങുന്നുണ്ട്. ആകെ ആറു കോടി രൂപയുടെ വികസന പദ്ധതിയിൽ ഒന്നരക്കോടിയോളം രൂപ റോഡ് ടാറിംഗിനും പാർക്കിംഗ് ഏരിയയുടെ വികസനത്തിനുമായാണ് വിനിയോഗിക്കുന്നത്. ഈ പ്രവൃത്തികൾ ഒക്ടോബർ 31-നകം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
സ്റ്റേഷന്റെ സമഗ്ര നവീകരണം
ബാക്കി നാലരക്കോടി രൂപ ചെലവിട്ട് നടത്തുന്ന സ്റ്റേഷന്റെ സമഗ്ര നവീകരണ പ്രവൃത്തികൾ ഡിസംബറോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളുടെ നവീകരണം, പുതിയ ഷെൽട്ടറുകൾ, ചുറ്റുമതിൽ, സ്റ്റേഷൻ കെട്ടിടത്തിന്റെ നവീകരണം, ഡിസ്പ്ലേ ബോർഡുകൾ, സ്റ്റെയിൻലെസ് സ്റ്റീൽ വാഷ്ബേസിനുകൾ എന്നിവയൊക്കെ ഈ ഘട്ടത്തിൽ പൂർത്തിയാക്കും. ഇതോടെ യാത്രക്കാർ ദീർഘകാലമായി ആവശ്യപ്പെട്ടിരുന്ന മെച്ചപ്പെട്ട പ്രവേശനസൗകര്യവും പാർക്കിംഗ് സംവിധാനങ്ങളുമാണ് ഇവിടെ യാഥാർത്ഥ്യമാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |