SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.50 AM IST

ജമാഅത്തെ ഇസ്ലാമി- സി.പി.എം ബന്ധം എല്ലാവർക്കും ബോധ്യമുള്ളത് വെൽഫെയറിന്റെ പിന്തുണ സ്വീകരിക്കും: എ.പി. അനിൽകുമാർ

മലപ്പുറം: സി.പി.എമ്മിന് അനുകൂലമെങ്കിൽ ജമാഅത്തെ ഇസ്ലാമി ആദർശ നിലപാടുള്ള സംഘടനയും അല്ലെങ്കിൽ വെറുക്കപ്പെടേണ്ട സംഘടനയുമാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി.അനിൽകുമാർ പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബിലെ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പുവരെ ജമാഅത്തെ ഇസ്ലാമിയും സി.പി.എമ്മും തമ്മിലുള്ള ബന്ധം എല്ലാവർക്കും ബോദ്ധ്യമുള്ളതാണ്. മലപ്പുറത്തെ ചില പഞ്ചായത്തുകളിൽ സി.പി.എമ്മിന് പ്രസിഡന്റ് സ്ഥാനം കിട്ടിയത് ജമാഅത്തിന്റെ പിന്തുണയോടെയാണ്.സി.പി.എമ്മിന്റെ

അവസരവാദ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മതരാഷ്ട്രവാദം ജമാഅത്തെ ഇസ്ലാമി എപ്പോഴാണ് ഉയർത്തിയതെന്ന് തനിക്ക് വ്യക്തമായ ബോധ്യമില്ല. വെൽഫെയർ പാർട്ടി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചാൽ വേണ്ടെന്ന് പറയണോ?​. എൽ.ഡി.എഫ് അങ്ങനെ പറയുമ-. എ.പി.അനിൽകുമാർ ചോദിച്ചു

നൂറ് സീറ്റ് നേടുമെന്ന പ്രചാരണത്തിന്റെ അടിസ്ഥാനമെന്താണ് ?

തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂല അടിയൊഴുക്ക് പുറമേക്ക് പ്രകടനമായിരുന്നില്ല. ഫലം വന്നപ്പോഴാണ് ഞങ്ങൾക്ക് തന്നെ അത് മനസ്സിലായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ അനുകൂല തരംഗം പ്രകടമാണ്. യു.ഡി.എഫ് പ്രചാരണങ്ങളിൽ മുമ്പില്ലാത്തവിധം ജനക്കൂട്ടമുണ്ട്. തദ്ദേശത്തിലെ തിരിച്ചടിയേക്കാൾ മാരകമാവും നിയമസഭയിൽ ഇടതുപക്ഷം നേരിടേണ്ടിവരിക. അത് തിരിച്ചറിഞ്ഞാണ് ബി.ജെ.പിയുമായി സി.പി.എം ഡീലുണ്ടാക്കിയത്. സി.പി.എം ഇനിയും അധികാരത്തിലെത്തിയാലുള്ള അപകടം യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ പോലും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഡീൽ വിവാദത്തിൽപ്പെട്ട് ഭരണവിരുദ്ധ വികാരം ചർച്ചയാവാതെ പോവുന്നുണ്ടോ?

പല മണ്ഡലങ്ങളിലേയും സ്ഥാനാർത്ഥി നിർണ്ണയം ഡീൽ ആരോപണത്തിന് ശക്തിയേകുന്നതാണ്. ഇത് ചൂണ്ടിക്കാട്ടേണ്ട ചുമതല യു.ഡി.എഫിനുണ്ട്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരുന്നത്. മറുവശത്ത് സർക്കാരിനെതിരെയുള്ള വിവിധ വിഷയങ്ങൾ കൃത്യമായി ഉയർ‌ത്തുന്നുണ്ട്.

തദ്ദേശത്തിലുയർ‌ത്തിയ സ്വർണക്കൊള്ള നിയമസഭാപ്രചാരണത്തിൽ ഉയർത്തുന്നില്ലല്ലോ

പ്രധാന നേതാക്കളുടെ പ്രചാരണങ്ങൾ തുടങ്ങാനിരിക്കുന്നേയുള്ളൂ. അതിൽ സ്വർണ്ണക്കൊള്ള ഉയർത്തും. സർക്കാർ സ്‌പോൺസേഴ്ഡ് സ്വർണക്കൊള്ള ബി.ജെ.പി പിന്തുണയോടെ മറച്ചുവയ്ക്കാനാണ് സി.പി.എം ശ്രമം. യുവതിപ്രവേശനത്തിൽ സർക്കാരിനെതിരെയെടുത്ത നിലപാട് സ്വർണക്കൊള്ളയിലേക്ക് എത്തിയപ്പോൾ ബി.ജെ.പിക്കില്ല.

മലപ്പുറത്തെ പ്രതീക്ഷകൾ

മലപ്പുറത്ത് 16 സീറ്റും യു.ഡി.എഫ് നേടും. സി.പി.എമ്മിന് സ്ഥാനാർത്ഥികളെ പോലും ലഭിക്കാൻ പ്രയാസപ്പെട്ടു. താനൂരിൽ നിന്ന് മന്ത്രി പിന്മാറി. സി.പി.എമ്മിന്റെ നിർബന്ധത്തിനാണ് തിരൂരിൽ മത്സരിക്കുന്നത്.

വയനാട് പുനരധിവാസ ഫണ്ടിൽ ആക്ഷേപങ്ങളുണ്ടല്ലോ
പുനരധിവാസത്തിന് ലഭിച്ച തുക എത്രയാണെന്ന് കൃത്യമായി പറഞ്ഞിട്ടും അക്കാര്യം ആവർത്തിച്ച് ചോദിക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല. മുഖ്യമന്ത്രിക്ക് അതൊക്കെ നന്നായിട്ട് അറിയാം. തിരഞ്ഞെടുപ്പ് സമയത്ത് ആശയക്കുഴപ്പമുണ്ടാക്കുകയാണ് ലക്ഷ്യം. സ്ഥലം വാങ്ങിയിട്ടുണ്ട്. ഏറ്റവും നല്ല വീടുകളായിരിക്കും നിർമ്മിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL