SignIn
Kerala Kaumudi Online
Friday, 28 August 2026 3.23 PM IST

തകരാറിലായ ഐഫോൺ മാറ്റിനൽകിയില്ല;1.09 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവ്

തിരൂർ: ഐഫോൺ വാങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ തകരാറിലാകുകയും, പലതവണ സർവീസ് ചെയ്തിട്ടും പ്രശ്നത്തിന് പരിഹാരം കാണാതിരിക്കുകയും ചെയ്ത സംഭവത്തിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ഫോൺ മാറ്റി നൽകണമെന്ന ഉടമയുടെ ആവശ്യം കമ്പനി നിരാകരിച്ചതോടെയാണ് തിരൂർ സ്വദേശിയായ ഫൈസൽ നിയമപോരാട്ടത്തിന് ഇറങ്ങിയത്. ഒടുവിൽ 1.09 ലക്ഷം രൂപ ഉപഭോക്താവിന് നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിടുകയായിരുന്നു.

മകന്റെ പഠനാവശ്യങ്ങൾക്കായി 2023 സെപ്റ്റംബർ 13നാണ് തിരൂർ പുറത്തൂർ ചേന്നര സ്വദേശി ഫൈസൽ ഐഫോൺ 14 പ്ലസ് വാങ്ങിയത്ആഴ്ചകൾക്കുള്ളിൽ തന്നെ തകരാറുകൾ കണ്ടുതുടങ്ങി. ഉപയോഗിക്കാൻ കഴിയാത്ത രീതിയിൽ അമിതമായി ചൂടാകുന്നതും, മുൻ ക്യാമറയുടെ ക്ലാരിറ്റി മോശമായതുമായിരുന്നു പ്രധാന പ്രശ്നങ്ങൾ.

തകരാറുകൾ പരിഹരിക്കാൻ വേണ്ടി അഞ്ചാറു തവണയോളം അംഗീകൃത സർവീസ് സെന്ററിൽ കയറിയിറങ്ങിയെങ്കിലും പ്രയോജനമുണ്ടായില്ല. വാറണ്ടി കാലാവധിയിലായിരുന്നിട്ടും ഫോൺ മാറ്റിനൽകാൻ കഴിയില്ലെന്നും, വീണ്ടും റിപ്പയർ ചെയ്ത് നൽകാമെന്നുമുള്ള നിഷേധാത്മക നിലപാടാണ് കമ്പനി അധികൃതർ സ്വീകരിച്ചത്.

പരാതിക്കാരൻ്റെ വാദങ്ങൾ ശരിവച്ച ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ, ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു. ഫോണും ചാർജറും അനുബന്ധ സാധനങ്ങളും വാങ്ങാൻ ചെലവായ 92,250 രൂപയും ഉപഭോക്താവിനുണ്ടായ ബുദ്ധിമുട്ടുകൾക്കും മനോവിഷമത്തിനും നഷ്ടപരിഹാരമായി 10,000 രൂപയും കേസ് ചെലവുകൾക്കായി 7,000 രൂപയും നൽകാനാണ് ഉത്തരവ്. ഇതടക്കം 1,09,250 രൂപയാണ് കമ്പനി നൽകേണ്ടത്.

45 ദിവസത്തിനകം തുക നൽകണം. ഈ കാലയളവിനുള്ളിൽ പണം നൽകിയില്ലെങ്കിൽ ഒമ്പത് ശതമാനം വാർഷിക പലിശ സഹിതം തുക നൽകേണ്ടി വരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL