
തിരുവനന്തപുരം: നവംബറിലും തുടർന്നുള്ള മാസങ്ങളിലും വൈദ്യുതി മുടക്കം ഒഴിവാക്കാൻ കെ.എസ്.ഇ.ബി ശ്രമം ഊർജ്ജിതമാക്കി. പീക്ക് സമയം കഴിയുന്നത്ര വൈദ്യുതി ഉറപ്പാക്കുകയാണ് ലക്ഷ്യം.
മറ്റു സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളുമായി
ചർച്ചകൾ നടത്തുന്നുണ്ട്.
ഒക്ടോബർ 31 വരെ ഹിമാചലിൽ നിന്നുള്ള വൈദ്യുതി കിട്ടിയിരുന്നതിനാൽ പീക്ക് സമയത്തെ പ്രതിസന്ധി ഒഴിവായിരുന്നു. അവർ യൂണിറ്റിന് 14.50 രൂപയായി വില ഉയർത്തിയതോടെ, ഹിമാചൽ വൈദ്യുതി തൽക്കാലം വാങ്ങേണ്ടെന്ന നിലപാടിലാണ് സർക്കാർ. ശരാശരി 10 രൂപയ്ക്ക് വൈദ്യുതി കിട്ടാനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കാനാണ് സർക്കാർ കെ.എസ്.ഇ.ബിക്ക് നൽകിയ നിർദ്ദേശം.
ഉത്തരേന്ത്യയിൽ നിലവിൽ പീക്ക് സമയം ഡിമാൻഡ് കുറവായതിനാൽ പവർഎക്സ്ചേഞ്ചിൽനിന്ന് കേരളത്തിന് വൈദ്യുതി ലഭിക്കുന്നുണ്ട്. ഇത് എല്ലായ്പ്പോഴും കിട്ടണമെന്നില്ല. ആ സംസ്ഥാനങ്ങളിൽ ആവശ്യകത കൂടിയാൽ ഇവിടെ പ്രതിസന്ധി രൂപപ്പെടും. കഴിഞ്ഞദിവസം ഗ്രിഡ് ഫ്രീക്വൻസിയിൽ കുറവുണ്ടായതോടെ ട്രിപ്പിംഗ് സംഭവിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങളുണ്ടായില്ലെങ്കിൽ തൽക്കാലം പ്രതിസന്ധിയുണ്ടാകില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന.
നവംബറിൽ പൊതുവെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 23% വരെ മഴ കുറയുമെന്ന് ഞായറാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. എന്നാൽ പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടുന്നത് മഴയ്ക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. ഇത് വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ വഴിതേടുന്ന കേരളത്തിന് ആശ്വാസം പകരുന്നു.
കേന്ദ്രത്തിന്റെ അധിക
വിഹിതം നീട്ടാൻ ശ്രമം
കേരളം ആവശ്യപ്പെട്ട പ്രകാരം, സെപ്തംബറിൽ കേന്ദ്രം അധികമായി അനുവദിച്ച 150 മെഗാവാട്ട് വൈദ്യുതി മാർച്ച് വരെ ഉറപ്പാക്കാൻ കെ.എസ്.ഇ.ബി ശ്രമിക്കുന്നുണ്ട്. ഡിസംബർ 31 വരെയാണ് അനുവദിച്ചിരിക്കുന്നത്. പുതിയ കരാറുകൾ വഴി കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടാത്ത സാഹചര്യത്തിലാണ് ഇതിനായി ശ്രമിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |