കരാർ വ്യവസ്ഥയിൽ രഹസ്യമായി മാറ്റം വരുത്തി
കൊല്ലം: കോർപ്പറേഷൻ മുൻ ഭരണസമിതി ഒപ്പുവച്ച അജൈവ മാലിന്യ കരാറിൽ ക്രമക്കേട് നടത്തി കരാർ കമ്പനിക്ക് എട്ട് മാസത്തിനിടെ 26.96 ലക്ഷം രൂപ അധികം നൽകിയെന്ന് സി.എ.ജിയുടെ കണ്ടെത്തൽ. ഹരിതകർമ്മസേന ശേഖരിക്കുന്ന അജൈവ മാലിന്യം കുരീപ്പുഴയിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററിൽ എത്തിച്ച് വേർതിരിച്ച് സംസ്കരണത്തിന് കൈമാറുന്ന പദ്ധതിയിലാണ് അട്ടിമറി.
അജൈവ മാലിന്യം സംസ്കരിക്കുന്ന കേന്ദ്രം സജ്ജമാക്കാൻ താത്പര്യപത്രം ക്ഷണിച്ചാണ് സ്വകാര്യ കമ്പനിയുമായി കരാറുണ്ടാക്കിയത്. ഹരിതകർമ്മസേന എത്തിക്കുന്ന മാലിന്യത്തിൽ പുനരുപയോഗ യോഗ്യമായവ സർക്കാർ ഏജൻസിയായ ക്ലീൻ കേരള കമ്പനി തദ്ദേശ സ്ഥാപനങ്ങൾക്ക് പണം നൽകി ഏറ്റെടുക്കുന്നുണ്ട്. ഹരിതകർമ്മ സേനാംഗങ്ങൾ ഇവ വേർതിരിക്കാൻ മെനക്കെടാത്തതിനാൽ ഭാഗികമായാണ് ഏറ്റെടുക്കൽ നടക്കുന്നത്. മാലിന്യത്തിൽ പുനുരുപയോഗ യോഗ്യമല്ലാത്തവ മാത്രം (റിജക്ട്) കിലോയ്ക്ക് 5 രൂപ വീതം ഒരു സ്വകാര്യ കമ്പനിക്ക് അങ്ങോട്ടു നൽകി നീക്കാനായിരുന്നു കോർപ്പറേഷൻ ഉണ്ടാക്കിയ കരാർ. പുനരുപയോഗ യോഗ്യമായ മാലിന്യം കമ്പനി സൗജന്യമായി ഏറ്റെടുക്കണം. റിജക്ട് ചെയ്യുന്നവ ആകെ മാലിന്യത്തിന്റെ 30 ശതമാനത്തിൽ അധികമായാൽ പണം നൽകേണ്ടെന്നും വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ പിന്നീട് സ്വകാര്യ കമ്പനി ഏറ്റെടുക്കുന്ന മുഴുവൻ മാലിന്യത്തിനും കിലോയ്ക്ക് 5.50 രൂപ വീതം കോർപ്പറേഷൻ നൽകണമെന്ന് കരാർ വ്യവസ്ഥയിൽ മാറ്റം വരുത്തുകയായിരുന്നു.
കരാർ മാറ്റിയതിന്
കാരണമില്ല!
വ്യക്തമായ കാരണങ്ങളില്ലാതെ മാറ്റിയ കരാർ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ 2025 ജൂൺ മുതൽ ഡിസംബർ വരെ സ്വകാര്യ കമ്പനിക്ക് പണം. കൈമാറി. ഈ കാലയളവിൽ കമ്പനി 7,81,765 കിലോ അജൈവമാലിന്യം ഏറ്റെടുത്തു. പഴയ കരാർ വ്യവസ്ഥ പ്രകാരമായിരുന്നെങ്കിൽ 12. 89 ലക്ഷം രൂപ നൽകിയാൽ മതിയായിരുന്നു. എന്നാൽ കരാർ വ്യവസ്ഥയിൽ ക്രമക്കേട് കാട്ടി മുഴുവൻ മാലിന്യത്തിനും പണം നൽകണമെന്ന വ്യവസ്ഥ ഉണ്ടാക്കി 42.99 ലക്ഷം രൂപ നൽകിയെന്നും സി.എ.ജിയുടെ കുറിപ്പിൽ പറയുന്നു. തുടർന്നുള്ള കാലയളവിലും കരാർ കമ്പനി പണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കോർപ്പറേഷൻ തുക കൈമാറിയതിന്റെ രേഖ സി.എ.ജിക്ക് ലഭിച്ചിട്ടില്ല.
സി.എ.ജിയുടെ ചോദ്യങ്ങൾ
കരാറിലെ മാറ്റം കൗൺസിൽ അംഗീകരിച്ചതിന്റെ മിനിറ്റ്സ് എവിടെ?
കരാർ വ്യവസ്ഥകളിൽ എന്തിന് മാറ്റം വരുത്തി?
മാലിന്യ സംസ്കരണ കരാറിന് ടെണ്ടർ ക്ഷണിക്കാത്തതിന്റെ കാരണം?
2026 മുതൽ കരാർ കമ്പനിക്ക് പണം നൽകാത്തതിന്റെ കാരണം?
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |