തിരൂർ: മംഗലം കേന്ദ്രമായി പൊലീസ് സ്റ്റേഷൻ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തം. നിലവിൽ മംഗലം പഞ്ചായത്ത് തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. തിരൂർ പൊലീസ് സ്റ്റേഷന്റെ പ്രവർത്തന വ്യാപ്തി ജില്ലയിലെ ഏതൊരു പൊലീസ് സ്റ്റേഷനേക്കാളും അധികവുമാണ്. അംഗബലവും അപര്യാപ്തം.
തിരൂർ മുനിസിപ്പാലിറ്റിക്ക് പുറമെ തലക്കാട്, തൃപ്രങ്ങോട്, മംഗലം, പുറത്തൂർ, വെട്ടം, ചെറിയമുണ്ടം എന്നീ പഞ്ചായത്തുകളും തിരുനാവായ പഞ്ചായത്തിന്റെ പകുതിയോളം പ്രദേശങ്ങളുമാണ് പരിധിയിൽ വരുന്നത്. മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്‌റ്റർ ചെയ്യുന്നതും തിരക്കേറിയതുമായ സ്റ്റേഷനാണ് തിരൂർ സ്റ്റേഷൻ. മൂന്ന് പൊലീസ് സ്റ്റേഷനുകളുടെ ജോലി ഭാരമാണ് ഇവിടെയുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കടലോര മേഖലയായ കൂട്ടായി അഴിമുഖത്ത് എത്തണമെങ്കിൽ പൊലീസിന് ഒരു മണിക്കൂറിലധികം യാത്ര ചെയ്യണം. തിരൂരിൽ നിന്നും പൊലീസ് എത്തിച്ചേരാൻ വൈകുമെന്ന അനുകൂല അന്തരീക്ഷം ലഹരി മരുന്ന് വിൽപ്പനയടക്കമുള്ള കുറ്റകൃത്യങ്ങൾ മേഖലയിൽ വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. മംഗലത്ത് പൊലീസ് സ്റ്റേഷൻ സ്‌ഥാപിക്കുകയാണെങ്കിൽ പുറത്തൂർ, വെട്ടം, തൃപ്രങ്ങോട്, തിരുന്നാവായ പഞ്ചായത്തുകളിലും മംഗലം പഞ്ചായത്തിലും കുറ്റകൃത്യങ്ങൾ തടയാനും ക്രമസമാധാന പരിപാലനം സുഗമമാക്കാനും സാധിക്കും. ഇടയ്ക്കിടെയുണ്ടാകുന്ന രാഷ്ട്രീയസംഘട്ടനങ്ങളിലും കൂടുതൽ വേഗത്തിൽ ഇടപെടാനാവും.
അനിവാര്യം മംഗലത്ത്
തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയുടെ നിലവിലുള്ള വ്യാപ്‌തി വലുതായതിനാൽ നിയമപാലനത്തിന് താമസം നേരിടാൻ തുടങ്ങിയിട്ട് ഏറെ കാലമായി.
നിലവിൽ എടപ്പാളിൽ പൊലീസ് സ്റ്റേഷൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
കുറ്റിപ്പുറം, ചങ്ങരംകുളം പൊലീസ് സ്റ്റേഷനുകൾ നിലവിലുള്ളതിനാൽ എടപ്പാളിന് പൊലീസ് സ്റ്റേഷൻ ആവശ്യമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കുറ്റിപ്പുറവും മറ്റൊരു പഞ്ചായത്തിൻ്റെ പകുതി ഭാഗവും മാത്രമേ പ്രവർത്തന പരിധിയിലുള്ളൂ. ജോലിഭാരം അധികമില്ലാത്ത സ്റ്റേഷനുകളാണിത്.
വസ്തുതകൾ കണക്കിലെടുത്ത് പുതിയ പൊലീസ് സ്റ്റേഷൻ മംഗലത്തിന് അനുവദിക്കണമെന്നാണ് ആവശ്യം.
തീരദേശം കേന്ദ്രീകരിച്ച് പുതിയ പൊലീസ് സ്റ്റേഷൻ അനുവദിക്കുന്നതിനായി ശ്രമിക്കുന്നുണ്ട്
വി.എസ്. ജോയി , തവനൂർ എം.എൽ.എ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |