
കോട്ടയം: ആധുനിക നിലവാരത്തിൽ നവീകരിക്കുമെന്ന പ്രഖ്യാപനത്തെ തുടർന്ന് നിലവിലുണ്ടായിരുന്ന ടാറിംഗ് പൊളിച്ചു.. നാലുമാസം കഴിഞ്ഞിട്ടും പള്ളിക്കത്തോട് നെടുമാവ്, ഇളങ്ങുളം റോഡിൽ ടാറിംഗ് ആരംഭിക്കാത്തത് യാത്രക്കാരുടെ ദുരിതം വർദ്ധിപ്പിക്കുന്നു. ആറുകോടിയിലേറെ രൂപ ചെലവിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് നവീകരിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് നിർമാണം തുടങ്ങിയ റോഡാണ് നിലവിൽ തകർന്ന് തരിപ്പണമായി കിടക്കുന്നത്. കെ.കെ റോഡിനെയും പുനലൂർ, മൂവാറ്റുപുഴ സംസ്ഥാനപാതയെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡായതിനാൽ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്.
ടാറിംഗ് നിലച്ചു, യാത്ര ദുഷ്കരമായി
കലുങ്കുകൾ, സംരക്ഷണഭിത്തികൾ എന്നിവ ഉൾപ്പെടെയുള്ള അനുബന്ധ ജോലികൾ പല ഭാഗങ്ങളിലും പൂർത്തിയായെങ്കിലും ടാറിംഗ് ജോലികൾ ഇതുവരെ പുനരാരംഭിച്ചില്ല.
ടാറിംഗിന് മുന്നോടിയായി പഴയ ടാറിംഗ് ജെ.സി.ബി ഉപയോഗിച്ച് വരഞ്ഞുമാറ്റിയിരുന്നു. പുതിയ ടാറിംഗ് മികച്ച രീതിയിൽ പതിയാനാണിതെന്നാണ് അധികൃതരുടെ വാദം.
ഇതോടെ റോഡിലുടനീളം കുഴികളും അസമതലങ്ങളും രൂപപ്പെട്ട് വാഹനയാത്ര ദുഷ്‌കരമായി. വരഞ്ഞ ഭാഗങ്ങളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ പല സ്ഥലങ്ങളിലും റോഡ് വീണ്ടും തകരാൻ തുടങ്ങി.
വാഹനങ്ങൾക്കും കേടുപാട്
സ്ഥിരമായി പോകുന്ന സ്‌കൂൾ ബസുകൾ, ഓട്ടോറിക്ഷകൾ, സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ടയറുകൾ വേഗത്തിൽ നശിച്ചും സസ്‌പെൻഷൻ തകരാറിലാകുന്നതും പതിവായതായി വാഹന ഉടമകൾ പരാതിപ്പെടുന്നു. ഇരുചക്രവാഹന യാത്രക്കാർക്ക് അപകടസാദ്ധ്യതയും വർദ്ധിച്ചു. നിർമാണസാമഗ്രികളുടെ വില വർദ്ധിച്ചതിനാൽ ചെലവ് കൂടുകയും ഇതോടെ കരാറുകാരൻ പണി മന്ദഗതിയിലാക്കുകയുമായിരുന്നു. പുതിയ ബഡ്ജറ്റിൽ റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പുനരുദ്ധരിക്കാൻ 6.50 കോടി രൂപ വീണ്ടും അനുവദിച്ചിട്ടുണ്ടെങ്കിലും, ഇതേ തുക മുൻ ബഡ്ജറ്റിലും വകയിരുത്തിയിരുന്നു.
റോഡ് നിർമാണം അടിയന്തരമായി പൂർത്തിയാക്കി യാത്രാദുരിതത്തിന് പരിഹാരം കാണണം.-പ്രദേശവാസികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |