മലപ്പുറം: നിലമ്പൂരിൽ പി.വി. അൻവർ ഒരുഫാക്ടറേയല്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.പി. അനിൽ. വലിയ കോലാഹങ്ങൾ ഉണ്ടാക്കുകയും എട്ട് വർഷം എം.എൽ.എയുമായിട്ടും ഒരുപാർട്ടി പ്രവർത്തകൻ പോലും കൂടെ പോയില്ല. വ്യക്തികൾക്കല്ല പ്രസ്ഥാനത്തിന് പിന്നിലാണ് സഖാക്കൾ അണിനിരക്കുന്നതെന്നും മലപ്പുറം പ്രസ് ക്ലബ്ബിലെ മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു. വിവിധ വിഷയങ്ങളിൽ നിലപാടുകൾ വ്യക്തമാക്കുകയാണ് വി.പി.അനിൽ.
നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയോ
നിലമ്പൂരിൽ പ്രബലമായ വോട്ട് ഇടതുപക്ഷത്തിനുണ്ട്. എന്നാൽ ഒറ്റയ്ക്ക് ജയിക്കാനുള്ള അംഗബലമില്ല. ഞങ്ങളുടെ ഒരുവലിയ ഘടകം അവിടെയുണ്ട്. അതിനെ അടിസ്ഥാനപരമായി നിലനിറുത്തി എങ്ങനെ വിജയിക്കാമെന്ന പരീക്ഷണമാണ് സ്വീകരിക്കുക. യോജിക്കാൻ കഴിയുന്ന സഹയാത്രികരെ മുന്നിൽ നിറുത്തി തിരഞ്ഞെടുപ്പ് വിജയമുറപ്പാക്കും. നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയോ അല്ലയോ എന്നതൊക്കെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമായിരിക്കും തീരുമാനിക്കുക.
പരീക്ഷണം പരാജയമല്ല
സ്വതന്ത്ര സ്ഥാനാർത്ഥികളിൽ പാർട്ടി വിട്ടത് പി.വി.അൻവർ മാത്രമല്ലല്ലോ. ഏതെങ്കിലും ഒരാൾ അത്തരത്തിലുള്ള സമീപനം സ്വീകരിച്ചത് കൊണ്ട് മാത്രം സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണം തെറ്റാണെന്ന് പറയാൻ പറ്റില്ല. അൻവറിന്റെ കാര്യത്തിൽ വലതുപക്ഷം സ്വീകരിച്ച നിലപാടുകൾ കൂടി കാണാതിരിക്കരുത്. യു.ഡി.എഫിന്റെ കളിപ്പാവയെ പോലെയായിരുന്നു അൻവർ. ഇതു കൊണ്ടൊന്നും ഇടതുപക്ഷം നിലപാടുകൾ മാറ്റിമുന്നോട്ടുപോവില്ല. വി.അബ്ദുറഹ്മാൻ സ്വതന്ത്രനായി മന്ത്രിയായില്ലേ.
അൻവറിന്റെ കാര്യത്തിൽ തീർത്തും അവധാനതയോടു കൂടിയ സമീപനമാണ് പാർട്ടി സ്വീകരിച്ചിട്ടുള്ളത്. അദ്ദേഹം ഉയർത്തിയ ആരോപണങ്ങളെല്ലാം അന്വേഷിച്ചു. അൻവർ സ്വീകരിച്ചിട്ടുള്ള അജൻഡ ആരുടേതായിരുന്നു എന്ന് പാർട്ടിക്ക് ആദ്യമേ വ്യക്തമായിരുന്നു. പിന്നീട് എല്ലാവർക്കും അക്കാര്യം ബോദ്ധ്യമായി.
ചുങ്കത്തറ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തതൊക്കെ ആർക്കും ചെയ്യാൻ പറ്റുന്ന കാര്യമാണ്. അത്തരം സമീപനമല്ല ഞങ്ങൾ സ്വീകരിക്കുക. അതിൽ നിന്ന് വ്യത്യസ്തമായി ജനങ്ങൾക്കിടയിലാണ് ഞങ്ങൾക്ക് പ്രവർത്തിക്കാനും കാര്യങ്ങൾ പറയാനുമുള്ളത്.
ലീഗ് മതാധിഷ്ടിതം
മതനിരപേക്ഷ പാരമ്പര്യം മാതൃകാപരമായി നിലനിൽക്കുന്ന ജില്ലയാണ് മലപ്പുറം. അധികാരം നിലനിറുത്തുന്നതിന് വേണ്ടി ന്യൂനപക്ഷ തീവ്രവാദ നിലപാടുകൾ സ്വീകരിക്കുന്ന സംഘടനകളുമായി ആര് യോജിച്ച് പ്രവർത്തിച്ചാലും അത് ജില്ലയുടെ മതനിരപേക്ഷതയ്ക്ക് എതിരാണ്. ലീഗിന്റേത് മതത്തേയും നമുദായത്തേയും രാഷ്ട്രീയമായി ഉപയോഗിക്കുന്ന സമീപനമാണ്.
ലീഗ് വ്യക്തമാക്കട്ടെ
മുസ്‌ലിം ലീഗ് യു.ഡി.എഫിന്റെ ഏറ്റവും ശക്തിയുള്ള സഖ്യകക്ഷിയാണ്. അവർ ഇപ്പോൾ അവിടെയാണ്. അവിടെ നിൽക്കട്ടെ. മറ്റുള്ള കാര്യങ്ങളിൽ ആദ്യം ലീഗ് നിലപാട് വ്യക്തമാക്കട്ടെ.
ന്യൂനപക്ഷ വോട്ടുകൾ തിരിച്ചെത്തും
ലോക്‌സഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ന്യൂനപക്ഷവോട്ടുകൾ യു.ഡി.എഫിലേക്ക് നീങ്ങിയിട്ടുള്ളത്. കേന്ദ്രത്തിൽ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസിനെ സാധിക്കൂ എന്ന തെറ്റിദ്ധാരണയിൽ ആയിരുന്നു അത്. മതന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾ കൃത്യമായി സംരക്ഷിച്ചിട്ടുള്ളത് 2014ൽ ഇടതുപക്ഷത്തിന് ലോക്‌സഭയിൽ നല്ല കരുത്ത് ഉണ്ടായപ്പോഴാണ്. അന്ന് ബി.ജെ.പിയെ തടയാനായി. ഇന്ന് ഇടതുപക്ഷം സ്വീകരിക്കുന്ന നിലപാടിന് ന്യൂനപക്ഷങ്ങൾക്കിടയിൽ നല്ല സ്വാധീനം കിട്ടുന്നുണ്ട്. ജില്ലയിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളും സ്വാധീനം വർദ്ധിപ്പിക്കുന്നുണ്ട്. ദേശീയപാത നിർമ്മാണം ആദ്യം പൂർത്തീകരിക്കപ്പെട്ടത് ജില്ലയിലാണ്. യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയമെന്ന തീരുമാനം വരാനിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |