
കോട്ടയം : ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ജില്ലയിൽ നടന്നുവരുന്ന തയ്യാറെടുപ്പുകൾ കളക്ടർ ചേതൻകുമാർ മീണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. എരുമേലിയിലെയും ജില്ലയിലെ ഇടത്താവളങ്ങളിലെയും ക്രമീകരണങ്ങൾ ചർച്ച ചെയ്തു. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ മേധാവികൾ വിശദീകരിച്ചു. തീർത്ഥാടകരുടെ സുരക്ഷ, ഗതാഗത ക്രമീകരണം, പാർക്കിംഗ് തുടങ്ങിയവ കുറ്റമറ്റ രീതിയിൽ നടപ്പാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യു അറിയിച്ചു. കാനന പാത അടച്ചാൽ കോയിക്കൽകാവിൽ തങ്ങേണ്ടിവരുന്ന തീർത്ഥാടകർക്ക് മതിയായ സൗകര്യങ്ങളൊരുക്കും. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നിർദ്ദേശം നൽകി. അപകട സാദ്ധ്യതയുള്ള മേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. തീർത്ഥാടകർ എത്തിച്ചേരുന്ന എല്ലാ സ്ഥലങ്ങളിലും കച്ചവടക്കാർ ഭക്ഷണസാധനങ്ങളുടെ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി. എരുമേലിയിലും മറ്റ് ഇടത്താവളങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കർശന പരിശോധനാ സംവിധാനം. മാലിന്യനിർമാർജ്ജനം നടപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്തും ബന്ധപ്പെട്ട വകുപ്പുകളും സംയുക്ത യോഗം ചേർന്ന് തീരുമാനമെടുക്കും. ഇടത്താവളങ്ങളിൽ ശുദ്ധജലം, സാനിട്ടേഷൻ സൗകര്യങ്ങൾ, വെളിച്ചം എന്നിവ ദേവസ്വം ബോർഡ് ഉറപ്പാക്കും.
താത്കാലിക ഡിസ്‌പെൻസറികൾ
എരുമേലി ദേവസ്വം ബോർഡ് ഗ്രൗണ്ട്, കാളകെട്ടി എന്നിവിടങ്ങളിൽ താത്കാലിക ഡിസ്‌പെൻസറികളും ഇടത്താവളങ്ങളിൽ മെഡിക്കൽ എയ്ഡ് കൗണ്ടറുകൾ
എല്ലാ കേന്ദ്രങ്ങളിലും ആവശ്യത്തിന് ജീവനക്കാരുടെ സേവനം, തീർത്ഥാടന പാതകളിൽ മൊബൈൽ മെഡിക്കൽ ടീം പട്രോളിംഗ്
കുളിക്കടവുകളിൽ ലൈഫ് ഗാർഡുകളെ നിയോഗിക്കും. ഇവർക്ക് അഗ്‌നിശമനസേന പരിശീലനം നൽകും. എരുമേലിയിൽ താത്കാലിക ഫയർ സ്റ്റേഷനും പ്രത്യേക യൂണിറ്റും.
ശുദ്ധജല വിതരണം ഉറപ്പാക്കും, കാനന പാതയിൽ ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |