SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

ഇരുട്ടിലായി കെ.എസ്.ഇ.ബി കരാർ തൊഴിലാളികൾ ജീവനക്കാർക്ക് വേതനമില്ല, കരാറുകാർക്ക് കടക്കെണി

കോട്ടയം: എന്തിനും ഏതിനും കരാർ ജീവനക്കാർ വേണം. പക്ഷേ പ്രതിഫലമായി കിട്ടുന്നത് അവഗണനയും. കെ.എസ്.ഇ.ബിയിൽ ഇപ്പോൾ ഇതാണ് അവസ്ഥ. വൈദ്യുതി ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന കരാർ തൊഴിലാളികൾക്ക് അഞ്ച് മാസമായി വേതനമില്ല. മീറ്റർ റീഡിഗ് മുതൽ സർവീസ് കണക്ഷൻ നൽകുന്നതുൾപ്പെടെയുള്ള ജോലികൾ ചെയ്യുന്ന പെറ്റി കോൺട്രാക്ടർമാരും തൊഴിലാളികളുമാണ് പ്രതിസന്ധിയിലായത്. ബില്ലുകൾ മാറാത്തതിനെത്തുടർന്ന് കടംവാങ്ങി തൊഴിലാളികൾക്ക് കൂലി നൽകേണ്ട അവസ്ഥയിലാണ് കരാറുകാർ. ജില്ലയിലെ കെ.എസ്.ഇ.ബി സെക്ഷനുകളിൽ ഫീൽഡ് സ്റ്റാഫുകളുടെ എണ്ണം പരിമിതമാണ്. ഒരു സെക്ഷന് കീഴിൽ 10000 മുതൽ 20000 വരെ ഉപഭോക്താക്കളുണ്ട്. ഇവർക്കുള്ള വിവിധ സേവനങ്ങൾക്കും അറ്റകുറ്റപ്പണികൾക്കും കരാർ തൊഴിലാളികളെയാണ് ആശ്രയിക്കുന്നത്.

ജില്ലയിൽ കരാർ തൊഴിലാളികൾ:5569 പേർ

ജോലി ഉപേക്ഷിച്ച് കരാറുകാർ

ഒരു കരാറുകാരന്റെ കീഴിൽ 10 മുതൽ 25 വരെ തൊഴിലാളികൾ ദിവസേന പണിയെടുക്കുന്നുണ്ട്. ഇവരുടെ വേതനവും മറ്റ് പ്രവർത്തനച്ചെലവുകളും കരാറുകാരാണ് മുൻകൂറായി കണ്ടെത്തേണ്ടത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിരവധി കരാറുകാർ ജോലികൾ ഉപേക്ഷിച്ച് രംഗത്തുനിന്ന് പിന്മാറി. ഇതോടെ വിവിധ കെ.എസ്.ഇ.ബി സെക്ഷനുകളിൽ അറ്റകുറ്റപ്പണികളും മറ്റ് ജോലികളും മുടങ്ങുന്ന സ്ഥിതിയാണ്.

ജോലികൾ

വൈദ്യുതി ലൈനുകളിൽ സ്റ്റേ സ്ഥാപിക്കുക, മീറ്റർ റീഡിംഗ് എടുക്കുക, സർവീസ് കണക്ഷൻ നൽകുക, സർവീസ് വയർ സ്ഥാപിക്കുക തുടങ്ങിയവയാണ് കരാർ ജീവനക്കാരുടെ പ്രധാന ജോലികൾ.

വാക്ക് പാലിച്ചില്ല

മുമ്പ് ജോലി പൂർത്തിയായാൽ രണ്ട് മാസത്തിനുള്ളിൽ കരാറുകാർക്ക് പണം ലഭിച്ചിരുന്നു. ഒക്ടോബർ 15ന് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ മീറ്റർ റീഡിംഗ് ജോലി ചെയ്യുന്ന കരാർ തൊഴിലാളികളുടെ ഒൻപത് മാസത്തെ ടി.ഒ.ഡി റീഡിംഗ് കുടിശിക വേതനം നൽകാമെന്നും പെറ്റി കോൺട്രാക്ട് ബില്ലുകൾ മാറി നൽകാമെന്നും ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇത് നടപ്പായില്ല.


കുടിശിക തുക വിതരണം ചെയ്യുന്നതിനും തൊഴിലാളികൾക്ക് കൃത്യമായി വേതനം ലഭിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണം. (ഇലക്ട്രിസിറ്റി ബോർഡ് കോൺട്രാക്ട് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL