SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.50 AM IST

കലിക്കറ്റ് സർവകലാശാല റീവാല്യുവേഷനിൽ ഗുരുതര വീഴ്ച: പൂജ്യം മാർക്ക് ലഭിച്ചവരും പാസായി

തേഞ്ഞിപ്പലം: കലിക്കറ്റ് സർവകലാശാലയിലെ പരീക്ഷാഭവനിൽ നടപ്പിലാക്കി വരുന്ന റീവാല്യുവേഷൻ സംവിധാനത്തിൽ ഗുരുതരമായ അപാകതകളും വിശ്വാസ്യതാ പ്രശ്നങ്ങളും നിലനിൽക്കുന്നുവെന്ന് വൈസ് ചാൻസലർ സിൻഡിക്കേറ്റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. റീവാല്യുവേഷൻ നടപടികൾ വിദ്യാർത്ഥികളുടെ അക്കാദമിക് ഭാവിയെ നേരിട്ട് ബാധിക്കുന്ന സാഹചര്യത്തിൽ, നിലവിലെ സംവിധാനത്തിൽ അടിയന്തര പുനഃസംഘടന ആവശ്യമാണെന്ന് വൈസ് ചാൻസലർ പറഞ്ഞു. സാധാരണയായി, ആദ്യ മൂല്യനിർണയവും റീവാല്യുവേഷനും തമ്മിൽ 30 ശതമാനത്തിൽ കൂടുതൽ മാർക്ക് വ്യത്യാസം ഉണ്ടായാൽ, പേപ്പർ രണ്ടാം റീവാലുവേഷനിലേക്ക് അയയ്ക്കുകയും തുടർന്ന് രണ്ട് റീവാലുവേഷനുകളുടെ ശരാശരി വിദ്യാർത്ഥിക്ക് നൽകുകയും ചെയ്യുന്നതാണ് പ്രക്രിയ. എന്നാൽ, ഈ രീതിയുടെ വിശ്വാസ്യത തന്നെ സംശയാസ്പദമാണെന്ന് വൈസ് ചാൻസറുടെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു .

2025 ആഗസ്റ്റ് അഞ്ചിന് ലഭിച്ച ഒരുഫയലിൽ, ആറാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷയിൽ ആദ്യ മൂല്യനിർണയം നടത്തിയ അദ്ധ്യാപകർക്ക് പിഴ ചുമത്തിയ സംഭവം റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. റീവാല്യുവേഷനിൽ 30 ശതമാനത്തിലധികം മാർക്ക് വർദ്ധിച്ചതിന്റെ പേരിലാണ് നടപടി സ്വീകരിച്ചത്. എന്നാൽ ബന്ധപ്പെട്ട അദ്ധ്യാപകരും ബോർഡ് ചെയർപേഴ്സണും അവരുടെ മൂല്യനിർണയം ശരിയായതാണെന്ന് നിലപാടെടുത്തു. ഇതോടെ റീവാല്യുവേഷൻ നടപടിയുടെ സുതാര്യത ചോദ്യം ചെയ്യപ്പെട്ടു .

തുടർന്ന്, യു.ജി ബോർഡ് ഒഫ് സ്റ്റഡീസ് ചെയർപേഴ്സൺ നടത്തിയ പ്രത്യേക പരിശോധനയിൽ, ചില ഉത്തരക്കടലാസുകളിൽ പൂർണ്ണമായും തെറ്റായ ഉത്തരങ്ങൾ ഉണ്ടായിരുന്നുവെന്നും അവസാന വർഷ വിദ്യാർത്ഥികളിൽ പ്രതീക്ഷിക്കുന്ന അക്കാദമിക് നിലവാരം അവയിൽ കാണാനായില്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ചിലർക്കു പാസ് മാർക്ക് നൽകാൻ പോലും യോഗ്യതയില്ലെന്ന് കണ്ടെത്തിയതായി വി.സിയുടെ റിപ്പോർട്ടിൽ പറയുന്നു.

രണ്ട് ആഴ്ചയ്ക്കുള്ളിൽ വിശദ റിപ്പോർട്ട്

റീവാല്യുവേഷൻ വഴി ലഭിച്ച മാർക്കുകളും ആദ്യ മൂല്യനിർണയത്തിലെ മാർക്കുകളും തമ്മിൽ അസമതുലിതമായ വർദ്ധനവ് ഉണ്ടാവുന്നതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ആദ്യ മൂല്യനിർണയത്തിൽ പൂജ്യം മാർക്ക് ലഭിച്ചവരും റീവാല്യുവേഷനിലൂടെ പാസായ സംഭവങ്ങൾ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. 10 ശതമാനത്തിൽ കൂടുതൽ ഉത്തരക്കടലാസുകളിൽ ഇത്തരത്തിലുള്ള വ്യത്യാസങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ, റീവാല്യുവേഷൻ സംവിധാനം സമഗ്രമായി പരിശോധിച്ച് പുനഃസംഘടിപ്പിക്കാൻ മൂന്ന് അംഗ സമിതിയെ വൈസ് ചാൻസലർ നിയമിച്ചിട്ടുണ്ട്. രണ്ട് ആഴ്ചയ്ക്കുള്ളിൽ വിശദമായ ഫാക്ട് ഫൈൻഡിംഗ് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

റീവാലുവേഷൻ പ്രക്രിയയിൽ ഇത്രയും ഗുരുതരമായ പൊരുത്തക്കേടുകൾ കണ്ടെത്തപ്പെട്ടത് സർവകലാശാലയുടെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതായി സിൻഡിക്കേറ്റ് വിലയിരുത്തി. വിദ്യാർത്ഥികളുടെ ഭാവി നിർണയിക്കുന്ന സംവിധാനത്തിൽ ഇത്തരത്തിലുള്ള വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികളും സുതാര്യതയും ഉറപ്പാക്കണം എന്ന് സിൻഡിക്കേറ്റ് യോഗത്തിൽ ആവശ്യമുയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL