വടക്കഞ്ചേരി: പഴയ ടാർപോളിനും പ്ലാസ്റ്റിക് ചാക്കുകളും വലിച്ചു കെട്ടിയ, വീടെന്ന് പറയാൻ പോലും കഴിയാത്ത മറയ്ക്കുള്ളിൽ കഴിയുന്നത് പിഞ്ചുകുട്ടികൾ ഉൾപ്പെടെ 16 പേർ. കക്കൂസും കുളിമുറിയുമൊക്കെയായുള്ളത് വീടിനു മുന്നിലെ താൽക്കാലിക മറ മാത്രം. കിഴക്കഞ്ചേരി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ കണച്ചിപരുത കൊടുമ്പാലയിലെ (കൊട്ടടി) ആദിവാസി കുടുംബത്തിന്റെ ദുരിത ജീവിതമാണിത്. ചാമി-ചിന്ന ദമ്പതികളും ഇവരുടെ മക്കളായ സുരേഷ്, സുധീഷ്, അമ്പിളി, അഭിജിത്ത്, വിഷ്ണു എന്നീ അഞ്ച് മക്കളും അവരുടെ ഭാര്യമാരും കുട്ടികളും കുടുംബമായി കഴിയുന്നത് നിന്ന് തിരിയാൻ ഇടമില്ലാത്ത ഈ മറകൾക്കുള്ളിലാണ്. മഴ പെയ്യുമ്പോൾ കീറിപ്പറിഞ്ഞ ടാർപോളിന്റെ വിടവുകളിലൂടെ മഴവെള്ളം വീടിനുള്ളിൽ ഒഴുകിയെത്തും. മഴയ്‌ക്കൊപ്പം കാറ്റു കൂടിയുണ്ടായാൽ ഉടുതുണികളും നനഞ്ഞ് കുതിരും. രാത്രി സമയങ്ങളിലാണ് ഏറെ ദുരിതമെന്ന് സ്ത്രീകൾ പറയുന്നു. മഴ നനഞ്ഞ് കുട്ടികൾക്ക് ഉറങ്ങാനാവില്ല. പാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കളേയും പേടിക്കണം. വീട് നിൽക്കുന്ന നാല് സെന്റ് സ്ഥലമാണ് ഇവർക്കുള്ളത്. വീടിനായി പലതവണ പട്ടികജാതി വർഗ വികസന വകുപ്പിലും പഞ്ചായത്തിലും അപേക്ഷ നൽകിയിരുന്നെങ്കിലും പരിഗണിക്കാം, നോക്കാം എന്നൊക്കെ പറഞ്ഞ് അവഗണിക്കുകയാണെന്ന് മകൾ അമ്പിളി പറഞ്ഞു.
ടാർ റോഡിൽ നിന്നും ഏറെ ദൂരം പൊന്തക്കാട് കയറിയ ആൾ പാർപ്പില്ലാത്ത നടപ്പാതയിലൂടെ വേണം താമസ സ്ഥലത്തെത്താൻ. ഇരുചക്രവാഹനം എത്താൻ പോലും വഴിയില്ല. കുട്ടികൾക്ക് സ്‌കൂളിൽ പോകാനും ഈ കാടുമൂടിയ ഒറ്റയടി പാത തന്നെ ആശ്രയം. മഴക്കാലത്ത് കാൽനടയും ദുഷ്‌ക്കരമാകുമെന്ന് കുട്ടികൾ പറയുന്നു. വേനലിൽ വളരെ ദൂരം താണ്ടി വേണം ഇത്രയും പേർക്ക് കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും കുളിക്കാനും തുണി കഴുകാനുമൊക്കെയുള്ള വെള്ളം കൊണ്ടുവരാൻ. എല്ലാം തകർന്ന് അപകടം സംഭവിക്കും മുമ്പേ സുരക്ഷിതമായ വീട് നിർമിച്ചു നൽകുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. മറ്റു മാനദണ്ഡങ്ങളൊന്നും നോക്കാതെ മനുഷ്യത്വസമീപനത്തോടെ കുടുംബത്തിന് വീട് നിർമിച്ച് നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് മെംബർ റെൻസി ജോയ്സ് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |