SignIn
Kerala Kaumudi Online
Saturday, 10 October 2026 1.28 AM IST

ടൂറിസം സ്‌പോട്ടുകൾ വളരണം; ഹോംസ്‌റ്റേ മേഖലയും വളരും

നിലമ്പൂർ: ടൂറിസം സ്‌പോട്ടുകൾ വള‌ർന്നാലേ ഹോംസ്‌റ്റേ മേഖലയിലും മുന്നേറ്റമുണ്ടാവൂ എന്ന് വിദഗ്ദ്ധർ. കേരളകൗമുദിയും ഡ്രീം മർച്ചന്റ് ഫിലിം പ്രൊഡക്ഷൻ കമ്പനിയും സംയുക്തമായി നിലമ്പൂർ വടപുറം ടീക് ടൗൺ റിസോർട്ടിൽ സംഘടിപ്പിച്ച ഡെസ്റ്റിനേഷൻ സമ്മിറ്റിലാണ് നിലമ്പൂർ വികസനത്തിൽ ഹോംസ്‌റ്റേ, വില്ല സംരംഭങ്ങളുടെ പങ്ക് സംബന്ധിച്ച പാനൽ ചർച്ച നടന്നത്.

നിലമ്പൂർ ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് പി.സി.അബ്ദുൽ സമദ് വിഷയാവതരണം നടത്തി. കുടുംബശ്രീ ജില്ലാ റിസോഴ്സ് പേഴ്ണനും ഹോം സ്‌റ്റേ സംരംഭകയുമായ ജി.ആർദ്ര മോഡറേറ്ററായി.

നാടിനെ അറിയാനാകണം

ഒരു നാടിനെ അടുത്തറിയാനും തദ്ദേശ സംസ്‌ക്കാരം അറിയാനും ആഗ്രഹിക്കുന്നിടത്താണ് ഹോംസ്‌റ്റേയുടെ പ്രസക്തിയെന്ന് നിലമ്പൂർ ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് പി.സി.അബ്ദുൽ സമദ് പറഞ്ഞു. ഇത് വലിയ സാമ്പത്തിക സാദ്ധ്യതയാണ് തുറന്നിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതിയോട് ഇഴുകാനാവണം

ഗ്രാമീണാന്തരീക്ഷത്തിൽ പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ഇടങ്ങളിൽ താമസിക്കാനുള്ള അവസരമാണ് ഹോംസ്‌റ്റേ ഒരുക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ റിസോഴ്സ് പേഴ്ണനും ഹോം സ്‌റ്റേ സംരംഭകയുമായ ജി.ആർദ്ര പറഞ്ഞു. നിലമ്പൂരിലെ തനതായ രുചികൾ ആസ്വദിക്കാനും ഇത് വഴിയൊരുക്കും. പ്രാദേശികമായ ജീവിതരീതിയും ആതിഥ്യ മര്യാദയും നേരിട്ടറിയാനും ഇതുവഴി സാധിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

മുഖച്ഛായ മാറ്റാൻ ഹോംസ്‌റ്റേ

ഒരു പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റാൻ ഹോംസ്‌റ്റേകൾക്ക് സാധിക്കുമെന്ന് കേരള റെസ്‌പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി മലപ്പുറം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ സിബിൻ പി. പോൾ പറഞ്ഞു. വീടിന്റെ അന്തരീക്ഷത്തിലുള്ള താമസവും നാടൻ ഭക്ഷണവും ആഗ്രഹിക്കാത്ത സഞ്ചാരികൾ വിരളമാണ്. അതിനാൽ നിലമ്പൂരിൽ ഹോംസ്‌റ്റേകൾക്ക് മികച്ച സാദ്ധ്യതയാണുള്ളത്. ഇത് സംരംഭകർക്ക് വരുമാനമാർഗം ഒരുക്കുന്നതിനൊപ്പം, ഹോംസ്‌റ്റേകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളിൽ ഏർപ്പെടുന്ന പ്രദേശവാസികൾക്കും അധിക വരുമാനം ലഭ്യമാക്കും. ഹോംസ്‌റ്റേകൾക്ക് ആവശ്യമായ ശുചീകരണം, പരിപാലനം, ഗതാഗതം തുടങ്ങിയ സേവനങ്ങളിലൂടെ പ്രദേശവാസികൾക്ക് ടൂറിസം മേഖലയുടെ ഭാഗമാകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഹോംസ്‌റ്റേകളെ കൂടുതൽ പ്രൊഫഷണലാക്കി മാറ്റുന്നതിനും അതുവഴി മികച്ച സേവനം സഞ്ചാരികൾക്ക് ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ചെറിയ ടൂറിസം സ്പോട്ടുകൾ അനിവാര്യം'

നിലമ്പൂരിൽ നിരവധി ഹോംസ്‌റ്റേകൾ ആരംഭിക്കണമെന്ന് പറയുമ്പോൾ ആദ്യം ചിന്തിക്കേണ്ടത് ഇതിനനുസൃതമായ ടൂറിസം സ്‌പോട്ടുകളും കാഴ്ചകളും ലഭ്യമാണോ എന്നാണെന്ന് അമൽ കോളേജ് അഡ്വാൻസ്ഡ് സ്റ്റഡീസ് ടൂറിസം വിഭാഗം മേധാവി അനുജിത്ത് അഭിപ്രായമുന്നയിച്ചു. എല്ലാ ഹോംസ്‌റ്റേകൾക്കും വരുമാനം ലഭിക്കേണ്ടത് അനിവാര്യമാണ്. പ്രധാന സ്ഥലങ്ങളിലേക്ക് പോകുംവഴി ഉല്ലാസത്തിനായി ആശ്രയിക്കാവുന്ന ചെറിയ സ്‌പോട്ടുകളും വളർത്തിയെടുക്കണം. സാധാരണക്കാരന് തങ്ങളുടെ വീട്ടിലെ ഒരു മുറി ഹോംസ്‌റ്റേ എന്ന നിലയിൽ നൽകാൻ സാധിക്കണം. അതോടൊപ്പം മനസ്സും വയറും നിറയ്ക്കുന്ന ഭക്ഷണവും നൽകാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആതിഥേയത്വം പ്രധാനം

മലബാറിലെ ആതിഥേയത്വം പ്രധാനമാണെന്നും മറ്റിടങ്ങളിലൊന്നുമില്ലാത്ത വിധം ആളുകളെ സൽക്കരിക്കാൻ മടിക്കാത്ത ഇവിടെ ഹോംസ്‌റ്റേയ്ക്ക് പെട്ടന്ന് സഞ്ചാരികളുടെ മനസ്സിൽ ഇടം നേടാൻ സാധിക്കുമെന്നും ഇവ ഹോംസ്‌റ്റേ സംരംഭക ജെസി തോമസ് പറഞ്ഞു. ഹോംസ്‌റ്റേ തുടങ്ങാൻ ആദ്യം വേണ്ടത് മനസ്സിന്റെ ഒരുക്കമാണ്. പിന്നീട് നമ്മുടെ വീട് ഒരുങ്ങിയാൽ മതി. ഹോംസ്‌റ്റേയിലെത്തുന്നവരെ അപരിചിതരെപ്പോലെ കാണരുതെന്നും വീട്ടിലെ അംഗത്തെപ്പോലെ കാണണമെന്നും ജെസി തോമസ് പറഞ്ഞു.

ടൂറിസം വളരുമ്പോൾ ഹോംസ്‌റ്റേയും വളരും

ടൂറിസം വളരുന്നതിനനുസരിച്ച് ഹോംസ്‌റ്റേയും വളരുമെന്നത് മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് ഹോംസ്‌റ്റേ സംരംഭക രേണു അനിയൻ പറഞ്ഞു. താമസം തേടിയെത്തുന്നവരെ ഏറ്റവും മികച്ച ആതിഥ്യ മര്യാദയോടെയാണ് സമീപിക്കേണ്ടത്. മികച്ച ടൂറിസം സാദ്ധ്യതയുള്ള നിലമ്പൂരിൽ കൂടുതൽ ചർച്ചകൾ നടത്തി മുന്നോട്ടുള്ള ലക്ഷ്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യേണ്ടത് അനിവാര്യമാണെന്നും രേണു അനിയൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL