കൊല്ലം: ഇന്ത്യൻ മഹാസമുദ്രത്തിൽ തമിഴ് മത്സ്യത്തൊഴിലാളികൾ ശക്തികുളങ്ങരയിൽ നിന്നുള്ള ബോട്ടുകളെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ മത്സ്യമേഖല ഹർത്താലിൽ ശക്തികുളങ്ങര, നീണ്ടകര ഹാർബറുകൾ സ്തംഭിച്ചു.
രണ്ട് ഹാർബറുകളിൽ നിന്നും യാനങ്ങൾ കടലിലേക്ക് പോയില്ല. മത്സ്യലേലവും നടന്നില്ല. ബോട്ടുകൾ ആക്രമിച്ച തമിഴ് മത്സ്യത്തൊഴിലാളികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുക, കഴിഞ്ഞ വർഷം നടന്ന ആക്രമണത്തിലെ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ഉറപ്പാക്കുക, ഇന്ത്യൻ മഹാസമുദ്രത്തിൽ സുരക്ഷിതമായ മത്സ്യബന്ധനത്തിന് കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും നിരീക്ഷണം എർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നീണ്ടകര ഫിഷറീസ് അസി. ഡയറക്ടർ ഓഫീസിലേക്ക് മാർച്ച് നടത്തി.
ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പീറ്റർ മത്യാസ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജു പട്രോപ്പിൽ, ബി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം ശിവരാജൻ, കൗൺസിലർ ദീപു ഗംഗാധരൻ, ലേലത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് ജോസഫ്, സുനിൽ ലോറൻസ്, ശശി സൂസായി, ഹെൻട്രി സേവ്യർ തുടങ്ങിയവർ സംസാരിച്ചു.
കോസ്റ്റ് ഗാർഡിന്റെ സഹായം
അഭ്യർത്ഥിച്ച് കോസ്റ്റൽ പൊലീസ്
ശക്തികുളങ്ങരയിൽ നിന്നുള്ള ബോട്ടുകൾക്ക് ഇന്ത്യൻ മഹാസമുദ്രത്തിൽ സംരക്ഷണം ആവശ്യപ്പെട്ട് നീണ്ടകര കോസ്റ്റൽ പൊലീസ് ഡി.ജി.പി, കളക്ടർ എന്നിവർ മുഖേന കോസ്റ്റ് ഗാർഡിന്റെ സഹായം അഭ്യർത്ഥിച്ചു. അതിന് പുറമേ കുളച്ചൽ പൊലീസുമായി ബന്ധപ്പെട്ട് സംഘർഷം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ആക്രമണത്തിന് ഇരയായ ബോട്ടുകളിൽ ഒന്നിന്റെ സ്രാങ്കായ സാംസൺ സാമുവലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നീണ്ടകര കോസ്റ്റൽ പൊലീസ് സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ചെന്നൈ കോസ്റ്റൽ പൊലീസിന് കൈമാറി. ശക്തികുളങ്ങരയിൽ നിന്നുള്ള ബോട്ടുകളിലെ തൊഴിലാളികൾ നൽകിയ പരാതിയിൽ കുളച്ചൽ കോസ്റ്റൽ സ്റ്റേഷനിലും കേസെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |