
ചാത്തന്നൂർ: കൊല്ലം - തിരുവനന്തപുരം ആറുവരി ദേശീയപാതയിലെ മേവറം മുതൽ പാരിപ്പള്ളിവരെയുള്ള ഭാഗം താത്കാലികമായി തുറന്നുകൊടുത്തെങ്കിലും ഇതുവഴിയുള്ള യാത്ര സുരക്ഷിതമല്ല. അപകടങ്ങൾ തുടർക്കഥയായതാണ് ആശങ്ക ഉയർത്തുന്നത്.
ദേശീയപാതയിലൂടെയും സർവീസ് റോഡിലൂടെയും നിയമം ലംഘിച്ച് തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളാണ് അപകടങ്ങൾ വരുത്തിവയ്ക്കുന്നത്. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ അർദ്ധരാത്രി ചാത്തന്നൂരിലുണ്ടായ അപകടം. കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കളാണ് മരിച്ചത്. ദേശീയപാതയിലും സർവീസ് റോഡരികിലും നിറുത്തിയിടുന്ന ഭാരവാഹനങ്ങളും വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുന്നു. മേവറത്ത് നിറുത്തിയിട്ടിയിരുന്ന ലോറിയിലേക്കാണ് സർവീസ് റോഡിൽ നിന്ന് കയറിയ കാർ ഇടിച്ചു കയറി രണ്ടുപേർ മരിച്ചത്.
സർവീസ് റോഡുകളുടെ നിർമ്മാണം പലയിടങ്ങളിലും പൂർത്തിയാകാത്തതും തിരിച്ചടിയാണ്. ദേശീയപാതയിലും സർവീസ് റോഡരികിലും രാത്രികാലങ്ങളിൽ മതിയായ വെളിച്ചമോ മുന്നറിയിപ്പ് സംവിധാനങ്ങളോ ഇല്ലാതെ ലോറികളും ചരക്കുവാഹനങ്ങളും വ്യാപകമായി നിറുത്തിയിടുന്നുണ്ട്. കുതിച്ചെത്തുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് മുന്നിലെ തടസം പലപ്പോഴും യഥാസമയം തിരിച്ചറിയാനാവില്ല. അത്തരത്തിലാണ് ഇന്നലെ നടന്ന അപകടവും. സർവീസ് റോഡുകൾ പലയിടത്തും ഇനിയും പൂർത്തിയായിട്ടില്ല. അതിനാൽ ചെറുവാഹനങ്ങളും കാൽനട യാത്രക്കാരും ദേശീയപാതയെ ആശ്രയിക്കുന്നുണ്ട്.
സർവീസ് റോഡിൽ ഓട്ടം തലങ്ങും വിലങ്ങും
മിക്കയിടത്തും സർവീസ് റോഡ് താഴ്ന്നും ദേശീയപാത ഉയർന്നും
വാഹനങ്ങൾ പായുന്നത് തലങ്ങും വിലങ്ങും
അപകടമുണ്ടായാൽ വാഹനങ്ങളും യാത്രക്കാരും തെറിച്ച് സർവീസ് റോഡിലേക്ക് വീഴും
ഡിവൈഡറുകളിൽ വാഹനങ്ങൾ ഇടിച്ചുകയറുന്നത് തടയാൻ സ്ഥാപിക്കേണ്ട റിഫ്ലക്ടറുകളും മുന്നറിയിപ്പ് ബോർഡുകളും പലയിടത്തുമില്ല
ദേശീയപാതയിൽ നിറുത്തിയിടുന്ന വാഹനങ്ങൾ എതിർവശത്തെ കാഴ്ച മറയ്ക്കുന്നു
പലയിടത്തും തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടില്ല
സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളുടെ അഭാവവും അപകടങ്ങൾ വർദ്ധിപ്പിക്കുന്നു
ദേശീയപാത നാടിന്റെ പുരോഗതിയെ അടയാളപ്പെടുത്തുന്നതാണെങ്കിലും യാത്രക്കാരുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണം.
നാട്ടുകാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |