SignIn
Kerala Kaumudi Online
Thursday, 02 July 2026 5.17 AM IST

വടക്കഞ്ചേരി-വാളയാർ ദേശീയപാതയിൽ ടാർ മാത്രമൊഴിച്ച് അറ്റകുറ്റപ്പണി

highway
NH

വക്കേഞ്ചേരി: ദേശീയപാത നാലുവരിപ്പാതയിൽ കാറുകൾക്ക് 100 കിലോമീറ്റർ വേഗത്തിലും വലിയ ചരക്കുവാഹങ്ങൾക്ക് 80 കിലോമീറ്റർ വേഗത്തിലും പോകാം. എന്നാൽ ഇത്രയും വേഗത്തിൽ പോകുമ്പോൾ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്താലും തെന്നാതിരിക്കാനുള്ള നിലവാരം റോഡിനുണ്ടാകണം. പക്ഷേ ദേശീയപാതയിൽ വാളയാർ മുതൽ വടക്കഞ്ചേരി വരെ മിക്കയിടങ്ങളിലും വാഹനം ചെറുതായൊന്ന് ബ്രേക്കുചെയ്താൽപ്പോലും തെന്നിനീങ്ങും. മിക്കയിടങ്ങളിലും മെറ്റൽ ഇല്ലാതെ ടാർ മാത്രമൊഴിച്ച് അറ്റകുറ്റപ്പണി നടത്തിയതുമൂലം റോഡ് മിനുസമായതാണ് കാരണം. ഒരാഴ്ചമുൻപാണ് അഞ്ചുമൂർത്തിമംഗലം കിഴക്കേത്തറയിൽ ലോറി ബ്രേക്ക് ചെയ്തപ്പോൾ തെന്നിമാറി റോഡരികിൽ നിറുത്തിയിട്ട കാറിലിടിച്ച് ഒരാൾ മരിച്ചത്. റോഡിൽ വിള്ളൽ വീഴുമ്പോൾ ടാർ ഒഴിക്കുന്നതോടെ റോഡ് കുറേക്കാലംകൂടി പൊളിയാതെ നിൽക്കുമെന്നാണ് പരിപാലനച്ചുമതലയുള്ള കരാർ കമ്പനി അധികൃതർ പറയുന്നത്. വാഹനങ്ങളുടെ ചക്രങ്ങൾ തുടർച്ചയായി പതിയുന്ന ഇടങ്ങളിലാണ് വിള്ളലുകൾ വീഴാറുള്ളത്. ഇവിടെയാണ് ടാറൊഴിക്കുന്നത്. ഇതോടെ നാലുചക്രവും പതിയുന്നത് ടാറൊഴിച്ച ഭാഗത്തായിരിക്കും. ബ്രേക്ക് ചെയ്യുമ്പോൾ എല്ലാ ചക്രവും തെന്നുന്നതോടെ വാഹനത്തിന്റെ നിയന്ത്രണം പൂർണമായും നഷ്ടമാകും. റോഡിന്റെ മേൽപ്പാളി പൊളിച്ചെടുത്ത് ടാറും മെറ്റലും ഉപയോഗിച്ചാണ് ദേശീയപാതയിൽ നവീകരണം നടത്താറുള്ളത്. എളുപ്പത്തിനായി ടാറൊഴിച്ച് ജോലിനടത്തുമ്പോൾ യാത്രക്കാരുടെ സുരക്ഷയില്ലാതാകുന്ന സ്ഥിതിയാണെന്ന് ദേശീയപാതവഴി യാത്ര ചെയ്യുന്ന അഞ്ചുമൂർത്തിമംഗലം സ്വദേശി മധു പറഞ്ഞു. തെന്നലുണ്ടാകാതിരിക്കാനുള്ള മുൻകരുതലോടെയാണ് ടാറൊഴിക്കാറുള്ളതെന്നും വിശദമായി പരിശോധിച്ചശേഷം നടപടി സ്വീകരിക്കുമെന്നും കരാർകമ്പനി അധികൃതർ പറഞ്ഞു. ദേശീയപാതയിൽ ടാറൊഴിച്ച് വിള്ളലടച്ച ഭാഗങ്ങൾ പരിശോധിക്കും. അപകടഭീഷണിയുണ്ടെന്ന് കണ്ടെത്തിയാൽ സുരക്ഷാക്രമീകരണങ്ങളൊരുക്കാൻ ദേശീയപാതാ അതോറിറ്റിയോട് ആവശ്യപ്പെടുമെന്നും അധികൃത‌ർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, NHAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL