
കോട്ടയം : ജനമനസ്സുകളിൽ മായാത്ത പുഞ്ചിരിയുമായി ഇന്നും ജീവിക്കുന്ന ജനകീയനായകൻ ഉമ്മൻ ചാണ്ടിയുടെ 83-ാംജന്മദിനമാണിന്ന്. വിയോഗത്തിന്റെ വേദനയിലും, അദ്ദേഹം കാട്ടിയ കരുണയുടെയും സ്‌നേഹത്തിന്റെയും വഴികളിലൂടെ സഞ്ചരിച്ച് പുതുപ്പള്ളി ഈ ദിനം അർത്ഥപൂർണ്ണമാക്കുകയാണ്. കേവലമൊരു അനുസ്മരണ ചടങ്ങിനപ്പുറം, സാധാരണക്കാരുടെ കണ്ണീരൊപ്പിയ ആ വലിയ മനുഷ്യന്റെ സ്മരണാർത്ഥം വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയുടെ തിരുമുറ്റത്ത് ഒരുക്കിയിരിക്കുന്നത്. ‘കരുതലും വികസനവും’ എന്ന സന്ദേശത്തിലൂന്നി അർഹരായവരെ സഹായിച്ചും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചുമാണ് ജന്മദിനാഘോഷം. ആറ് കുടുംബങ്ങൾക്ക് ഫൗണ്ടേഷൻ നിർമ്മിച്ച വീടുകളുടെ താക്കോൽ കൈമാറും. നൂറ് വിദ്യാർത്ഥികൾക്ക് ഒരു വർഷം സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്ന ഉമ്മൻ ചാണ്ടി വിദ്യാകിരൺ പദ്ധതിക്കും തുടക്കമിടും. ആയിരം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യും. അനാഥാലയങ്ങളിൽ ഭക്ഷണവിതരണം നടത്തും. ഉമ്മൻചാണ്ടിയുടെ മരണ ശേഷം രണ്ടുവർഷത്തിനിടെ ഭവനരഹിതർക്കായി 48 വീടുകളാണ് ഫൗണ്ടേഷൻ നിർമ്മിച്ച് നൽകിയത്. 25 വീടുകളുടെ നിർമ്മാണം പാതി വഴിയിലാണ്. 1000 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു. ചടങ്ങിൽ വിവിധ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ 18 പേർക്ക് പുരസ്കാരങ്ങൾ നൽകും. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽനിന്നുള്ള എട്ട് കർഷകരെ കർഷകശ്രേഷ്ഠ പുരസ്കാരം നൽകി ആദരിക്കും. ക്ഷീരകർഷക മറിയാമ്മ തോമസിന് ക്ഷീരശ്രേഷ്ഠ പുരസ്കാരവും യുവകർഷകൻ ശാലു കുര്യാക്കോസിന് യുവഹരിതശ്രേഷ്ഠ പുരസ്കാരവും നൽകും. മൗറീഷ്യസ് മുൻ പ്രസിഡന്റ് പൃഥ്വിരാജ് സിംഗ് രൂപൺ മുഖ്യാതിഥിതിയാകും. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മറ്റ് മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
''ഉമ്മൻ ചാണ്ടിയുടെ ജന്മദിനം കേവലം അനുസ്മരണച്ചടങ്ങിൽ ഒതുക്കാതെ, അദ്ദേഹം ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ച 'കരുതലും കാരുണ്യവും ജനസേവനവും' പുതിയ തലമുറയിലേക്ക് പകരുന്ന ദിനമായി മാറ്റുകയാണ് ലക്ഷ്യം. അർഹരായവർക്ക് സഹായമെത്തിച്ചും വിദ്യാർത്ഥികൾക്ക് അവസരങ്ങൾ ഒരുക്കിയും സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ആദരിച്ചും ഉമ്മൻ ചാണ്ടിയുടെ സേവനപാരമ്പര്യം മുന്നോട്ടുകൊണ്ടുപോകും.
-ചാണ്ടി ഉമ്മൻ എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |