ടാപ്പിംഗിന് തൊഴിലാളിക്ഷാമം
വടക്കഞ്ചേരി: റബറിന് വിപണിയിൽ മികച്ച വില തുടരുമ്പോഴും ടാപ്പിംഗ് തൊഴിലാളികളെ കിട്ടാനില്ല. ഇതേ തുടർന്ന് ഒട്ടേറെ തോട്ടങ്ങളിൽ ടാപ്പിംഗ് മുടങ്ങി ഉൽ പ്പാദനം കുറയുകയാണ്. കഴിഞ്ഞയാഴ്ച കോട്ടയം വിപണിയിൽ ആർ.എസ്.എസ്4 റബറിന് കിലോഗ്രാമിന് 273 രൂപയും കൊച്ചി വിപണിയിൽ 267 രൂപയുമായിരുന്നു വില. വില ഉയർന്നതോടെ ടാപ്പിംഗ് നടത്താൻ റബർ കർഷകർക്ക് താൽപര്യമുണ്ടെങ്കിലും ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതാണ് പ്രധാന തടസം. ചെറുകിട തോട്ടങ്ങളിൽ ഉടമകൾക്ക് സ്വയം ടാപ്പിംഗ് നടത്താൻ പരിശീലനവും സമയവും പരിമിതമാണ്. റബർ ബോർഡിന്റെ 2024-25ലെ കണക്കനുസരിച്ച് രാജ്യത്ത് ടാപ്പിംഗിന് അനുയോജ്യമായ വിസ്തൃതിയുടെ 77 ശതമാനം മാത്രമാണ് ഉൽപ്പാദനത്തിലുണ്ടായിരുന്നത്. 5.83 ലക്ഷം ഹെക്ടറിൽ ടാപ്പിംഗ് നടന്നപ്പോൾ ഉൽപ്പാദനം 8.75 ലക്ഷം ടണ്ണായി. മുൻവർഷത്തേക്കാൾ ടാപ്പ് ചെയ്ത വിസ്തൃതിയും ഉൽപ്പാദനവും വർദ്ധിച്ചെങ്കിലും ഗണ്യമായ പ്രദേശം ഇപ്പോഴും ടാപ്പിംഗിന് പുറത്താണ്. ടാപ്പിംഗ് തൊഴിലാളികളുടെ ലഭ്യത കുറയുന്നത് ഈ വിടവ് നികത്തുന്നതിന് പ്രധാന തടസങ്ങളിലൊന്നായി മാറുകയാണ്. തൊഴിലാളികളുടെ കൂലി ഉയർന്നതും സ്ഥിരമായി തൊഴിലാളികളെ ലഭിക്കാത്തതും ചെറുകിട തോട്ടം ഉടമകളെയാണ് കൂടുതൽ ബാധിക്കുന്നത്. തൊഴിലാളിക്ഷാമം പരിഹരിക്കാൻ സ്വയം ടാപ്പിംഗ്, നൈപുണ്യ പരിശീലനം, കുറഞ്ഞ ഇടവേളയിലുള്ള ടാപ്പിംഗ് രീതികൾ, യന്ത്രസഹായത്തോടെയുള്ള ടാപ്പിംഗ് തുടങ്ങിയ മാർഗങ്ങളിലേക്കാണ് റബർ മേഖല നീങ്ങുന്നത്. ഉയർന്ന വില നിലനിൽക്കുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്താൻ കൂടുതൽ ടാപ്പിംഗ് തൊഴിലാളികളെ പരിശീലിപ്പിക്കുകയും ചെറുകിട കർഷകർക്ക് യന്ത്രസഹായവും സാങ്കേതിക പരിശീലനവും ലഭ്യമാക്കുകയും വേണമെന്നാണ് കർഷകരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |