മലപ്പുറം: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ ഡ്രൈവിംഗ് സ്‌കൂളുകൾക്കും പരിശീലകർക്കും നിർണായക പങ്കുണ്ടെന്ന് ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ വർക്കേഴ്സ് ഫെഡറേഷൻ (എച്ച്.എം.എസ്) ജില്ലാ സെക്രട്ടറി സുനിൽകുമാർ പറഞ്ഞു. കേരളകൗമുദി മലപ്പുറം എം.എസ്.പി ഹാളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച റോഡ് സുരക്ഷാബോധവത്ക്കരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച ഡ്രൈവിംഗ് പരിശീലനത്തിലൂടെ റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കുന്നതും സഹയാത്രികരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നതുമായ ഡ്രൈവർമാരെ വാർത്തെടുക്കാനാവും. ഇക്കാര്യത്തിൽ ഡ്രൈവിംഗ് സ്‌കൂൾ ഏറെ ശ്രദ്ധ പുലർത്തുന്നുണ്ടെന്നും സുനിൽകുമാർ പറഞ്ഞു.
റോഡ് അപകടങ്ങൾ കുറയ്ക്കാൻ നിയമങ്ങൾ കർശനമായി പാലിക്കുന്നതിനൊപ്പം പൊതുജനങ്ങളിൽ സുരക്ഷാബോധവും വളരണം. വാഹനമോടിക്കുന്നവർ മാത്രമല്ല, കാൽനടയാത്രക്കാരും റോഡ് ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവയുടെ ഉപയോഗത്തിൽ വിട്ടുവീഴ്ച പാടില്ല. മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗം, അശ്രദ്ധമായ ഓവർടേക്കിംഗ് എന്നിവ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കുട്ടികളിൽ ചെറുപ്പം മുതൽ റോഡ് നിയമങ്ങളെക്കുറിച്ചുള്ള അറിവും ഉത്തരവാദിത്വബോധവും വളർത്താൻ സ്‌കൂൾതലത്തിലുള്ള ബോധവത്കരണ പരിപാടികൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും സുനിൽകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |