SignIn
Kerala Kaumudi Online
Monday, 14 September 2026 2.22 AM IST

സോളാർ മുതൽ ഇൻവെർട്ടർ വരെ പവർകട്ടിനെതിരെ സർവ്വസന്നാഹം...

കോട്ടയം: വൈദ്യുതിതടസം പതിവായതോടെ ബദൽ മാർഗങ്ങൾ തേടുകയാണ് പലരും. കടുത്ത ചൂടിനൊപ്പമുള്ള പവർകട്ടിൽ വലഞ്ഞതോടെ പുരപ്പുറം സോളാർ പദ്ധതിയോട് കൂടുതൽ പേരും അടുക്കുകയാണ്. പി.എം സൂര്യഘർ പദ്ധതിക്ക് അപേക്ഷിക്കുന്നവരുടെ എണ്ണവും കൂടി. അതേസമയം ഇൻവേർട്ടറുകൾക്കും എമർജെൻസി ലൈറ്റുകൾക്കും ആവശ്യക്കാരേറി.

വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ റൂഫ്‌ടോപ്പ് സോളാർ പാനലുകൾ സ്ഥാപിക്കാൻ നിരവധി പേരാണ് മുന്നോട്ടുവരുന്നത്. സർക്കാർ പദ്ധതികളുടെ ദീർഘനാളത്തെ കാത്തിരിപ്പ് ഒഴിവാക്കാൻ മുൻനിര സ്വകാര്യ ഏജൻസികളെ സമീപിക്കുന്നവരുമുണ്ട്. ഇതിനായി ബാങ്കുകളിൽ ലോണിന് അപേക്ഷിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു.

ബാറ്ററികൾ സ്ഥാപിക്കും

പുരപ്പുറ സോളാർ വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി സ്റ്റോറേജ് സംവിധാനമില്ലാത്തതിനാൽ വൈദ്യുതി മുടങ്ങുമ്പോൾ ഉപയോഗിക്കാനാവുന്നില്ല. ഇതിന് പരിഹാരമെന്നോണം 12 വാട്സ് മുതലുള്ള ലിഥിയം ബാറ്ററികൾ സ്ഥാപിക്കുകയാണ്. മുൻപ് പദ്ധതിയിൽ അംഗങ്ങളായാവരും ഇപ്പോൾ സോളോർ സിസ്റ്റം സ്ഥാപിച്ചവരും രാത്രികാലത്തേയ്ക്ക് വൈദ്യുതി ലഭിക്കണമെന്ന ലക്ഷ്യത്തിലാണ് ബാറ്ററി സ്ഥാപിക്കുന്നത്.

ബദൽ മാർഗങ്ങൾ തേടി

ചൂട് കൂടിയതോടെ രാത്രിയിൽ ഫാനോ എ.സിയോ ഇല്ലാതെ ഉറങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് ആളുകൾ ബദൽ മാർഗങ്ങൾ തേടുന്നത്. സോളാർപാനലുകൾ സ്ഥാപിക്കാൻ സാമ്പത്തികശേഷിയില്ലാത്തവർക്ക് ഇൻവേർട്ടറുകളാണ് പ്രധാന ആശ്രയം. വൈദ്യുതി മുടങ്ങിയാലും ഫാനും ലൈറ്റും തടസമില്ലാതെ പ്രവർത്തിപ്പിക്കാം എന്നതിനാൽ ഇൻവേർട്ടറുകളുടെ വില്പന കൂടി. സ്മാർട്ട് ഇൻവേർട്ടറുകൾക്കും ട്യൂബുലാർ ബാറ്ററികൾക്കുമാണ് ആവശ്യക്കാരേറെ. സോളാർ സംവിധാനമുള്ളവരും സ്റ്റോറേജ് കപ്പാസിറ്റി കൂടിയ ഇൻവേർട്ടറുകൾ സ്ഥാപിക്കുന്നുണ്ട്.

ടോർച്ചുകൾക്ക് പ്രിയമേറി

മൊബൈൽ ഫോണിന്റെ വരവോടെ പിന്നോക്കംപോയ ടോർച്ചുകൾക്കും എമർജെൻസി ലാമ്പുകൾക്കും പ്രിയമേറി. കുറഞ്ഞ വിലയിൽ ലഭിക്കുന്ന റീചാർജ് ചെയ്യാവുന്ന എൽ.ഇ.ഡി ടോർച്ചുകളും പോർട്ടബിൾ എമർജൻസി ലൈറ്റുകളും വാങ്ങാൻ ഇലക്ട്രോണിക്സ് കടകളിൽ തിരക്കുണ്ട്.

വൈദ്യുതിമുടക്കം പതിവായതോടെ സോളാർ സംവിധാനം സ്ഥാപിക്കുന്നവരുടെ എണ്ണം കൂടി.

അരുൺ പ്രസാദ്,​ നെക്സ്റ്റ് ജെൻ സോളാർ സൊല്യൂഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, POWERCUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL