നിലമ്പൂർ: വലിയ പ്രതീക്ഷകളോടെയും ആഘോഷങ്ങളോടെയും ഉദ്ഘാടനം ചെയ്യപ്പെട്ട നിലമ്പൂർ ജില്ലാ ആശുപത്രിയിലെ (താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി) അത്യാധുനിക 'അമ്മയും കുഞ്ഞും' (മദർ ആൻഡ് ചൈൽഡ് ബ്ലോക്ക്) കെട്ടിട സമുച്ചയം പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകാത്തതിൽ നാട്ടുകാർക്കിടയിൽ പരാതി ഉയരുന്നു. കോടികൾ ചെലവഴിച്ച് നിർമ്മിച്ച കെട്ടിട സമുച്ചയത്തിൽ നിലവിൽ ഒ.പി. സേവനങ്ങൾ മാത്രമാണ് ലഭ്യമാകുന്നതെന്നാണ് പരാതി. അത്യാധുനിക സൗകര്യങ്ങളുള്ള ലേബർ റൂം സമുച്ചയം, മോഡുലാർ ഓപ്പറേഷൻ തിയേറ്റർ,നവജാത ശിശുക്കൾക്കുള്ള തീവ്രപരിചരണ വിഭാഗം (എസ്.എൻ.സി.യു/ ഐ.സി.യു), ഡയഗനോസ്റ്റിക് സ്‌കാനിംഗ് സൗകര്യങ്ങൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇൻപേഷ്യന്റ് (ഐ.പി ) വാർഡുകൾ തുടങ്ങിയവയാണ് പദ്ധതിയിലൂടെ വാഗ്ദാനം ചെയ്തിരുന്നത്. മലയോര,ആദിവാസി മേഖലയിലുള്ള സാധാരണക്കാർക്ക് ഗൈനക്കോളജി,പീഡിയാട്രിക് സേവനങ്ങൾക്കായി മഞ്ചേരി,കോഴിക്കോട് മെഡിക്കൽ കോളേജുകളെ ആശ്രയിക്കേണ്ടിവരുന്ന ദുരവസ്ഥയ്ക്ക് ഇതോടെ പരിഹാരമാകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പുതിയ കെട്ടിട സമുച്ചയം പൂർണമായി പ്രവർത്തനമാരംഭിക്കാത്തതിനാൽ അടിയന്തര പ്രസവ ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കുമായി ആശുപത്രിയിലെത്തുന്ന രോഗികളെ ഇപ്പോഴും ദൂരെയുള്ള മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യേണ്ട സാഹചര്യമാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇത്തരം റഫറലുകൾ സാധാരണക്കാരായ രോഗികൾക്ക് സാമ്പത്തികമായും സമയപരമായും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
തടസ്സമാകുന്നു
ആവശ്യത്തിന് ഡോക്ടർമാർ,നഴ്സിംഗ് ജീവനക്കാർ,സാങ്കേതിക വിദഗ്ധർ എന്നിവരുടെ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്താത്തതും ആവശ്യമായ ഉപകരണങ്ങൾ പൂർണമായി സജ്ജീകരിക്കാത്തതുമാണ് പദ്ധതി പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതിന് തടസ്സമാകുന്നതെന്നാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്.
സാധാരണക്കാർക്ക് ഉപകാരപ്രദമായ രീതിയിൽ മുഴുവൻ സേവനങ്ങളും അടിയന്തരമായി ലഭ്യമാക്കാൻ അധികൃതരും ജനപ്രതിനിധികളും ഇടപെടണം.
നാട്ടുകാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |