മണ്ണാർക്കാട്: ജനവാസമേഖലകളിലെ വളർത്തുമൃഗങ്ങളെ പിടികൂടി മാസങ്ങളായി പ്രദേശത്തെ ഭീതിയിലാഴ്ത്തിയ പുലി കുടുങ്ങി. തെങ്കര പഞ്ചായത്തിലെ മെഴുകുംപാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. ചൊവ്വാഴ്ച പുലർച്ചെ നാലിനാണ് സംഭവം. ജനവാസമേഖലയ്ക്കും വനാതിർത്തിക്കും ഇടയിലുള്ള റബർതോട്ടത്തിലാണ് കൂട് സ്ഥാപിച്ചിരുന്നത്. അതിരാവിലെ റബർടാപ്പിംഗിനായി പോയ പ്രദേശവാസികളാണ് പുലി കെണിയിലകപ്പെട്ടത് കണ്ടത്. തുടർന്ന് വനപാലകരെ വിവരമറിയിക്കുകയായിരുന്നു. മണ്ണാർക്കാട് ഡി.എഫ്.ഒ സി.അബ്ദുൾ ലത്തീഫ്, റേഞ്ച് ഓഫീസർ ഇമ്രോസ് ഏലിയാസ് നവാസ്, ആനമൂളി ഫോറസ്റ്റ് സ്‌റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മുഹമ്മദ് അഷ്റഫ് എന്നിവരുടെ നേതൃത്വത്തിൽ സ്റ്റേഷൻ ജീവനക്കാരും ആർ.ആർ.ടിയും സ്ഥലത്തെത്തി. ബ്ലോക്ക് പഞ്ചായത്തംഗം ഗിരീഷ് ഗുപ്ത, തെങ്കര പഞ്ചായത്തംഗങ്ങളായ എ.ഷൗക്കത്തലി, ബിനീഷ്, സുധീഷ് എന്നിവരും സ്ഥലത്തെയിരുന്നു. പുലിയെ പിന്നീട് മണ്ണാർക്കാട്ടെ വനംഡിവിഷൻ ഓഫീസ് വളപ്പിലേക്ക് മാറ്റി. പുലിയെ ഉൾക്കാട്ടിലേക്ക് തുറന്നുവിടുന്നതിനുള്ള നടപടിക്രമങ്ങളിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. പ്രാഥമിക പരിശോധനയിൽ പുലി ആരോഗ്യവാനാണെന്നും പരിക്കുകളോ മറ്റോ ഇല്ലെന്നും സി.അബ്ദുൾ ലത്തീഫ് പറഞ്ഞു. വൈകുന്നേരത്തോടെ ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാമും സ്ഥലത്തെത്തി പുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വിലയിരുത്തി. രാത്രിയോടെ പുലിയെ ഉൾവനത്തിലേക്ക് തുറന്നുവിടുമെന്നും അധികൃതർ അറിയിച്ചു. മെഴുകുംപാറ മേഖലയിൽ മാസങ്ങളായി പുലി ഭീതി നിലനിൽക്കുകയാണ്. ജൂലായ് ആറിനാണ് പ്രദേശവാസിയായ വിനോദിന്റെ വളർത്തുനായയെ പുലി പിടികൂടിയത്. തുടർന്ന് പുലിയുടെ സാനിദ്ധ്യം ഉറപ്പിച്ച വനംവകുപ്പ് കെണി സ്ഥാപിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |