അവിശ്വാസം പരാജയപ്പെടുത്തണമെന്ന് യു.ഡി.എഫ് നേതാക്കൾ മുഖം തിരിച്ച് കൗൺസിലർമാർ
അവിശ്വാസപ്രമേയം പാസായാലും ഭരണപങ്കാളിത്തം വേണ്ടെന്ന് ഇടതു മുന്നണി
കോട്ടയം/പാലാ: പാലാ നഗരസഭാ ചെയർപേഴ്സണെതിരെ ഇടതു മുന്നണി 21ന് കൊണ്ടു വരുന്ന അവിശ്വാസപ്രമേയം ഒരു കാരണവശാലും പാസാകാൻ അനുവദിക്കരുതെന്ന ഉന്നത കെ.പി.സി.സി നേ താക്കളുടെ നിർദ്ദേശത്തോട് മുഖം തിരിച്ച് കോൺഗ്രസ് കൗൺസിലർമാർ.'പാലായിലെ കാര്യത്തിൽ ഉന്നത നേതാക്കൾ ഇടപെടേണ്ടന്ന് കൗൺസിലർമാർ നിലപാട് വ്യക്തമാക്കിയതോടെ അച്ചടക്ക നടപടി എടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് നേതൃത്വം.
ആറ് കോൺഗ്രസ് അംഗങ്ങൾ വിട്ടു നിന്നാൽ അവിശ്വാസം പാസാകും. ഇടതു മുന്നണിക്ക് ഭരണം ലഭിക്കുന്ന സാഹചര്യമുണ്ടാകും. 26 അംഗ കൗൺസിലിൽ 12 അംഗങ്ങൾ മാത്രമുള്ള എൽ.ഡി.എഫിന് ഭരണ സ്ഥിതര ലഭിക്കണമെങ്കിൽ യു.ഡി.എഫ് കൗൺസിലർമാരുടെ പിന്തുണ വേണം. ഇപ്പോഴത്തെ രാഷ്ടീയ സാഹചര്യത്തിൽ ഇതു ബുദ്ധിമുട്ടാണ്.
ചെയർപേഴ്സണെ അവിശ്വാസത്തിലൂടെ താഴെയിറക്കുക എന്നത് മാത്രമാണ് തങ്ങൾക്ക് മുമ്പിലുള്ള ഏക അജണ്ടയെന്നാണ് എൽ.ഡി.എഫ് പറയുന്നത്. തങ്ങൾക്ക് ഭരണത്തിൽ പങ്കാളിത്തമൊന്നും വേണ്ട. എന്നാൽ പാലായെ അനാഥമാക്കാൻ സമ്മതിക്കയില്ലെന്നും എൽ.ഡി.എഫ് കൗൺസിലർമാർ വ്യക്തമാക്കി.
12 അംഗ എൽ.ഡി.എഫിലെ വലിയ കക്ഷി കേരളാകോൺഗ്രസ് എം ആണ്. മൂന്നു സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെ നഗരസഭാ ഭരണം പിടിക്കാൻ മാണി ഗ്രൂപ്പ് നേതൃത്വത്തിന് യാതൊരു താത്പര്യവുമില്ല. യു.ഡി.എഫിലെ തർക്കം പ്രയോജനപ്പെടുത്തി പാലായിൽ രാഷ്ടീയ നേട്ടമുമുണ്ടാക്കാമോ എന്നാണ് മാണി ഗ്രൂപ്പ് നോക്കുന്നത്. അതിന്റെഭാഗമാണ് അവിശ്വാസ പ്രമേയ നോട്ടീസ്. പ്രമേയം പാസായായാൽ രാഷ്ടീയ അനിശ്ചിതത്വം ഉണ്ടാകും .കോൺഗ്രസ് വിമതയായി ജയിച്ച മായാ രാഹുൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായാൽ പുറത്തു നിന്നു പിന്തുണയ്ക്കണമെന്ന അഭിപ്രായവും ഒരു വിഭാഗം എൽ.ഡി.എഫ് നേതാക്കൾക്കുണ്ട് . 'ആദ്യം അവിശ്വാസം പാസാകട്ടെ അതിനു ശേഷം മറ്റുകാര്യങ്ങൾ 'എന്നാണ് ഉന്നത മാണി ഗ്രൂപ്പു നേതാവ് പ്രതികരിച്ചത്.
വ്യക്തിപരമായ ഇഷ്ടാനിഷ്ടത്തിന്റെയും പ്രാദേശിക വിഷയങ്ങളുടെയും പേരിൽ പാലാ നഗരസഭാ ഭരണം യു.ഡി.എഫ് നഷ്ടപ്പെടുത്തരുത്. ഇടതു ഭരണത്തിനെതിരെ വോട്ട് ചെയ്ത ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണത്. യു.ഡി.എഫ് കൗൺസിലർമാർ വിട്ടു വീഴ്ചക്ക് തയ്യാറാകണം.
ഫ്രാൻസിസ് ജോർജ് എം.പി
കേരളാകോൺഗ്രസ് വൈസ് ചെയർമാൻ
പാലാ നഗരസഭയിലെ തർക്കപ്രശ്നം കെ.പി.സി.സി നേതൃത്വത്തിന് വിട്ടിരിക്കുകയാണ്. ഇനി അവർ തീരുമാനിക്കട്ടെ
ഫിൽസൺ മാത്യൂ
യു.ഡി.എഫ് ജില്ലാ കൺവീനർ& കെ.പി.സി.സി ജനറൽ സെക്രട്ടറി
പാലാ നഗരസഭാ ഭരണം പിടിച്ചെടുക്കാൻ ഇടതു മുന്നണിക്ക് താത്പര്യമില്ല. ഭരണ സ്തംഭനവും രാഷ്ടീയ അനിശ്ചിതത്വവും ഒഴിവാക്കാനാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്.
പ്രൊഫ. ലോപ്പസ് മാത്യു ( എൽ.ഡി.എഫ് കൺവീനർ & കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ്)
ദിയ സ്വയം ഒഴിയുമെന്നാണ് പ്രതീക്ഷയെന്ന് കോൺഗ്രസ് കൗൺസിലർമാർ
പാലാ: ഇടതുമുന്നണി കൗൺസിലർമാർ അവിശ്വാസത്തിന് നോട്ടീസ് നൽകിയ സാഹചര്യത്തിൽ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു സ്ഥാനം സ്വയം ഒഴിയുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് കോൺഗ്രസ് കൗൺസിലർമാരിലെ പ്രമുഖൻ പറഞ്ഞു. ചെയർപേഴ്സൺ സ്ഥാനം സ്വയം ഒഴിഞ്ഞുകൊണ്ട് കോൺഗ്രസിലെ ഒരാളെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് സ്വതന്ത്ര മുന്നണി പിന്തുണയ്ക്കുന്ന സാഹചര്യം ഉണ്ടായാൽ മാത്രമേ ഇനി പ്രശ്ന പരിഹാരത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂവെന്നും ഇദ്ദേഹം വിശദീകരിക്കുന്നു.
അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ കോൺഗ്രസ് വിമത മായാ രാഹുലിനെയൊ കോൺഗ്രസ് അംഗം ലിസിക്കുട്ടി മാത്യുവിനെയോ ആകും ചെയർപേഴ്സൺ സ്ഥാനത്തേക്ക് പരിഗണിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |