കോട്ടയം: ഉള്ളത് ആകെ നശിപ്പിച്ചു. മറ്റെവിടയും ഇല്ലതാനും. എല്ലാം അനുഭവിക്കേണ്ടിവരുന്നതാകട്ടെ പാവം കായികതാരങ്ങളും. സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് കാഞ്ഞിരപ്പള്ളിയിൽ തുടക്കമാകുമ്പോൾ കായികതാരങ്ങൾക്ക് ജില്ലയിൽ അവഗണന. സിന്തറ്റിക് ട്രാക്കോടുകൂടിയ മികച്ച സ്റ്റേഡിയം എന്ന വർഷങ്ങളായുള്ള ആവശ്യം ഇപ്പോഴും അകലെ.. ജില്ലയുടെ കായികമുഖമായി മാറിയ പാലാ നഗരസഭാ സ്റ്റേഡിയത്തിലെ ഏക സിന്തറ്റിക് ട്രാക്കും പരിപാലനത്തിലെ പോരായ്മയെ തുടർന്ന് നശിച്ചു. മുൻവർഷങ്ങളിൽ തകർന്ന സിന്തറ്റിക് ട്രാക്കിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. ഇത് പ്രതിഷേധങ്ങൾക്ക് ഇടയാക്കി. നിലവിൽ ആറുകോടിയോളം രൂപ ചെലവഴിച്ച് ട്രാക്ക് നവീകരണം നടക്കുകയാണ്. നവീകരണം എന്ന് തീരുമെന്ന കാര്യത്തിൽ ഉൾപ്പെടെ അവ്യക്തത നിലനിൽക്കുകയാണ്.
അവഗണനയുടെ ഭാരം പേറി...
സംസ്ഥാന മത്സരങ്ങൾക്കും റെക്കാർഡുകൾക്കും സാക്ഷ്യം വഹിച്ച കോട്ടയം നെഹ്‌റു സ്റ്റേഡിയവും അവഗണനയിലാണ്. വർഷങ്ങളായുള്ള നഗരസഭയുടെ അനാസ്ഥയാണ് സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥയ്ക്ക് കാരണം.1972ൽ നിർമ്മിച്ച സ്റ്റേഡിയത്തിന്റെ ഗ്യാലറികളും പവലിയനും അപകടാവസ്ഥയിലാണ്. കോൺക്രീറ്റ് ഭാഗങ്ങൾ ഉൾപ്പെടെ ഇടിഞ്ഞുവീഴുന്ന സാഹചര്യമാണ്.
വാഗ്ദാനങ്ങൾ മാത്രം
നെഹ്റു സ്റ്റേഡിയം ഗ്രീൻഫീൽഡ് സ്റ്റേഡിയമാക്കി മാറ്റുമെന്ന പ്രഖ്യാപനങ്ങളും വാഗ്ദാനം മാത്രമായി. പത്ത് വർഷം മുമ്പ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരുന്ന കാലത്ത് പ്രഖ്യാപിച്ച ചിങ്ങവനത്തെ കായിക സമുച്ചയത്തിലും സിന്തറ്റിക് ട്രാക്കോടുകൂടിയ സ്റ്റേഡിയം വിഭാവനം ചെയ്തിരുന്നു. തറക്കല്ലിടൽ നടന്നതല്ലാതെ തുടർനടപടികളുണ്ടായില്ല.
അതും എങ്ങുമെത്തിയില്ല
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌കൂളിലെ സ്‌പോർട്‌സ് സ്‌കൂൾ നിർമ്മാണവും എങ്ങുമെത്തിയില്ല. കിഫ്ബിയിൽ നിന്നുള്ള 27.70 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഇവിടെ 200 മീറ്റർ സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് വിഭാവനം ചെയ്തത്.
മൺട്രാക്ക് വെല്ലുവിളി
ഇന്ന് കായികമേള ആരംഭിക്കുന്ന കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് മൈതാനത്തെ മൺട്രാക്ക് മികച്ച വേഗവും ദൂരവും ലക്ഷ്യമിടുന്ന താരങ്ങൾക്ക് വെല്ലുവിളിയാണ്. ഉച്ചകഴിഞ്ഞ് മഴ പെയ്താൽ മത്സരങ്ങളെയും പ്രതികൂലമായി ബാധിക്കും.
സംസ്ഥാന, ദേശീയ തലങ്ങളിൽ ജില്ലയിലെ കായികതാരങ്ങൾ നേട്ടങ്ങൾ കൊയ്യണമെങ്കിൽ പ്രഖ്യാപനങ്ങൾക്കപ്പുറം സ്ഥിരമായ പരിശീലന സൗകര്യങ്ങളും പരിപാലിക്കപ്പെടുന്ന സ്റ്റേഡിയങ്ങളും അനിവാര്യമാണ്. (കായികാദ്ധ്യാപകർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |