കൽപ്പറ്റ: വയനാട് മെഡിക്കൽകോളേജിന്റെ സ്ഥലത്തെച്ചൊല്ലി യു.ഡി.എഫിൽ ഭിന്നാഭിപ്രായം. തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രക്ഷോഭം വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ, മെഡിക്കൽ കോളേജിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് നേതാക്കൾ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്. വയനാട് മെഡിക്കൽകോളേജ് മാനന്തവാടിയിൽ തന്നെ തുടരുമെന്നും അനുയോജ്യമായ സ്ഥലം കണ്ടെത്തി ഉടൻ തറക്കല്ലിടുമെന്നും യു.ഡി.എഫ് ജില്ലാ കൺവീനർ എച്ച്.ബി പ്രദീപ് പറഞ്ഞു. എന്നാൽ ജില്ലയുടെ പൊതുവികാരം കണക്കിലെടുത്ത് എല്ലാവർക്കും എത്തിച്ചേരാൻ കഴിയുന്ന സ്ഥലത്ത് മെഡിക്കൽ കോളേജ് സ്ഥാപിക്കുമെന്നായിരുന്നു ചെയർമാൻ ടി. മുഹമ്മദിന്റെ നിലപാട്. ജിനചന്ദ്ര ചാരിറ്റബിൾ ട്രസ്റ്റ് മടക്കിമലയിൽ ദാനമായി നൽകിയ അമ്പത് ഏക്കർ ഭൂമിയിൽ കോളേജ് വരണമെന്ന പരോക്ഷ നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. കഴിഞ്ഞ യു.ഡി.എഫ് ജില്ലായോഗത്തിൽ മെഡിക്കൽകോളേജ് വിഷയത്തിൽ രൂക്ഷമായ വാക്ക് തർക്കമാണ് ഉണ്ടായത്. വിഷയത്തിൽ ഏകാഭിപ്രായത്തിൽ എത്താൻ ഇതുവരെയും നേതാക്കൾക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു വാർത്താസമ്മേളനത്തിലെ കാഴ്ചകൾ. ഉമ്മൻചാണ്ടി തറക്കല്ലിട്ട് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചശേഷമാണ് മടക്കിമല ഭൂമി ഉപേക്ഷിച്ച് മാനന്തവാടിയിൽ ജില്ലാ ആശുപത്രി മെഡിക്കൽകോളേജ് ആയി ഉയർത്തിയത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ല. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് യു.ഡി.എഫ് രംഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പിലെ വിജയത്തിനും കാരണമായിരുന്നു. എന്നാൽ യു.ഡി.എഫ് അധികാരത്തിൽ വന്നശേഷം വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെയാണ് നേതാക്കളുടെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |