ചെലവഴിച്ച തുക ലഭിക്കാൻ ഓഫീസുകൾ കയറിയിറങ്ങി പ്രധാനാദ്ധ്യാപകർ
പാലക്കാട്: സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് പ്രതിസന്ധിയിൽ. പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ വലിയ സാമ്പത്തിക ബാദ്ധ്യത ഏറ്റെടുക്കേണ്ട അവസ്ഥയിലാണ് നടത്തിപ്പ് ചുമതലയുള്ള പ്രധാനാദ്ധ്യാപകർ. അടിക്കടിയുള്ള പാചകവാതക വിലവർദ്ധനയും പലചരക്ക്, പച്ചക്കറി വിലവർദ്ധനയും അധിക പോഷകാഹാര പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന പാൽ, മുട്ട എന്നിവയുടെ വില വർദ്ധനയും കാരണം സർക്കാർ നൽകുന്ന തുക ഉപയോഗിച്ച് ഭക്ഷണം നൽകാൻ കഴിയാത്ത അവസ്ഥയാണ്. ഒന്നു മുതൽ നാല് വരെ ക്ലാസുകളിൽ ഒരു കുട്ടിക്ക് 6.78 രൂപയും അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിൽ ഒരു കുട്ടിക്ക് 10.18 രൂപയുമാണ് നൽകുന്നത്. ഈ തുക പ്രകാരം പദ്ധതി നടത്തിക്കൊണ്ടുപോവാൻ സാധിക്കില്ലെന്ന് പ്രധാനാദ്ധ്യാപകർ പറയുന്നു. അധിക പോഷകാഹാര പദ്ധതിയിൽ ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും നൽകണം. ഇതിനുള്ള തുക കണ്ടെത്താനാകാതെ വിഷമിക്കുകയാണ് പ്രധാനാദ്ധ്യാപകർ.
കുട്ടികളുടെ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ പ്രയാസപ്പെടുമ്പോൾ ചെലവഴിച്ച തുകയുടെ ബില്ലുകൾ മാറിയെടുക്കാൻ ഇനി ട്രഷറിയിലും കയറിയിറങ്ങേണ്ട അവസ്ഥയാണ് അദ്ധ്യാപകർക്ക്. മുമ്പ് എ.ഇ.ഒ ഓഫീസിൽനിന്ന് നൂൺ മീൽ ഓഫീസർ ബിൽ പാസാക്കി ബാങ്കിൽനിന്ന് തുക മാറിയെടുക്കാം. എന്നാൽ ഇപ്പോൾ നൂൺ മീൽ ഓഫീസർ ബിൽ പാസാക്കിയശേഷം സ്‌റ്റേറ്റ്‌മെന്റും ഓൺലൈൻ ബില്ലും ട്രഷറിയിൽ നൽകണം. ഇതിനൊപ്പം മാസം മുഴുവൻ വൗച്ചറുകളും നൽകണം. ജി.എസ്.ടി രജിസ്‌ട്രേഷൻ നമ്പർ രേഖപ്പെടുത്തിയ ബില്ലുകളും നിർബന്ധമാണ്. ഓരോ മാസത്തെയും ബില്ലുകൾ പാസാക്കിയെടുക്കാൻ രണ്ടും മൂന്നും തവണ ട്രഷറി കയറിയിറങ്ങേണ്ട അവസ്ഥയാണ്. എൽ.പി, യു.പി വിദ്യാലയങ്ങളിൽ ക്ലാസ് ചുമതല ഉൾപ്പെടെയുള്ള പ്രധാനാദ്ധ്യാപകരാണ് വലയുന്നത്. ബില്ലുകൾ ട്രഷറിയിൽ നിന്ന് പരിശോധിച്ച് തുക ഉപജില്ലകളുടെ അക്കൗണ്ടുകളിലേക്കാണ് കൈമാറുക. പ്രധാനാദ്ധ്യാപകർക്ക് ലഭിക്കേണ്ട തുക വീണ്ടും വൈകിപ്പിക്കാനാണ് ഈ നടപടി ഇടയാക്കുക. ഉച്ചഭക്ഷണ ഫണ്ടിന്റെ 60 ശതമാനം കേന്ദ്രസർക്കാർ വിഹിതവും 40 ശതമാനം സംസ്ഥാന സർക്കാർ വിഹിതവുമാണ്. അധിക പോഷകാഹാര പദ്ധതിയുടെ തുക സംസ്ഥാന സർക്കാരാണ് അനുവദിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |