കോഴിക്കോട്: മോദിയും അമിത്ഷായും നയിക്കുന്ന ഭരണകൂടത്തെ താഴെയിറക്കാനുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. ശ്രീലങ്കയിലും ബംഗ്ളാദേശിലും നേപ്പാളിലും നടന്നതുപോലെയായിരിക്കില്ലെന്നും മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ സംഘടിപ്പിച്ച ‘ജന്ദർമന്ദിർ’ സമരത്തിൽ മുഖ്യാതിഥിയായി അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയും അംബേദ്കറും ഭഗത് സിംഗുമാണ് തങ്ങളുടെ ആയുധം. രാജ്യത്തെ യുവജനങ്ങളുടെ ശബ്ദം അവസാനിപ്പിക്കാൻ കഴിയില്ല. അവരെ ജയിലിലടച്ചും മർദ്ദിച്ചും പീഡിപ്പിക്കുകയാണ് ഭരണകൂടം. എത്ര പേരെ അറസ്റ്റ് ചെയ്യാൻ കഴിയും. എത്ര ജന്തർമന്ദറുകൾ അടച്ചു പൂട്ടാൻ സാധിക്കും. ഒരു ജന്തർമന്ദർ അടച്ചാൽ കോഴിക്കോട് ബീച്ചിലേതു പോലെ ആയിരക്കണക്കിന് ജന്തർമന്ദറുകൾ ഓരോ നാട്ടിലും ഓരോ വീട്ടിലും ഉയരുമെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂർ സമരം ഇന്ന് വൈകീട്ട് നാല് മണി വരെ തുടരും. വ്യാവസായ ഐ.ടി മന്ത്രിയും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ പി.കെ കുഞ്ഞാലിക്കുട്ടി സമരം ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ഡോ. എം. പി അബ്ദു സമദ് സമദാനി എം.പി, പി.എം.എ സലാം, സി.കെ സുബൈർ, അഡ്വ. ഫൈസൽ ബാബു എം.എൽ.എ, എം.എ റസാഖ് എം.എൽ.എ, എം.എൻ കാരശ്ശേരി, ഉമ്മർ പാണ്ടികശാല തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി പി. കെ ഫിറോസ് എം.എൽ.എ സ്വാഗതം പറഞ്ഞു. പി. ഇസ്മായിൽ, മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |