SignIn
Kerala Kaumudi Online
Monday, 19 October 2026 3.41 AM IST

കഥയിൽ കനലെരിച്ച കാക്കനാടന്റെ ഓർമ്മകൾക്ക് പതിനഞ്ചാണ്ട്

photo
കാക്കനാടൻ

കൊല്ലം: 'എഴുത്തുകാരനാവുകയെന്നതല്ല, കാക്കനാടനെപ്പോലെ എഴുത്തുകാരനാവുക എന്നതായിരുന്നു വലിയ സ്വപ്നം", മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദന്റെ വാക്കുകളിൽ അടങ്ങിയിട്ടുണ്ട് മലയാള സാഹിത്യത്തിൽ കാക്കനാടൻ തീർത്ത വിപ്ളവത്തിന്റെ ആഴം.

വാക്കുകളുടെ മൂർച്ചയിൽ അർത്ഥവും അരിശവും കോർത്തിണക്കിയ മലയാളത്തിലെ ആധുനികതാ വാദത്തിന്റെ അപ്പോസ്തലൻ വിടപറഞ്ഞിട്ട് ഒന്നര പതിറ്റാണ്ട് തികയുന്നു. ഇരുപതാം നൂറ്റാണ്ടിലെ മലയാള സാഹിത്യത്തിൽ ഏറ്റവും വലിയ വിക്ഷോഭം സൃഷ്ടിച്ച സാഹിത്യ ചലനമായിരുന്നു ആധുനികതാ വാദം. പരമ്പരാഗത വഴിയിലൂടെ മാത്രം സഞ്ചരിച്ചിരുന്ന കാലത്ത് 1959ൽ 'കാലപ്പഴക്കം' എന്ന കഥയുമായി വന്ന കാക്കനാടൻ മാറ്റത്തിന്റെ തിരി തെളിക്കുകയായിരുന്നു.

കവിതയിൽ വന്നുതുടങ്ങിയ ഭാവുകത്വ ചംക്രമണം ചെറുകഥകളിലേക്ക് എത്തിച്ചത് കാക്കനാടനും മാധവിക്കുട്ടിയും എം.പി.നാരായണ പിള്ളയുമായിരുന്നു. ജീവിതസായാഹ്നത്തിലെത്തുമ്പോൾ കടന്നുപോന്ന അനുഭവങ്ങളെ സവിശേഷമായ ഒരു മനോഭാവത്തോടെ അയവിറക്കുന്ന വൃദ്ധന്റെ മാനസിക ഭാവങ്ങളെ സസൂക്ഷ്മവും ശക്തവുമായി ആവിഷ്കരിച്ച 'കാലപ്പഴക്കം' കാക്കനാടൻ എന്ന കഥാകൃത്തിനെ ആഘോഷമാക്കി.

സാഹിത്യ ലോകമാകെ ആ കഥ ചർച്ച ചെയ്തു. നാഗരികാനുഭവങ്ങളുടെ പെരുംചുഴികളെ മറയില്ലാതെ ആവിഷ്കരിക്കുന്ന കഥകൾകൊണ്ട് കാക്കനാടൻ ഒരു കഥാകാലമൊരുക്കി. അനുഭവങ്ങളെ ചേർത്തുനിറുത്തിയുള്ള പുതിയ രചനാ രീതി പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. മസ്ക്രീനിസിന്റെ മരണം, യൂസഫ് സാരായിലിലെ ചരസ് വ്യാപാരി, ഫ്രൗ ഷൂബർട്ട് എന്നിവയൊക്കെ കാക്കനാടന്റെ പ്രകോപനപരമായ രചനകളാണെന്നും വിലയിരുത്തപ്പെട്ടു. ഒരുതലമുറയെ വഴിപിഴപ്പിച്ചവരിൽ ഒരാളെന്ന അപഖ്യാതിപോലും ചിലരിൽ നിന്ന് കേൾക്കേണ്ടി വന്നു. ഭാഷാപരമായ വന്യസൗന്ദര്യങ്ങൾ കാഴ്ചവച്ച നോവലായിരുന്നു 'സാക്ഷി'. അജ്ഞതയുടെ താഴ്വരയും ഒറോതയും ഏഴാം മുദ്ര‌യും കോഴിയുമൊക്കെ മലയാളികളെ പിടിച്ചിരുത്തി വായിപ്പിച്ചു.

അങ്ങനെ കൊല്ലത്തുകാരനായി

തിരുവല്ലയിൽ ജോർജ് കാക്കനാടന്റെയും റോസമ്മയുടെയും മകനായി 1935 ഏപ്രിൽ 23നാണ് ജോർജ് വർഗീസ് കാക്കനാടൻ എന്ന കാക്കനാടന്റെ ജനനം. കൊട്ടാരക്കരയിലായിരുന്നു കുട്ടിക്കാലം. കൊട്ടാരക്കര സ്കൂൾ പഠനകാലയളവടക്കം തന്റെ പല കഥകളിലും ഉൾക്കൊള്ളിക്കാൻ അദ്ദേഹം മറന്നില്ല. പിന്നീട് കൊല്ലത്തേക്ക് താമസം മാറി. കൊല്ലം മാടൻനടയിലെ 'അർച്ചന'യെന്ന വീട് മലയാള സാഹിത്യത്തിന്റെ തറവാടായി മാറുകയായിരുന്നു. അതിഥികൾക്കായി തുറന്നിട്ടിരുന്ന വീട്ടിലേയ്ക്ക് അക്ഷര സ്നേഹികളുടെ ഒഴുക്കായിരുന്നു. പതിനഞ്ചാണ്ട് മുമ്പ് ആ കഥയിലെ ആധുനികതയുടെ അഗ്നി അണഞ്ഞു. പത്നി അമ്മിണി കാക്കനാടനും വിടപറഞ്ഞതോടെ തറവാടിന്റെ പ്രൗഢിക്ക് നിശബ്ദത പടർന്നെങ്കിലും, കാലം എത്ര കഴിഞ്ഞാലും കാക്കനാടന്റെ പേര് മലയാളികളുടെ വായനയിൽ കനലായി എരിഞ്ഞുനിൽക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL