ബാലുശ്ശേരി: സ്വന്തമായി ഭൂമിയുണ്ടായിട്ടും ബാലുശ്ശേരി പോസ്റ്റോഫീസിന് ഇപ്പോഴും വാടക കെട്ടിടത്തിൽ കഴിയാൻ യോഗം!. ചിറക്കൽക്കാവ് ക്ഷേത്രത്തിന് എതിർവശം സംസ്ഥാന പാതയിൽ മൂന്ന് പതിറ്റാണ്ട് മുമ്പ് വാങ്ങിയ 18 സെന്റ് സ്ഥലം കാടുമൂടി കിടക്കുകയാണ്. വെയിലും മഴയും കൊണ്ട് സംരക്ഷണ മതിൽ ഏത് നിമിഷവും ഇടിഞ്ഞുവീണേക്കാം.
കാട് പടർന്നതിനാൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. നേരത്തെ പ്രവർത്തിച്ച ഓഫീസ് കെട്ടിടം കാലപ്പഴക്കം മൂലം അപകടത്തിലായതോടെ മറ്റൊരു സ്വകാര്യ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഇപ്പോൾ പോസ്റ്റോഫീസ് പ്രവർത്തിക്കുന്നത്.
പ്രധാന റോഡിൽ നിന്ന് ഉള്ളിലായി പടികൾ കയറി വേണം ഓഫീസിലെത്താൻ. ഇതുമൂലം പ്രായമായവരും ഗർഭിണികളും ഉൾപ്പെടെ വലിയ പ്രയാസം അനുഭവിക്കുകയാണ്. വഴികാട്ടിയായി ബോർഡുമില്ല.
പ്രതിമാസം ഏകദേശം 19,000 രൂപയാണ് വാടക നൽകുന്നത്. വിലക്കുവാങ്ങിയ സ്ഥലത്ത് കെട്ടിടം പണിതാൽ ഭാവിയിൽ മറ്റ് സർക്കാർ സേവനങ്ങളും ഉൾക്കൊള്ളുന്ന സർക്കാർ സമുച്ചയമായി വികസിപ്പിക്കാനാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
പോസ്റ്റ് ഓഫീസിന് സ്വന്തം കെട്ടിടം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ മനോജ് കുന്നോത്ത് എം.കെ. രാഘവൻ എം.പിയ്ക്ക് നിവേദനം നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |