
മലപ്പുറം: ആറ് മാസം മുതൽ മൂന്ന് വയസ് വരെയുള്ള കുട്ടികൾക്ക് സംരക്ഷണമൊരുക്കുന്ന 32 അങ്കണവാടി കം ക്രഷ് അടുത്ത മാസം ജില്ലയിൽ പ്രവർത്തനമാരംഭിക്കും. ജില്ലയിലെ ആകെയുള്ള 29 ഐ.സി.ഡി.എസുകളും കേന്ദ്രീകരിച്ച് അങ്കണവാടികളിലാണ് ആരംഭിക്കുക. മലപ്പുറം, മഞ്ചേരി ഉൾപ്പെടുന്ന അർബൺ ഐ.സി.ഡി.എസിലും പൊന്നാനി അഡീഷണൽ ഐ.സി.ഡി.എസിലും മൂന്ന് വീതവും ബാക്കിയുള്ള 26 ഇടങ്ങളിൽ ഓരോന്ന് വീതവുമാണ് ആരംഭിക്കാനിരിക്കുന്നത്. തിരൂർ ദേശബന്ധു അങ്കണവാടിയിൽ ഈ മാസം എട്ടിന് അങ്കണവാടി കം ക്രഷ് പ്രവർത്തനമാരംഭിച്ചിരുന്നു.
രക്ഷിതാക്കൾ ജോലിയ്ക്ക് പോയി മടങ്ങിയെത്തും വരെ കുട്ടികൾക്ക് സുരക്ഷിതമായി താമസിക്കാനിടം ഒരുക്കുന്ന പദ്ധതിയിലൂടെ തൊഴിൽമേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. കേന്ദ്രത്തിന്റെ 60 ശതമാനവും സംസ്ഥാനത്തിന്റെ 40 ശതമാനവും വിഹിതം ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ജീവനക്കാരുടെ നിയമനത്തിനായുള്ള ക്രഷ് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അടുത്ത ആഴ്ച അഭിമുഖം നടക്കും. സ്ഥിര നിയമനമായിരിക്കും. ജീവനക്കാരെ നിയോഗിച്ച ശേഷം കുട്ടികളുടെ അഡ്മിഷൻ അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് ആലോചന.
രാവിലെ 7.30 മുതൽ രാത്രി 7.30 വരെയാണ് പ്രവർത്തന സമയം. സർക്കാർ അവധി ദിവസങ്ങളൊഴികെ എന്നും പ്രവർത്തിക്കും. കുട്ടികൾക്കുള്ള പോഷകാഹാരവും നൽകും.
അങ്കണവാടികളിൽ കുട്ടികൾക്കുള്ള സൗകര്യങ്ങൾ ഒരുക്കാൻ 61,000 രൂപ നൽകിയിട്ടുണ്ട്. ഇതിൽ 50,000 രൂപ അടിസ്ഥാന സൗകര്യ വികസനത്തിനും 10,000 രൂപ കളിപ്പാട്ടങ്ങൾ വാങ്ങുന്നതിനും 1,000 രൂപ മരുന്നുകൾ വാങ്ങുന്നതിനുമാണ് അനുവദിച്ചിട്ടുള്ളത്.
പദ്ധതി വിജയകരമായാൽ കൂടുതൽ അങ്കണവാടി കം ക്രഷ് ആരംഭിക്കാനും പദ്ധതിയുണ്ട്. പദ്ധതി വിലയിരുത്താൻ സംസ്ഥാനതല സമിതി നാല് മാസത്തിലൊരിക്കലും ജില്ലാതല സമിതികൾ ഓരോ മാസവും അവലോകന യോഗം ചേരും.
കെ.വി.ആശാമോൾ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |