SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.12 AM IST

മഞ്ചാടിക്കരി നിവാസികൾക്ക് കൂട്ട് ദുരിതം..... ചങ്ങലയിലാണ് ജീവിതം, ഏക ആശ്രയം ചങ്ങാടം

manchadikari-

വൈക്കം : മാനത്ത് കാർമേഘം ഉരുണ്ടുകൂടുമ്പോൾ ഇവർ ചങ്ങാടത്തിൽ കയറാൻ ഒന്ന് ഭയപ്പെടും. പക്ഷെ മറുകരയെത്താൻ മറ്റ് മാർഗമില്ലാത്തതിനാൽ ഒരപകടവും വരുത്തരുതേ എന്ന പ്രാർത്ഥനയോടെ രണ്ടും കൽപ്പിച്ച് കയറും.

പതിറ്റാണ്ടുകളായി മഞ്ചാടിക്കരി നിവാസികൾ പാലത്തിനായി കാത്തിരിപ്പിലാണ്. വെച്ചൂർ പഞ്ചായത്തിലെ ആറാം വാർഡിൽ നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണിത്. വികസനമെന്തെന്ന് ഈ പാവങ്ങൾ അറിഞ്ഞിട്ടില്ല.

മഞ്ചാടിക്കരിയിലേക്ക് കൈപ്പുഴമുട്ടിൽ നിന്ന് ഇട്ടിയേക്കാടൻ തോടിന് കുറുകെ പാലം യാഥാർത്ഥ്യമായാൽ പുറംലോകവുമായി ബന്ധപ്പെടാം. തെക്കുവശത്ത് കൈപ്പുഴയാറും പടിഞ്ഞാറ് ഇട്ടിയേക്കാടൻ തോടും കിഴക്ക് ചെറുവള്ളിക്കരി തോടും വടക്ക് വലിയപുതുക്കരി തോടും ചുറ്റിയ മഞ്ചാടിക്കരിയിൽ 40 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇട്ടിയേക്കാടൻകരി, ചെറുവള്ളിക്കരി, മാനാടൻകരി എന്നിവ ഉൾപ്പെടുന്ന 250 ഏക്കറോളം വരുന്ന പാടശേഖരങ്ങളുടെ പുറംബണ്ടിലാണ് ഇവരുടെ വാസം.

രോഗം വന്നാൽ പെട്ടുപോകും
വെച്ചൂർ പഞ്ചായത്ത് ഒരുക്കിയ കടത്ത്ചങ്ങാടമാണ് ഏക പൊതുഗതാഗത സംവിധാനം. ഇതിന് പുറമെ ചെറുവള്ളങ്ങളും ഉപയോഗിക്കുന്നു. മഴക്കാലത്തും ജലാശയങ്ങളിൽ പായലും പുല്ലും നിറയുന്ന സമയത്തും ചങ്ങാടയാത്ര ദുഷ്‌കരമാണ്. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് യാത്ര ഏറെ ബുദ്ധിമുട്ടാണ്. അടിയന്തര ചികിത്സ ആവശ്യമായാൽ രോഗികളെ ആശുപത്രിയിലെത്തിക്കുന്നതും വെല്ലുവിളിയാണ്. വിത്തും വളവും എത്തിക്കുന്നതും തൊഴിലാളികളെ കൊണ്ടുവരുന്നതും വിളവെടുത്ത നെല്ല് പുറത്തേക്ക് എത്തിക്കുന്നതും വള്ളത്തിലാണ്.

പാലം ഉയരുമെന്ന് പ്രതീക്ഷ

പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് വെച്ചൂർ പഞ്ചായത്ത് ഭരണസമിതി എം.എൽ.എയ്ക്ക് കത്ത് നൽകിയിരുന്നു. പ്രദേശവാസികളുടെ ദുരിതം കെ.ബിനിമോൻ എം.എൽ.എ നേരിട്ട് കണ്ട് മനസിലാക്കി. മുൻ പഞ്ചായത്ത് മെമ്പർമാരായ സോജി ജോർജ്, പി.ജി ഷാജി, ഷാജി മുഹമ്മദ്, വൈക്കം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം.ഗോപാലകൃഷ്ണൻ, തങ്കച്ചൻ എന്നിവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.


''വെച്ചൂർ പഞ്ചായത്തിന്റെ ആറാം വാർഡിന്റെ ഇനിയും വികസനം എത്തിനോക്കാത്ത മഞ്ചാടിക്കരി ഭാഗത്തെ വികസന സ്വപ്നങ്ങൾ യാഥാത്ഥ്യമാക്കും.

-(കെ.ബിനിമോൻ എം.എൽ.എ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL