വടക്കഞ്ചേരി: സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയ മംഗലംഡാം കരിങ്കയത്തെ മിനി ഡാം (പൊട്ടഡാം) പ്രദേശം തിരിച്ചുപിടിക്കുന്നതിന് നടപടികൾ ആരംഭിക്കുമെന്ന് മൈനർ ഇറിഗേഷൻ വകുപ്പ് അധികൃതർ അറിയിച്ചു. ഏകദേശം 28 ഏക്കർ വിസ്തൃതിയുള്ള മിനി ഡാം പ്രദേശം നിലവിൽ സ്വകാര്യ വ്യക്തികളുടെ കൈവശമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഭൂമിയുടെ അതിർത്തികൾ നിർണയിക്കുന്നതിനായി സർവേ നടത്തണമെന്നാവശ്യപ്പെട്ട് ആലത്തൂർ താലൂക്ക് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ടെങ്കിലും സർവേ നടപടികൾ വൈകുകയാണെന്ന് മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഡി.എസ്.സുജിത് അറിയിച്ചു. മുൻ സർക്കാർ കാലത്ത് ലൈഫ് മിഷൻ പദ്ധതിക്കായി ഈ ഭൂമി പരിഗണിച്ചിരുന്നെങ്കിലും പിന്നീട് പദ്ധതി മുന്നോട്ടുപോയില്ല. നിലവിൽ പ്രദേശത്ത് വീടുകളും കൃഷിയിടങ്ങളുമാണ് ഉള്ളത്. ഒരുകാലത്ത് ഡാം നിലനിന്നിരുന്നുവെന്നതിന് തെളിവായി ഏതാനും കൽഭിത്തികളുടെ അവശിഷ്ടങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അവശിഷ്ടങ്ങൾ പൂർണമായി നീക്കം ചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാൽ അവ തെളിവായി ഇപ്പോഴും പ്രദേശത്ത് നിലനിൽക്കുന്നുണ്ട്. ഡാം സ്ഥലത്ത് സ്വകാര്യ വ്യക്തികളുടെ ദീർഘകാല വിളകൃഷികളും തുടരുന്നുണ്ട്. മംഗലംഡാം റിസർവോയറിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ കരിങ്കയം-മലയൻകുളമ്പ്-പൂച്ചാടി ഭാഗത്താണ് ഈ പ്രദേശം. ഉൾപ്രദേശമായതിനാൽ ഈ ഭൂമിയെക്കുറിച്ച് അധികമാർക്കും അറിയില്ല. റിസർവോയറിൽ നിന്ന് വെള്ളമെത്താത്ത കൃഷിയിടങ്ങളിലേക്ക് ജലസേചനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 60 വർഷം മുമ്പ് വി.ആർ.ടി കരിങ്കയം തോടിന് കുറുകെ മിനി ഡാം നിർമിച്ചത്. എന്നാൽ നിർമ്മാണത്തിലെ അപാകതകളെത്തുടർന്ന് ഡാം തകർന്നു. ജലസേചന സംവിധാനം നിലച്ചതോടെ ഡാമിന്റെ ആയക്കെട്ട് പ്രദേശങ്ങളിലെ കൃഷിയും പ്രതിസന്ധിയിലായി. തകർന്ന ഭാഗം പുനർനിർമ്മിക്കാനുള്ള നടപടികളും ഉണ്ടായില്ല. പ്രദേശത്ത് മറ്റിടങ്ങളിൽ വീടും സ്ഥലവുമുള്ളവരും കൈയേറ്റക്കാരായി ഉണ്ടെന്നാണ് വിവരം. കൈയേറിയ ഭൂമി വിൽപ്പന നടത്താൻ ശ്രമിക്കുന്നവരും രേഖകൾ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് കൈവശക്കാരിൽ നിന്ന് പണം തട്ടുന്ന സംഘങ്ങളും പ്രവർത്തിക്കുന്നതായി ആരോപണമുണ്ട്. ഇതിനിടെ, 2012ൽ ഇവിടെ ആർട്സ് കോളേജ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ഉണ്ടായിരുന്നു. ഫണ്ട് ലഭ്യമാണെന്നും സ്ഥലം കണ്ടെത്തിയാൽ നിർമ്മാണം ആരംഭിക്കുമെന്നും അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി അന്നത്തെ എം.പിയും കിഴക്കഞ്ചേരി പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |