SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

വാക്സിനെടുക്കേണ്ടത് 12.10 ലക്ഷം പേർ; എടുത്തത് 1.23 ലക്ഷം മാത്രം

മലപ്പുറം: ജപ്പാൻ മസ്തിഷ്‌കജ്വരത്തിനെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായുള്ള വാക്സിനേഷൻ പൂർത്തീകരിക്കുന്നതിനായി പ്രത്യേക യോഗം ചേരുമെന്ന് ജില്ലാ കളക്ടർ ഡോ.വിനയ് ഗോയൽ പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ജനുവരി 12 മുതൽ ആരംഭിച്ച വാക്സിനേഷൻ കാമ്പെയിനിൽ ഒന്ന് മുതൽ 15 വയസു വരെയുള്ള 12,10,996 കുട്ടികൾക്കാണ് വാക്സിനേഷൻ നൽകാനുണ്ടായിരുന്നത്. ഇതിൽ 1,23,494 കുട്ടികളാണ് വാക്സിൻ സ്വീകരിച്ചത്. ശേഷിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ സമ്മതപത്രം നൽകാത്തതിനാലാണ് ലക്ഷ്യം പൂർത്തിയാക്കാൻ വൈകുന്നതെന്ന് ടി.വി. ഇബ്രാഹിം എം.എൽ.എ.യുടെ ചോദ്യത്തിന് മറുപടിയായി ഡി.എം.ഒ.പറഞ്ഞു.

സ്ത്രീകളിലെ സെർവിക്കൽ ക്യാൻസറിനെതിരായ എച്ച്.പി.വി വാക്സിൻ (ഹ്യൂമൻ പാപ്പിലോമ വൈറസ്) കാമ്പെയിൻ ആദ്യഘട്ടത്തിൽ 14 വയസ് പൂർത്തിയായതും എന്നാൽ 15 കവിയാത്തവരുമായ പെൺകുട്ടികൾക്ക് നൽകുമെന്ന് ഡി.എം.ഒ അറിയിച്ചു. ഈ വാക്സിൻ പിന്നീട് നിർബന്ധിത വാക്സിൻ ഷെഡ്യൂളിൽ ഉൾപ്പെടുത്തും. എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാണ്. വാക്സിൻ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് യുവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് എടുക്കാവുന്നതാണെന്നും ഡി.എം.ഒ.പറഞ്ഞു. മലപ്പുറം മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയിൽ ഉച്ചയ്ക്ക് ശേഷം ഒ.പി ഇല്ലാത്തതിനാൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനായി പ്രത്യേക യോഗം വിളിക്കുമെന്ന് കളക്ടർ അറിയിച്ചു.

യോഗത്തിൽ ജില്ലാ കളക്ടർ ഡോ.വിനയ് ഗോയൽ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം. കെ.ദേവകി, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.വി.ഷാജു, എം.എൽ.എമാരായ കുറുക്കോളി മൊയ്തീൻ, പി.ഉബൈദുള്ള എന്നിവരുടെയും ഇ.ടി.മുഹമ്മദ് ബഷീർ എം.പിയുടെയും പ്രതിനിധികളും ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.

കുടിശ്ശിക ഉടൻ നൽകും

അങ്കണവാടി കുട്ടികൾക്ക് പോഷകാഹാര വിതരണം ചെയ്ത വകയിൽ നിലമ്പൂർ, പെരിന്തൽമണ്ണ, അരീക്കോട് അഡീഷണൽ പ്രൊജക്ട് ഓഫീസുകൾക്ക് കീഴിലുള്ള കുടുംബശ്രീ ന്യൂട്രിമിക്സ് യൂണിറ്റുകൾക്ക് നൽകാനുള്ള 14,89,298 രൂപയുടെ കുടിശ്ശിക മാർച്ച് അഞ്ചിനകം ലഭ്യമാക്കുമെന്ന് കുടുംബശ്രീ ജില്ലാ കോഓർഡിനേറ്റർ, ജില്ലാ വനിതാശിശു വികസന ഓഫീസർ എന്നിവർ അറിയിച്ചു.

ടോളിൽ ഉൾപ്പെടുത്തിയിട്ടില്ല
കൂരിയാട്, കുറ്റിപ്പുറം ഭാഗങ്ങളിലെ ദേശീയപാത നിർമ്മാണം കഴിയുന്നതിന് മുൻപായി വെട്ടിച്ചിറ ടോൾ പിരിവ് ആരംഭിച്ചതുമായി ബന്ധപ്പെട്ട് പി.അബ്ദുൽ ഹമീദ് എം.എൽ.എ.യുടെ ചോദ്യത്തിന് കൂരിയാട് വയഡക്ട്, കുറ്റിപ്പുറം ആർ.ഒ.ബി. എന്നിവയുടെ ദൈർഘ്യം ഉൾപ്പെടുത്തിയിട്ടില്ലെന്ന് എൻ.എച്ച്.എ.ഐ.പ്രൊജക്ട് ഡയറക്ടർ യോഗത്തിൽ അറിയിച്ചു. ‌

പദ്ധതിച്ചെലവിൽ പുരോഗതി

ജില്ലയിലെ വിവിധ വകുപ്പുകളുടെ വാർഷിക പദ്ധതിച്ചെലവ് 91.29 ശതമാനം പുരോഗതി നേടിയതായി യോഗം വിലയിരുത്തി. 320 സംസ്ഥാന പദ്ധതികളിൽ 89.90 ശതമാനവും ഏഴ് സമ്പൂർണ കേന്ദ്ര പദ്ധതികളിൽ 99.59 ശതമാനവും മറ്റ് കേന്ദ്ര പദ്ധതികളിൽ 84.94 ശതമാനവുമാണ് നിർവഹണ പുരോഗതി പദ്ധതിച്ചെലവിൽ രേഖപ്പെടുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL