വാളയാർ: ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ മാലിന്യം കൊണ്ട് വന്ന് സംസ്‌കരിക്കാൻ ശേഷിയുള്ള പ്ലാന്റ് കഞ്ചിക്കോട് വ്യവസായ മേഖലയിൽ സജ്ജമാകുന്നു. ഇവിടെ ബ്ലൂ പ്ലാനറ്റ് മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. അത്യന്താധുനിക യന്ത്ര സൗകര്യങ്ങളുള്ള പ്ലാന്റ് സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാണ് സ്ഥാപിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പ്ലാന്റിന് അനുമതി നൽകിയത്. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലൂ പ്ലാനറ്റ് എൻവയൺമെന്റൽ സൊലൂഷൻസ് എന്ന കമ്പനിയാണ് വേസ്റ്റ് ടു ബയോഗാസ് എന്ന മാലിന്യ നിർമ്മാർജന പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിനായി കെ.എസ്.ഐ.ഡി.സി കഞ്ചിക്കോട് വ്യവസായ മേഖലയിൽ 11 ഏക്കർ സ്ഥലം 25 വർഷത്തേക്ക് കമ്പനിക്ക് പാട്ടത്തിന് നൽകിയിട്ടുണ്ട്. പ്ലാന്റിന്റെ 80 ശതമാനത്തോളം ജോലികൾ പൂർത്തിയായി. ഡിസംബറിൽ കമ്മീഷൻ ചെയ്യുകയാണ് ലക്ഷ്യം.
തുടക്കത്തിൽ കഞ്ചിക്കോട് വ്യവസായ മേഖല ഉൾപ്പെടുന്ന പുതുശ്ശേരി ഉൾപ്പെടെ എട്ട് പഞ്ചായത്തിലെ മാലിന്യമാണ് ഇവിടെ സംസ്‌കരിക്കുക. പിന്നീട് ജില്ലയിലെ ഇതര പഞ്ചായത്തുകളെയും നഗരസഭകളെയും പരിധിയിൽ കൊണ്ടുവരും. പ്രതിദിനം 200 ടൺ ഖരമാലിന്യം ഇവിടെ സംസ്‌കരിക്കാൻ കഴിയും. ജൈവ മാലിന്യങ്ങളിൽ നിന്ന് പ്രതിദിനം 4018 കിലോഗ്രാം കംപ്രസ്ഡ് ബയോഗ്യാസ് ഉദ്പാദിപ്പിക്കാൻ കഴിയും. പ്രതിദിനം 35.75 ടൺ ജൈവ വളവും ഉണ്ടാക്കാൻ കഴിയും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും ടിപ്പിംഗ് ഫീ ഈടാക്കും. പൊതുജനങ്ങളിൽ നിന്ന് നേരിട്ട് മാലിന്യം സംഭരിക്കില്ല.ഹരിത കർമ്മസേന മുഖേന യൂസർ ഫീ ഈടാക്കി പൊതുജനങ്ങളിൽ നിന്ന് മാലിന്യം സംഭരിച്ച് പഞ്ചായത്തുകൾ കമ്പനിക്ക് നൽകും. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സർക്കാർ നിശ്ചയിച്ച നിരക്ക് പഞ്ചായത്ത് ജനങ്ങളിൽ നിന്ന് ഈടാക്കും. വലിയ ഫ്ളാറ്റുകൾ, കല്യാണ മണ്ഡപങ്ങൾ, സ്വകാര്യ കമ്പനികൾ, വൻകിട ഹോട്ടലുകൾ എന്നിവക്ക് നേരിട്ട് പ്ലാന്റിൽ മാലിന്യം എത്തിക്കാം. ഇവർ കമ്പനി നിശ്ചയിക്കുന്ന ഫീസ് നൽകേണ്ടി വരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |