
പത്തനംതിട്ട : ഗവി മീനാറിൽ അങ്കണവാടി ജീവനക്കാരി മേനകയുടെ ദാരുണമരണം ഓർമ്മിപ്പിക്കുന്നത് 15 വർഷം മുമ്പ് നടന്ന ഭൂലോക ലക്ഷ്‌മിയുടെ തിരോധാനം. കേരളാ ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ (കെ.എഫ്.ഡി.സി) ഗവി ഏലത്തോട്ടത്തിലെ ക്ളാർക്കായിരുന്നു ഭൂലോക ലക്ഷ്മി. 2011 ആഗസ്റ്റ് 13ന് രാത്രി ഭൂലോക ലക്ഷ്മിയെ കാണാതായി. 44 വയസായിരുന്നു.
തോട്ടത്തിലെ തൊഴിലാളികൾക്ക് ദിവസവും കൂലി വിതരണം ചെയ്തിരുന്നത് ഭൂലോക ലക്ഷ്മിയായിരുന്നു. സംഭവം നടന്ന ദിവസം ജോലി കഴിഞ്ഞ് വൈകിട്ട് ആറു മണിയോടെ അവർ ക്വാർട്ടേഴ്സിൽ തിരിച്ചെത്തിയത് സമീപവാസികൾ കണ്ടിട്ടുണ്ട്. കുട്ടികളുമായി സ്വന്തം നാടായ കൊല്ലത്തേക്കു പോയിരുന്ന ഭർത്താവ് ദാനിയേൽകുട്ടി രാത്രി എട്ടുമണി വരെ ഭൂലോക ലക്ഷ്മിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ആഗസ്റ്റ് 14ന് രാവിലെ ഭർത്താവ് വിളിച്ചപ്പോൾ ഭൂലോക ലക്ഷ്‌മി ഫോണെടുത്തില്ല. പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ദാനിയേൽ മടങ്ങിയെത്തിയപ്പോൾ ക്വാർട്ടേഴ്സ് പൂട്ടിയ നിലയിലായിരുന്നു. ജോലി സ്ഥലത്തും എത്തിയിരുന്നില്ല. ഗവി, മീനാർ, കൊച്ചുപമ്പ മേഖലയിൽ ഉള്ളവർ കാടും മലയും അരിച്ചുപെറുക്കി. മൂഴിയാർ പൊലീസ് കേസെടുത്ത് അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല.
കാണാതായ രാത്രിയിൽ ഭൂലോക ലക്ഷ്‌മി താമസിച്ചിരുന്ന ക്വാർട്ടേഴ്സിന് സമീപം നാല് വീലുള്ള ഒരു വാഹനം വന്നിരുന്നതായി സമീപവാസികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ടയറുകൾ മണ്ണിൽ പതിഞ്ഞിരുന്നു. വാഹനം കണ്ടെത്താൻ കഴിഞ്ഞില്ല. പുറത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ചെക്ക് പോസ്‌റ്റ് കടക്കാതെ ഗവിയിൽ എത്താൻ കഴിയില്ല. ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും സൂചനകൾ ലഭിച്ചില്ല.
നീതി കിട്ടാതെ ദാനിയേൽ മരിച്ചു
സംഭവം നടന്ന് മൂന്നു വർഷങ്ങൾക്ക് ശേഷം ഹൈക്കോടതി ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏൽപ്പിച്ചു. തിരുവല്ലയിലെ ക്രൈംബ്രാഞ്ച് സംഘം പലരുടെയും വിരലടയാളം അടക്കമുള്ളവ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ദാനിയേലിനെയും ചോദ്യം ചെയ്തിരുന്നു. ക്വാർട്ടേഴ്സിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നില്ല. വനപാലകരുടെയും ഉന്നതരുടെയും അറിവോടെയല്ലാതെ ഗവിയിൽ ഒന്നും നടക്കില്ലെന്ന് ദാനിയേൽകുട്ടി വിശ്വസിച്ചിരുന്നു.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതിനിടയിൽ 2024 സെപ്തംബറിൽ ദാനിയേൽകുട്ടി മരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |