SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.23 AM IST

അടച്ച് പൂട്ടിയിട്ട് 13 വർഷം; ഭീഷണിയായി തകർന്ന് വീഴാറായ പഴയ ടെക്സ്റ്റ് ബുക്ക് ഡിപ്പോ

മലപ്പുറം: അടച്ച് പൂട്ടിയിട്ട് 13 വർഷമായിട്ടും കോട്ടപ്പടിയിൽ പ്രവർത്തിക്കുന്ന തകർന്ന് വീഴാറായ പഴയ ടെക്സ്റ്റ് ബുക്ക് ഡിപ്പോ പൊളിച്ച് മാറ്റാതെ സുരക്ഷാ ഭീഷണിയാവുന്നു. ഇതിനടുത്തുള്ള ഗവ.ബോയ്സ് എച്ച്.എസ്.എസ്, മലപ്പുറം ജി.എൽ.പി സ്‌കൂൾ, ഡി.ഡി.ഇ ഓഫീസ്, സ്‌കൗട്ട് ഭവൻ എന്നിവിടങ്ങളിലുള്ളവർ പേടിയോടെയാണ് ഇതിലൂടെ കടന്ന് പോവുന്നത്. പലപ്പോഴും പാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കളെ ഇവിടെ കാണാറുണ്ട്. മാത്രമല്ല, സ്‌കൂളിനകത്ത് നിന്നും പാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കളെ പിടികൂടിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ക്രമക്കേടിനെ തുടർന്ന് 2003ലാണ് ടെക്സ്റ്റ് ബുക്ക് ഡിപ്പോ അടച്ച് പൂട്ടിയത്. സ്‌കൂളുകളിലേക്ക് അനുവദിച്ച കണക്ക് പ്രകാരമുള്ള ടെക്സ്റ്റ് ബുക്കുകൾ ഡിപ്പോയിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടി 2003ൽ ഡിപ്പോയുടെ ചുമതല നിർവഹിച്ചിരുന്ന ഉദ്യോഗസ്ഥനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഇതിനെതിരെ ജീവനക്കാരൻ അപ്പീൽ സമർപ്പിച്ചതോടെ കേസ് തീർപ്പാകാതെ കിടക്കുകയാണ്. തുടർന്ന് 2016ൽ ഡിപ്പോ കെട്ടിടം തകരുകയും ചെയ്തു. ഇതിനകത്തെ പുസ്തകങ്ങളെല്ലാം ചിതലരിച്ചിട്ടുണ്ട്. സ്ഥലം കാടുമൂടിയ സ്ഥിതിയാണ്. നേരത്തെയും സ്‌കൂൾ അധികൃതർ ഉൾപ്പെടെ സുരക്ഷാ ഭീഷണി മുൻനിറുത്തി പരാതി കൊടുത്തെങ്കിലും കേസ് കോടതിയുടെ പരിഗണനയിലായതിനാൽ നടപടി എടുക്കാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

ടെക്സ്റ്റ് ബുക്ക് ഡിപ്പോയുടെ മേൽക്കൂരയും വാതിലും ജനലുമെല്ലാം പാതി തകർന്ന സ്ഥിതിയാണ്. കെട്ടിടത്തിന്റെ പിറകുവശം കാട് പിടിച്ചിട്ടുണ്ട്‌. ടെക്സ്റ്റ് ബുക്ക് ഡപ്പോ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഭിന്നശേഷിക്കാർക്കായുള്ള തെറാപ്പി സെന്റർ നിർമ്മിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വർഷം മുമ്പ്‌ നഗരസഭ മുഖേന സർക്കാരിലേക്ക് സ്‌കൂൾ അധികൃതർ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല.

രക്ഷിതാക്കളും പലപ്പോഴും അപകട ഭീഷണി സംബന്ധിച്ച് പരാതി ഉന്നയിക്കാറുണ്ട്.
ഗവ,ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL