കോഴിക്കോട്: ക്യാമ്പുകളും ബോധവത്കരണവും ഫലം കണ്ടു, ജില്ലയിൽ കുഷ്ഠരോഗ ബാധിതർ കുറഞ്ഞു. 2024- 25ൽ സംസ്ഥാനത്ത് 235 കുഷ്ഠരോഗ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ജില്ലയിൽ 25 എണ്ണം മാത്രം. 2023-24ൽ 55 രോഗികളും 2022-23 ൽ 70 രോഗികളും ഉണ്ടായിരുന്നു.ജില്ലയിലെ കേസുകളിൽ 24 എണ്ണം രോഗാണു സാന്ദ്രത കൂടിയതും ഒന്ന് രോഗാണു സാന്ദ്രത കുറഞ്ഞ വിഭാഗത്തിൽ പെടുന്നതുമാണ്.
ലക്ഷണങ്ങൾ
നിറം മങ്ങിയതോ ചുവന്നതോ ആയ, സ്പർശനശേഷി കുറഞ്ഞ പാടുകൾ, പാടുകളിൽ വേദനയോ ചൊറിച്ചിലോ ഇല്ലാതിരിക്കൽ, കൈകാലുകളിൽ മരവിപ്പ്, കട്ടിയുള്ള തിളങ്ങുന്ന ചർമ്മം, തടിപ്പുകൾ, വേദനയില്ലാത്ത വ്രണങ്ങൾ, വൈകല്യങ്ങൾ എന്നിവയാണ് ലക്ഷണങ്ങൾ. പ്രതിരോധശേഷി കുറഞ്ഞവരിലാണ് രോഗം പ്രത്യക്ഷപ്പെടുന്നത്. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചശേഷം മൂന്ന് മുതൽ 5 വർഷത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് മാത്രമേ രോഗം പകരുകയുള്ളൂ.
പൂർണമായും ഭേദമാക്കാം
ആരംഭത്തിലേ കണ്ടുപിടിച്ചു ചികിത്സിച്ചാൽ പൂർണമായും ഭേദമാക്കാം. മരുന്ന് എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്. രോഗാണു സാന്ദ്രത കുറഞ്ഞ കേസുകൾക്ക് 6 മാസത്തെ ചികിത്സയും രോഗാണു സാന്ദ്രത കൂടിയ കേസുകൾക്ക് 12 മാസത്തെ ചികിത്സയും വേണം.
അശ്വമേധം 6.0' ക്യാമ്പയിൻ 30 മുതൽ
കുഷ്ഠരോഗ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി 30 മുതൽ ഫെബ്രു. 12 വരെ ജില്ലയിൽ അശ്വമേധം 6.0 ക്യാമ്പയിൻ നടക്കും. ക്യാമ്പയിൻ കാലയളവിൽ ജില്ലയിലെ മുഴുവൻ വീടുകളും ആരോഗ്യപ്രവർത്തകർ സന്ദർശിക്കും. കുഷ്ഠരോഗത്തിന് സമാനമായ ലക്ഷണമുള്ളവരെ കണ്ടെത്തി രോഗ നിർണയം നടത്തും. ഭവന സന്ദർശനം സുഗമമാക്കുന്നതിന്റെ ഭാഗമായി 2035 ടീമുകളിലായി 4070 വോളണ്ടിയർമാരെ നിയോഗിച്ചു. ആരോഗ്യ പ്രവർത്തകരുടെ സന്ദർശനവേളയിൽ വീട്ടിൽ ആരുടെയെങ്കിലും ദേഹത്ത് കുഷ്ഠരോഗ സമാന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തണം. ക്യാമ്പയിന്റെ മുന്നോടിയായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേർന്നു. ക്യാമ്പയിൻ പോസ്റ്റർ പ്രകാശനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ രാജേന്ദ്രൻ കളക്ടർക്ക് നൽകി നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |