കാളികാവ്: കാലവർഷം തുടങ്ങി ആഴ്ചകൾ പിന്നിട്ടപ്പോൾ മലയോരത്തിന്റെ വിവിധ ഭാഗങ്ങളിൽ പനിയും മഞ്ഞപ്പിത്തവും പടരുന്നു. ആരോഗ്യവകുപ്പും പഞ്ചായത്തും പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി.പനിയോടൊപ്പം ചിലയിടങ്ങളിൽ വയറിളക്കവും കണ്ടുവരുന്നുണ്ട്.
കാളികാവ് സി.എച്ച്.സിയിൽ ദിവസവും അറുനൂറോളം രോഗികളാണ് ചികിത്സ തേടി ഒ.പിയിലെത്തുന്നത്. അതിലേറെ പേർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്
ജൂലായിൽ ഡങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ല. ജൂണിൽ ഡങ്കിപ്പനി റിപ്പോർട്ട് ചെയ്ത ആമപ്പൊയിൽ ചിറ്റയിൽ ഭാഗങ്ങളിൽ ഇപ്പോൾ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇപ്പോൾ വ്യാപകമായി പടരുന്നത് വൈറൽ പനിയാണ്.
തുവ്വൂർ, കരുവാരക്കുണ്ട്, ചോക്കാട്, കാളികാവ് പഞ്ചായത്തുകളിലാണ് കൂടുതൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജൂലായ് മാസം 150ഓളം പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായാണ് കണക്ക്.തുവ്വൂരിലെ നരിയക്കം പൊയിലിൽ സൽക്കാരത്തിൽ പങ്കെടുത്ത 14 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ഇതിൽ ഒരാൾ കഴിഞ്ഞ ദിവസം മരിച്ചു.
ജൂലായ് മാസത്തിലാണ് മഞ്ഞപ്പിത്തവും വൈറൽ പനിയും വ്യാപകമായത്.
ഇപ്പോഴത്തെ പനി പ്രായമായവരിലും കുട്ടികളിലും ഒരു പോലെ കാണുന്നുണ്ട്.പാർശ്വഫലങ്ങളായി അഞ്ചു ദിവസത്തോളം ശരീര വേദനയും തളർച്ചയും അനുഭവപ്പെടുന്നുണ്ട്.
കർശന നടപടി
ഡെങ്കിപ്പനി ,മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗങ്ങളുടെ വ്യാപനം തടയാൻ കർശന നടപടിയുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങളായി കാളികാവ് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും നേരത്തെ മഞ്ഞപ്പിത്ത മുന്നറിയിപ്പ് നൽകിയിരുന്നു.
കുടിവെള്ള ശുചിത്വം,ഭക്ഷണ ശുചിത്വം,പരിസര ശുചിത്വംഎന്നിവ ഉറപ്പു വരുത്തുന്ന വ്യാപക പരിശോധനയും നടന്നു വരികയാണ്.
പരിസ്ഥിതി മലിനീകരണം,അലക്ഷ്യമായ മാലിന്യ നിക്ഷേപം എന്നിവ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പധികൃതർ അറിയിച്ചു.
കല്യാണങ്ങൾ, സൽക്കാരങ്ങൾ തുടങ്ങിയ കാര്യങ്ങൾ പൊതുജനങ്ങൾ മുൻകൂറായി ആരോഗ്യവകുപ്പിനെ അറിയിക്കണം. മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമാണ്.
അൻവർ, ബ്ലോക്ക് ഹെൽത്ത് സൂപ്പർ വൈസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |