പാലക്കാട്: നെൽകർഷകർ നേരിടുന്ന പ്രയാസങ്ങളും നെല്ല് സംഭരണത്തിലെ അപാകതകളും ചൂണ്ടികാണിച്ച് ദേശീയ കർഷക സമാജം ജില്ലാഭാരവാഹികൾ ഭക്ഷ്യമന്ത്രിയുടെ അഭാവത്തിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗം വർക്കിംഗ് ചെയർമാൻ എം.സി.സെബാസ്റ്റ്യന് നിവേദനം നൽകി. രണ്ടാംവിള നെല്ലുനൽകി നാല് മാസം പിന്നിട്ടിട്ടും ഭൂരിഭാഗം കർഷകർക്കും പണം ലഭിച്ചിട്ടില്ല. പ്രതികൂല സാഹചര്യത്തിലും കർഷകർ സർക്കാരിൽ പ്രതീക്ഷയർപ്പിച്ചാണ് ഒന്നാംവിള ഇറക്കിയിരിക്കുന്നത്. നെല്ല് സംഭരണം കാര്യക്ഷമമായും സുതാര്യമായും നടന്നാൽ മാത്രമേ നെൽകർഷകർക്ക് അതിന്റെ പ്രയോജനം ലഭിക്കൂ. കൊയ്ത്ത് ആരംഭിക്കുന്നതിനുമുമ്പ് സംഭരണം സംബന്ധിച്ച പ്രഖ്യാപനം നടത്തണം. തുടർന്ന് അരിമില്ലുകാരുമായി കരാർവ്യവസ്ഥകൾ ചർച്ചചെയ്ത് ധാരണയിലെത്തണം. ഉല്പാദന ചെലവ് വർദ്ധിച്ച സാഹചര്യത്തിൽ നെല്ലിന്റെ സംഭരണവില കിലോയ്ക്ക് 40രൂപയാക്കണം, പി.ആർ.എസ് വഴിയുള്ള വായ്പാസമ്പ്രദായം പൂർണമായും ഒഴിവാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ദേശീയ കർഷകസമാജം ജില്ലാ പ്രസിഡന്റ് മുതലാംതോട് മണി, ജനറൽസെക്രട്ടറി വി.രവീന്ദ്രൻ, സി.കെ.രാമദാസ്, എസ്.സുരേഷ്, എ.ബി.അരവിന്ദാക്ഷൻ, കെ.എ.രാമകൃഷ്ണൻ, വി.വി.അനിൽകുമാർ എന്നിവർ ചേർന്നാണ് പരാതി സമർപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |