പാലക്കാട്: കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കാർഷിക വികസന സമിതികൾ പുനഃസംഘടിപ്പിക്കുന്നു. മൂന്ന് വർഷത്തെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് സമിതികൾ പുനഃസംഘടിപ്പിക്കുന്നത്. ഭരണ മാറ്റത്തിന് അനുസരിച്ച് സമിതി അംഗങ്ങളിലും മാറ്റമുണ്ടാകും. കൃഷിഭവൻതലം, തദ്ദേശസ്ഥാപനതലം, ജില്ലാതലം എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് കാർഷിക വികസന സമിതികൾ പ്രവർത്തിക്കുന്നത്. കൃഷിഭവൻ തലത്തിലും പഞ്ചായത്ത്, നഗരസഭ തലങ്ങളിലും വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് സമിതികൾ രൂപീകരിക്കുന്നത്. മുൻവർഷങ്ങളിൽ കാർഷിക വികസന സമിതികളിലേക്ക് രാഷ്ട്രീയപാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാരും പ്രതിപക്ഷ പാർട്ടികളും തമ്മിൽ തർക്കം നിലനിന്നിരുന്നു. നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തിയാൽ മതിയെന്ന വ്യവസ്ഥയിലാണ് പിന്നീട് തർക്കം പരിഹരിച്ചത്.
കൃഷിഭവൻതലത്തിൽ 23 അംഗങ്ങൾ
പഞ്ചായത്ത് പ്രസിഡന്റാണ് കൃഷിഭവൻതല കാർഷിക വികസന സമിതിയുടെ ചെയർമാൻ. ആകെ 23 പ്രതിനിധികൾ ഉൾപ്പെടുന്നതാണ് ഈ സമിതി. കർഷകരുടെയും വിവിധ കാർഷിക മേഖലകളുടെയും പ്രതിനിധികൾക്ക് ഇതിൽ പ്രാതിനിധ്യമുണ്ടാകും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലങ്ങളിലും 24 പ്രതിനിധികൾ ഉൾപ്പെടുന്ന കാർഷിക വികസന സമിതികളുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലെ കാർഷിക വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ഈ സമിതികൾക്ക് പ്രധാന പങ്കുണ്ട്.
ജില്ലാതല സമിതിയിൽ 28 പേർ
എം.പി.മാർ, എം.എൽ.എമാർ, ജില്ലാ കളക്ടർ തുടങ്ങിയവരടക്കം 28 മേഖലകളിലെ പ്രതിനിധികൾ ഉൾപ്പെടുന്നതാണ് ജില്ലാതല കാർഷിക വികസന സമിതി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് സമിതിയുടെ ചെയർമാൻ. രാഷ്ട്രീയ പാർട്ടികളും കർഷകത്തൊഴിലാളി സംഘടനകളും തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുത്ത് സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്. ഈ പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും പുതിയ സമിതികളുടെ രൂപീകരണം. പുനഃസംഘടന പൂർത്തിയാകുന്നതോടെ കൃഷിഭവൻ മുതൽ ജില്ലാതലം വരെയുള്ള കാർഷിക വികസന പ്രവർത്തനങ്ങളിൽ പുതിയ സമിതികൾ സജീവമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |