പയ്യോളി: കേരള ട്രാവൽ മാർട്ടിനെത്തിയ വിവിധ രാജ്യങ്ങളിലെ ടൂർ ഓപ്പറേറ്റർമാരുടെ സംഘം സർഗാലയ സന്ദർശിച്ചു. കൊച്ചിയിൽ സെപ്റ്റംബർ 24 മുതൽ 27 വരെ നടന്ന ഇന്ത്യയിലെ എറ്റവും വലിയ ബയർ സെല്ലർ മീറ്റായ കേരള ട്രാവൽ മാർട്ടിനെത്തിയ വിദേശരാജ്യങ്ങളിലുൾപ്പെയുള്ള ടൂർ ഓപ്പറേറ്റർമാരുടെ സംഘമാണ് സർഗാലയ സന്ദർശിക്കാനെത്തിയത്. ഇസ്രായേൽ, ജർമ്മനി, ഇന്തോനേഷ്യ, അയർലണ്ട്, മലേഷ്യ, റഷ്യ, സ്പെയിൻ, കൂടാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരടക്കം 22 പേരടങ്ങുന്ന സംഘമായിരുന്നു. സർഗാലയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷാരോൺ വീട്ടിൽ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി.കെ രാജേഷ്, മാനേജർ ഓപ്പറേഷൻസ് ആർ അശ്വിൻ, ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ കെ.ആർ നന്ദിത, ക്രാഫ്ട്സ് ആൻ്റ് ഡിസൈൻ മാനേജർ കെ.കെ ശിവദാസൻ, എഫ് ആൻ്റ് ബി മാനേജർ സി സൂരജ്, പെർഫോമിംഗ് ആർട്സ് ആൻ്റ് ഇവെന്റ്സ് മാനേജർ എം.പി ഷാനു, ക്രാഫ്ട്സ് യുണിറ്റ് കോ -ഓർഡിനേറ്റർ എസ് അശോക് കുമാർ എന്നിവർ ചേർന്ന് അവരെ സ്വീകരിച്ചു. സർഗാലയിലെത്തിയ സംഘം കലാകരകൗശല നിർമ്മാണ യൂണിറ്റുകൾ സന്ദർശിച്ചു. താമസ സൗകര്യമുൾപ്പെടെയുള്ള വിനോദസഞ്ചാര സംവിധാനങ്ങൾ വിലയിരുത്തി. തുടർന്ന്, സർഗാലയയിലെ പാചക വിദഗ്ദ്ധർ തയ്യാറാക്കിയ കേരളീയ ഭക്ഷ്യവിഭവങ്ങളും കേരള സദ്യയും ആസ്വദിച്ചു. സംഘാംഗങ്ങൾക്കായി സർഗാലയ കലാകാരന്മാരുടെ കേരള നടനം, കളരിപ്പയറ്റ്, കോൽക്കളി എന്നീ പരിപാടികൾ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |