കോഴിക്കോട്: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനലിന്റെ കൗണ്ട്ഡൗൺ അവസാന ഘട്ടത്തിലെത്തിയതോടെ നഗരം ആവേശ കൊടുമുടിയിൽ. അര്ജന്റീനയോ സ്പെയിനോ എന്ന സംശയത്തിനാണ് നാളെ ഉത്തരം ലഭിക്കുക.
ഫിഫ ആദ്യമായി ഹാഫ് ടൈം ഷോ ഉൾപ്പെടുത്തി ഫൈനൽ മത്സരം വർണാഭമാക്കാൻ ഒരുങ്ങുമ്പോൾ, ബീച്ച് മുതൽ നഗരത്തിന്റെ വിവിധ ഭാഗങ്ങൾ വരെ ബിഗ് സ്ക്രീനുകളും താത്ക്കാലിക ഗ്യാലറികളും ഒരുക്കി ആരാധകരെ വരവേൽക്കാനുള്ള തിരക്കിലാണ് ക്ലബുകളും യുവജന സംഘടനകളും. കോഴിക്കോട് ബീച്ച്, പുതിയപാലം, റഹ്മാൻ പാർക്ക്, കുറ്റിച്ചിറ, വിവിധ ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിലാണ് ഇത്തവണയും വലിയ സ്ക്രീനുകൾ ഒരുക്കിയിട്ടുള്ളത്. സെമി ഫൈനലിൽ അർജന്റീന–ഇംഗ്ലണ്ട് പോരാട്ടം കാണാൻ തന്നെ ആയിരങ്ങൾ ബീച്ചിലെത്തിയിരുന്നു. വിജയാഘോഷത്തിനിടെ വൻ തിരക്കും ഗതാഗതക്കുരുക്കും രൂപപ്പെട്ടതിനെ തുടർന്ന് പൊലീസ് ഇടപെട്ട് ജനക്കൂട്ടത്തെ നിയന്ത്രിക്കേണ്ടി വന്നിരുന്നു. ഫൈനൽ ദിനത്തിൽ ഇതിലും വലിയ ജനാവലിയാണ് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുമെന്ന പ്രതീക്ഷ.
ഹാഫ് ടൈം ഷോ ഇത്തവണത്തെ ഫൈനലിന്റെ മറ്റൊരു പ്രധാന ആകർഷണമാണ്. ഇത് കളിയുടെ ഒഴുക്കിനെ ബാധിക്കുമെന്ന ആശങ്ക ഒരു വിഭാഗം ആരാധകർക്കുണ്ടെങ്കിലും വലിയ സ്ക്രീനുകൾക്ക് മുന്നിൽ ഒത്തുകൂടുന്നവർക്ക് ആഘോഷങ്ങളും കലാപരിപാടികളും സംഘടിപ്പിക്കാൻ ലഭിക്കുന്ന ഇടവേളയായും പലരും ഇതിനെ കാണുന്നുണ്ട്. അർജന്റീനയ്ക്കായി മെസി വീണ്ടും മാജിക് തീർക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ബ്രസീൽ, പോർച്ചുഗൽ, ജർമനി, ഫ്രാൻസ് ടീമുകളുടെ ആരാധകരും സ്വന്തം ടീമുകൾ പുറത്തായെങ്കിലും ഫൈനലിന്റെ ആവേശം നെഞ്ചേറ്റി മത്സരത്തിനായി കാത്തിരിക്കുകയാണ്.
അർജന്റീന-ബ്രസീൽ ഫാൻസുകാർ
ഏറ്റുമുട്ടി ഒരാൾക്ക് പരിക്ക്
കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ അർജന്റീന-ബ്രസീൽ ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടി. വാട്സ്ആപ്പ് ഗ്രൂപ്പിലുണ്ടായ തർക്കത്തെത്തുടർന്നാണ് സംഘർഷം. ഏറ്റുമുട്ടലിൽ ബ്രസീൽ ആരാധകന് മർദനമേറ്റു. കുറ്റിക്കാട്ടൂർ സ്വദേശിയായ മുഹമ്മദ് ഷാനിസിനാണ് മർദനമേറ്റത്. അക്രമികൾ ഷാനിസിന്റെ വീടിന്റെ ജനൽ ചില്ലുകൾ തകർത്തതായും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റിക്കാട്ടൂർ സ്വദേശികളായ നിഖിൽ, രഞ്ജിത്ത് എന്നിവർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആഘോഷം അതിരുവിട്ടാൽ അകത്താവും
കോഴിക്കോട്: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ ആവേശത്തിരയിൽ അലിഞ്ഞോളൂ പക്ഷെ അതിരുവിടേണ്ട പൊലീസ് പിടിച്ചകത്തിടും. ആഘോഷത്തിന്റെ പേരിൽ നിയമം കൈയിലെടുക്കുന്നവരെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് വ്യക്തമാക്കി. സെമി ഫൈനലിൽ അർജന്റീന നേടിയ വിജയത്തിന് പിന്നാലെ ബീച്ചിൽ തടിച്ചുകൂടിയ ആരാധകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷയും പരിശോധനയും കൂടുതൽ ശക്തമാക്കിയത്. സെമി ഫൈനൽ മത്സരത്തിന് ശേഷം ബീച്ചിന് സമീപത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ടായിരുന്ന ബിഗ് സ്ക്രീൻ പ്രദർശനങ്ങളിൽ നിന്ന് കളികണ്ടിറങ്ങിയവരും ബീച്ചിലേക്ക് എത്തിയതോടെ ബീച്ച് റോഡിൽ വൻ തിരക്കും ഗതാഗതക്കുരുക്കുമായിരുന്നു. വാഹനങ്ങളിൽ പതാകകളും വാദ്യമേളങ്ങളുമായി എത്തിയ ആരാധകർ റോഡ് കൈയടക്കിയതോടെ ഗതാഗതം സ്തംഭിച്ചു. ഉഗ്രശബ്ദമുണ്ടാക്കുന്ന സൈലൻസറുകളുള്ള ബൈക്കുകളും കളർ സ്മോക്കുകളും ഉപയോഗിച്ചും പലരും ആഘോഷത്തിൽ പങ്കെടുത്തു. സ്ഥിതി നിയന്ത്രണാതീതമായതോടെയാണ് പൊലീസ് ലാത്തിവീശി ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
വേണ്ട അഭ്യാസം
അപകടകരമായ ബൈക്ക് റേസിംഗ്, വാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങൾ, മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗ യാത്ര, ഗതാഗത നിയമലംഘനങ്ങൾ, പൊതുസ്ഥലങ്ങളിൽ പടക്കം പൊട്ടിക്കൽ, പ്രകോപനപരമോ വിദ്വേഷം വളർത്തുന്നതോ ആയ മുദ്രാവാക്യങ്ങൾ വിളിക്കൽ, പൊതുസമാധാനം തകർക്കുന്ന മറ്റ് പ്രവർത്തനങ്ങൾ എന്നിവ കർശനമായി നിരോധിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക പൊലീസ് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. അപകടകരമായ ഡ്രൈവിംഗ്, സൈലൻസർ മാറ്റി അമിതശബ്ദം സൃഷ്ടിക്കൽ, ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്ര, ട്രിപ്പിൾ റൈഡിംഗ്, മദ്യപിച്ച് വാഹനമോടിക്കൽ, ഗതാഗതം തടസപ്പെടുത്തൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മോട്ടോർ വാഹന നിയമങ്ങൾ പ്രകാരം കേസെടുത്ത് കർശന നടപടി സ്വീകരിക്കും.
''കായിക വിജയാഘോഷങ്ങൾ സമാധാനപരമായും നിയമം പാലിച്ചും മറ്റുള്ളവരുടെ അവകാശങ്ങളെ മാനിച്ചും നടത്തണം. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ആരും നിയമലംഘനങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് മാതാപിതാക്കളും വാഹന ഉടമകളും ഉറപ്പാക്കണം. നഗരത്തിൽ ക്രമസമാധാനം നിലനിർത്താൻ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ്'' ഷൗക്കത്തലി, സിറ്റിപൊലീസ് കമ്മിഷണർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |