SignIn
Kerala Kaumudi Online
Monday, 05 October 2026 2.06 PM IST

ഇളവുകൾ നൽകണമെന്നാവശ്യം,​ വേദിക്കായി കാത്ത് കലാകാരന്മാർ !

drama

കോട്ടയം : തിയേറ്ററുകൾവരെ തുറക്കാൻ തീരുമാനിച്ചതോടെ ഞങ്ങളുടെ നമ്പർ ഇനി എപ്പോൾ വരുമെന്ന കാത്തിരിപ്പിലാണ് കലാകാരന്മാർ. മജീഷ്യൻമാർ മുതൽ ഗായകരും അഭിനേതാക്കളും അടക്കം ഈ മേഖലയിലെ സർവരും വേദിക്കായി കാത്തിരിക്കുകയാണ്. സീസണിലേയ്ക്ക് അടുക്കുമ്പോൾ തങ്ങളെ കുറിച്ച് യാതൊരു പരാമർശവുമില്ലാത്തതാണ് കലാകാരന്മാരെ ആശങ്കയിലാക്കുന്നത്. രണ്ട് വർഷമായി വേദി ഉണർന്നിട്ട്. പ്രളയ നഷ്ടത്തിൽ നിന്ന് കരകയറുന്നതിനിടെ എത്തിയ കൊവിഡിൽ നട്ടല്ലൊടിഞ്ഞതാണ് കലാകാരന്മാരുടേത്. പലരും ആത്മഹത്യയുടെ വക്കിൽ. ട്രൂപ്പുകളൊക്കെ പ്രതിസന്ധിയിൽ. ഉപകരണങ്ങൾ പൊടിപിടിച്ചു. പ്രാക്ടീസില്ല, പുതിയ നാടകങ്ങളില്ല. കലാകാരൻമാരിൽ പലരും കൂലിപ്പണിയിലേയ്ക്കും, വഴിയോര കച്ചവടത്തിലേയ്ക്കും തിരിഞ്ഞു.

 കണ്ണീർമഴയത്ത് ഗാനമേളക്കാർ

'കണ്ണീർ മഴയത്ത് ചിരിയുടെ കുട ചൂടി' ആസ്വാദകരുടെ മനസിനെ പാടി ഉലച്ച പാട്ടിന്റെ വരികൾ ജീവിതത്തിലും സംഭവിച്ചു ഗാനമേള കലാകാരന്മാർക്ക്. ഗാനമേളയില്ലാതെ ഒരാഘോഷവും പൂർത്തിയാകാത്ത നാടായിരുന്നു നമ്മുടേത്. പാട്ടുകൊണ്ട് നമ്മെ സന്തോഷിപ്പിച്ച ആ വലിയ വിഭാഗം ഇന്ന് പട്ടിണിയുടെ വക്കിലാണ്. ഡിസംബർ മുതൽ മേയ് പകുതി വരെയുള്ള സമയമാണ് സ്റ്റേജ് കലാകാരന്മാർക്ക് കൃത്യമായി വരുമാനം ലഭിച്ചിരുന്ന കാലം. ഡിസംബറിൽ ക്രിസ്മസ്, ന്യൂ ഇയർ പ്രോഗ്രാമുകൾ കഴിഞ്ഞാൽ പിന്നെ ക്ഷേത്രങ്ങളിൽ ഉത്സവകാലമെത്തും. എല്ലാം തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ഇവർ കാത്തിരിക്കുകയാണ്.

മായാജാലമില്ല

ജീവിതത്തോട് മായാജാലം കാട്ടാൻ കഴിയാത്തതിനാൽ പരസ്യ സമരത്തിന് ഇറങ്ങിയിട്ടും നീതി കിട്ടാത്ത സങ്കടമാണ് മജീഷ്യൻമാർക്ക്. ഇളവും സാമ്പത്തിക സഹായവും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല.

വേഷംകെട്ടാതെ ജീവിത നാടകം

നാടക പ്രവർത്തകരിലേറെയും കൂലിപ്പണിക്കു മറ്റും പോവുകയാണ്. ഇനി വേദികൾ ഉണർന്നാലും പുതിയ നാടകങ്ങളില്ല. ഡിസംബർ മുതൽ മേയ് വരെ ആറുമാസം നാടകം കളിച്ച് കിട്ടുന്ന പണം കൊണ്ട് ഒരു വർഷം ജീവിക്കുകയും അടുത്ത വർഷത്തേയ്ക്കുള്ള നാടകം ഒരുക്കുകയും ചെയ്യുന്ന നാടക പ്രവർത്തകർ രണ്ട് വർഷത്തോളമായി വെറുതെയിരിക്കുകയാണ്.

രണ്ട് വർഷമായി വെറുതെയിരിക്കുകയാണ്. മുന്നോട്ട് എന്താകുമെന്ന് അറിയാത്തതിനാൽ പുതിയ നാടകങ്ങൾക്കായി പണം മുടക്കാൻ മടിക്കുകയാണ്

ആർട്ടിസ്റ്റ് സുജാതൻ

തിയേറ്ററുകൾ തുറക്കുമ്പോൾ ഞങ്ങളുടെ മേഖലയെ സർക്കാർ അവഗണിക്കുകയാണ്. സംഗീത നാടക അക്കാഡമിയുടെ 2019ലെ പ്രൊഫഷണൽ നാടകങ്ങളുടെ മത്സരം ഈ മാസം നടക്കുന്നുണ്ട്

പ്രദീപ് മാളവിക, വൈസ് പ്രസിഡന്റ് കേരള ഡ്രാമ വർക്കേഴ്സ് അസോ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL