
പാലാ : സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച സിന്തറ്റിക്ക് ട്രാക്കുകളിലൊന്ന്. പക്ഷേ, ഇത്തവണ ജില്ലാ കായികമേള പോലും നടത്താനാകാതെ കാഞ്ഞിരപ്പള്ളിയിലേക്ക് മാറ്റേണ്ട ഗതികേട് എങ്ങനെയുണ്ടായെന്ന് അധികൃതർ ചിന്തിക്കണം. പൊട്ടിപ്പൊളിഞ്ഞ് പാളീസായ ട്രാക്കിന്റെ അറ്റകുറ്റപ്പണി തുടങ്ങിയിട്ട് മാസങ്ങളായി. ഇതുവരെ എങ്ങുമെത്തിയില്ല. പലരും അഭിമാനസ്തംഭമായി വാഴ്ത്തിയ ട്രാക്ക് കായികസ്വപ്നങ്ങളുടെ കൂമ്പൊടിക്കുകയാണ്. ഈ മാസം 8,9,10 തീയകളിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിലാണ് കായികമേള. പാലായിൽ നടത്തേണ്ട മറ്റ് പ്രധാന കായികമേളകളും മറ്റു വേദികളിലേക്ക് മാറ്റേണ്ട സ്ഥിതിയാണ്. നവീകരണത്തിനായി പഴയ ട്രാക്ക് പൊളിച്ചുമാറ്റിയതോടെ സ്റ്റേഡിയം കായികതാരങ്ങൾക്ക് ഉപയോഗിക്കാനാകുന്നില്ല. സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച ഏഴുകോടി രൂപ ചെലവഴിച്ചാണ് നവീകരണം. കേരള സ്‌പോർട്‌സ് ഫൗണ്ടേഷനാണ് നിർമ്മാണച്ചുമതല. കഴിഞ്ഞ നവംബറിലാണ് പണി തുടങ്ങിയത്. ടാറിംഗ് നടത്തി ആദ്യപാളി കറുത്ത സിന്തറ്റിക് വിരിച്ചു. ഇനി പശതേച്ച് രണ്ടാമത്തെ കറുത്ത സിന്തറ്റിക് പാളിയും അതിന് മുകളിൽ ചുവന്ന സിന്തറ്റിക് പാളിയും സ്ഥാപിക്കണം. ഇതിന് മാസങ്ങൾ വേണ്ടിവരും.
പരിശീലനം മുടങ്ങി, താരങ്ങൾ ആശങ്കയിൽ
ട്രാക്ക് നിർമ്മാണം വൈകിയതോടെ സംസ്ഥാന, ദേശീയ തല മത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന താരങ്ങളുടെ പരിശീലനത്തെയും സാരമായി ബാധിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി അത്‌ലറ്റിക് താരങ്ങൾ ദിവസേന പരിശീലനത്തിനായി സ്റ്റേഡിയത്തെ ആശ്രയിച്ചിരുന്നു. ട്രാക്ക് പൊളിച്ചുമാറ്റിയതോടെ മറ്റ് വേദികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. പരിശീലനത്തിൽ ഉണ്ടാകുന്ന ഇടവേള താരങ്ങളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക പരിശീലകർക്കുമുണ്ട്.
മഴയെ പഴിചാരി നഗരസഭ
ട്രാക്ക് നിർമ്മാണം അനാവശ്യമായി വൈകുന്നുവെന്ന ആരോപണം നഗരസഭ ചെയർപേഴ്‌സൺ മായാ രാഹുൽ നിഷേധിച്ചു. മഴ പെയ്യാതിരുന്നാൽ ഒന്നരമാസത്തിനുള്ളിൽ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിയും. സ്റ്റേഡിയം ഉടൻ തന്നെ കായികതാരങ്ങൾക്കായി തുറന്നുനൽകാൻ കഴിയുമെന്നുമാണ് നഗരസഭയുടെ പ്രതീക്ഷയെന്നും അവർ പറഞ്ഞു.
സ്റ്റേഡിയം നിർമ്മിച്ചത് : 2017
ട്രാക്കുകൾ : 8
''നിരവധിപ്പേരാണ് പരിശീലനങ്ങൾക്കായി ഇവിടെ എത്തിയിരുന്നത്. കായിക രംഗത്ത് നിരവധി സംഭാവന ചെയ്ത സ്റ്റേഡിയമാണിത്. നവീകരണം ഉടൻ പൂർത്തിയാക്കണം.
(പരിശീലകർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |