SignIn
Kerala Kaumudi Online
Saturday, 22 August 2026 3.27 AM IST

ഓണത്തിരക്ക്,​ വേണ്ടത്ര ട്രെയിനുകളില്ല , ശ്വാസംമുട്ടി യാത്രക്കാർ

train
ട്രെയിൻ

കോഴിക്കോട്: ഓണത്തിരക്ക് തുടങ്ങിയതോടെ മതിയായ ട്രെയിൻ യാത്രാ സൗകര്യമില്ലാതെ ശ്വാസംമുട്ടി യാത്രക്കാർ. ട്രെയിനുകളിൽ കാൽകുത്താൻ ഇടമില്ലാത്ത സ്ഥിതിയാണ്. കേരളത്തിന് 100 സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്നായിരുന്നു റെയിൽവേയുടെ വാഗ്ദാനം. തെക്കൻ കേരളത്തിത്തിലേക്ക് അറുപതോളം സ്പെഷ്യൽ ട്രെയിനുകൾ ലഭിച്ചെന്നാണ് വിവരം. എന്നാൽ പതിവുപോലെ മലബാറിന് അവഗണനയായിരുന്നു ഫലം. ആറ് സ്പെഷ്യലുകൾ മാത്രമാണ് മലബാറിന് കിട്ടിയത്. ആവശ്യമുള്ളതിന്റെ പകുതി പോലും ലഭിച്ചില്ലെന്നാണ് യാത്രക്കാരും പാസഞ്ചർ അസോസിയേഷൻ ഭാരവാഹികളും പറയുന്നത്. സെപ്തംബർ 10 വരെയാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിട്ടുള്ളത്. മലബാറിന് അനുവദിച്ച ട്രെയിനുകളിൽ ഓരോന്നിനും എട്ട് വീതം സർവീസാണ് ലഭിക്കുക. ആകെ നാൽപ്പതോളം സർവീസുകൾ. ട്രെയിൻ സർവീസ് കുറഞ്ഞതോടെ ബംഗളൂരു, ഹെെദരാബാദ്, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെ മലയാളികൾ നാട്ടിലെത്താൻ ബുദ്ധിമുട്ടുകയാണ്.

കാലുകുത്താൻ ഇടമില്ലാതെ

ട്രാൻസ്.ബസുകൾ

ഓണം അടുത്തതോടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ദീർഘദൂര യാത്രക്കാരുടെ തിക്കും തിരക്കുമാണ്. തെക്കൻ ജില്ലകളിൽ നിന്ന് മലബാറിൽ ജോലി ചെയ്യുന്നവരും വേണ്ടത്ര ബസും ട്രെയിനുമില്ലാതെ വലയുന്നുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ഏതാനും സ്പെഷ്യൽ സർവീസുകൾ കൊണ്ട് പ്രശ്നം പരിഹരിക്കാനാവാത്ത സ്ഥിതിയാണ്. ട്രാവൽ ഏജൻസികൾ ടിക്കറ്റിന് കൂടുതൽ നിരക്കും ഈടാക്കുന്നതും യാത്രക്കാർക്ക് തിരിച്ചടിയാവുകയാണ്.

മലബാറിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ

എം.ജി.ആർ സെൻട്രൽ.... മംഗളരൂ

ചെന്നെെ എഗ്മോർ.... മംഗളൂരു

ഹെെദരാബാദ്.... മംഗളൂരു

ബംഗളൂരു കന്റോൺമെന്റ്....കണ്ണൂർ

മെെസൂർ...കണ്ണൂർ

തിരുവനന്തപുരം നോർത്ത്.... ലോക്മാന്യ തിലക് (കൊങ്കൺ വഴി)

പുനസ്ഥാപിക്കണം കോഴിക്കോട് പാസഞ്ചർ

കോഴിക്കോട്: കൊവിഡ് കാലത്ത് നിറുത്തലാക്കിയ 06455 പാസഞ്ചർ ട്രെയിൻ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മലബാർ ട്രെയിൻ പാസഞ്ചേഴ്‌സ് വെൽഫെയർ അസോസിയേഷൻ പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർക്ക് നിവേദനം നൽകി.

കൊവിഡ് കാലത്ത് നിർത്തലാക്കിയ എല്ലാ വണ്ടികളും പുനസ്ഥാപിച്ചെങ്കിലും 06455 ഷൊർണൂർ - കോഴിക്കോട് , 56664 കോഴിക്കോട് - തൃശൂർ വണ്ടികൾ പുന:സ്ഥാപിച്ചില്ല. വൈകിട്ട് അഞ്ച് മണിക്ക് ശേഷം ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിക്കുന്ന നൂറ് കണക്കിന് ദൈനംദിന യാത്രക്കാർ ഇതോടെ ബുദ്ധിമുട്ടിലായി. ഷൊർണൂർ- കോഴിക്കോട് ലൈനിൽ മൂന്ന് മണിക്കൂർ കോറിഡോർ ബ്ലോക്കുണ്ടെന്നാണ് റെയിൽവെ അധികൃതർ ഇതിന് കാരണം പറയുന്നത്. കോഴിക്കോട് - ഷൊർണുർ ലൈനിൽ രണ്ട് മണിക്കൂറിൽ താഴെ മാത്രമാണ് ബ്ലോക്കുള്ളത്. ട്രാക്ക് പരിപാലത്തിനായി ട്രെയിൻ ഗതാഗതം നിയന്ത്രിക്കുമ്പോഴാണ് കൊറിഡോർ ബ്ളോക്ക് ഉണ്ടാകുന്നത്.
മലബാറിനോടുള്ള റെയിൽവേ അവഗണനയിൽ പ്രതിഷേധിച്ചും നിറുത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും കഴിഞ്ഞ 16ന് അസോസിയേഷൻ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നില്പ് സമരം നടത്തിയിരുന്നു.

റെയിൽവേ മാനേജരുമായി ചർച്ച നടത്തി

മലബാറിലെ യാത്രാ പ്രശ്നം പരിഹരിക്കുന്നത് സംബന്ധിച്ച് യാത്രക്കാരുടെ സംഘടനാ ഭാരവാഹികൾ ഡിവിഷണൽ റെയിൽവേ മാനേജരുമായി ചർച്ച നടത്തി. യാത്രക്കാരുടെ പ്രശ്നങ്ങൾ പൂർണമായും കേൾക്കുമെന്ന് അദ്ദേഹംഉറപ്പ് നൽകി. ഡിവിഷണൽ റെയിൽവേ യൂസേഴ്‌സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയംഗവും മലബാർ ട്രെയിൻ പാസഞ്ചേഴ്‌സ് വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡന്റുമായ അബ്ദുൾ റഹ്‌മാൻ വള്ളിക്കുന്ന്, ജനറൽ സെക്രട്ടറി പി.പി രാമനാഥൻ വേങ്ങേരി, ഓർഗനൈസിംഗ് സെക്രട്ടറി എം.ഫിറോസ് ഫിസ, ട്രഷറർ കെ.കെ റസാഖ് ഹാജി തിരൂർ എന്നിവരാണ് ഡി.ആർ.എമ്മുമായി ചർച്ച നടത്തിയത്.

യാത്രക്കാരുടെ ആവശ്യങ്ങൾ


കോറിഡോർ ബ്ലോക്കിനെ ബാധിക്കാത്ത രീതിയിൽ ഷൊർണൂർ- കോഴിക്കോട് പാസഞ്ചർ പുനസ്ഥാപിക്കണം.

രാവിലത്തെ കോഴിക്കോട്- തൃശൂർ ട്രെയിൻ (56664) പുന:സ്ഥാപിക്കണം.
പാലക്കാട് -കണ്ണൂർ (16611) ട്രെയിൻ ഷൊർണൂരിൽ നിന്ന് വൈകിട്ട് നാലിന് പുറപ്പെടുന്ന വിധത്തിൽ ക്രമീകരിക്കണം.

ഉത്തര മലബാറിലേക്ക് പുതിയ പാസഞ്ചർ വണ്ടികൾ അനുവദിക്കണം.

പകൽ ട്രെയിനുകളിൽ രണ്ട് ലേഡീസ് കോച്ചുകൾ ഉറപ്പ് വരുത്തണം.

യാത്രക്കാരുടെ ആവശ്യങ്ങൾ പരിശോധിച്ച് സാദ്ധ്യമായ നടപടിയെടുക്കും.

മധുകർ റോത്, ഡിവിഷണൽ റെയിൽവേ മാനേജർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL