
പത്തനംതിട്ട : ജില്ലാ ആസ്ഥാനത്തിനെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിച്ചിരുന്ന കെ.എസ്.ആർ.ടി.സി സർവീസ് വീണ്ടും ആരംഭിക്കുന്നത് കാത്തിരിക്കുകയണ് യാത്രക്കാർ. ആയിരങ്ങൾക്ക് പ്രയോജനമായിരുന്നതും ലാഭകരവുമായ പത്ത് ബസുകൾ നടത്തിവന്ന സർവീസുകളെ ഇല്ലാതാക്കി സ്വകാര്യ ബസ് ലോബിക്ക് ഇടമൊരുക്കുകയായിരുന്നുവെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. ട്രാൻ.ബസ് സർവീസ് ഇല്ലാത്തതിനാൽ അടുത്തിടെ സർക്കാർ പ്രഖ്യാപിച്ച പ്രിയദർശനി സ്ത്രീ സൗജന്യ യാത്ര ഈ റൂട്ടിലുള്ളവർക്ക് ലഭിക്കാതായി. പത്തനംതിട്ടയിൽ നിന്ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചും നിരവധി സ്ഥിരം യാത്രക്കാരുണ്ടായിരുന്നു. സർവീസുകൾ പുനരാരംഭിക്കണമെന്നാണ് ആവശ്യവുമായി ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും യാത്രക്കാർ നിരവധി നിവേദനങ്ങൾ നൽകിയിട്ടും ബസ് എത്തിയില്ല.
10 ബസുകൾ
സ്വകാര്യ ബസുകളുടെ കുത്തകയായിരുന്ന പത്തനംതിട്ട - ചെങ്ങന്നൂർ റൂട്ടിൽ 2002 ജനുവരിയിൽ അന്നത്തെ ഇടതുസർക്കാരാണ് കെ.എസ്.ആർ.ടി.സി സർവീസുകൾ ആരംഭിച്ചത്. പത്തനംതിട്ട, ചെങ്ങന്നൂർ ഡിപ്പോകൾക്ക് അഞ്ചു വീതം പുതിയ ഷട്ടിൽ ബസുകൾ അനുവദിച്ചിരുന്നു. അരമണിക്കൂർ ഇടവിട്ട് പത്തനംതിട്ടയിൽ നിന്ന് അഞ്ച് ബസുകൾ ആറന്മുള വഴി ചെങ്ങന്നൂർ റൂട്ടിൽ ഓടുമ്പോൾ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇതേ ക്രമത്തിൽ അഞ്ച് ബസുകൾ പത്തനംതിട്ടയ്ക്കും സർവീസ് നടത്തി. യാത്രക്കാർ ഉണ്ടായിട്ടും സർവീസുകൾ വെട്ടിക്കുറച്ചു. പുതിയ ബസുകൾ ഒഴിവാക്കി, കാലക്രമണേ ബസുകളുടെ എണ്ണവും കുറച്ചു. കൊവിഡ് കാലത്ത് സർവീസ് പൂർണമായും നിറുത്തലാക്കിയതോടെ റൂട്ട് സ്വകാര്യബസുകൾ കൈയടക്കി.
ട്രെയിൻ യാത്രക്കാർ വലഞ്ഞു
മലയോര മേഖലയിൽ നിന്നും പത്തനംതിട്ട, ഇലന്തൂർ, കോഴഞ്ചേരി എന്നീ സ്ഥലങ്ങളിൽ നിന്നും നൂറുകണക്കിന് ജീവനക്കാരാണ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര ചെയ്തിരുന്നത്. ഇവർക്ക് അനുഗ്രഹമായിരുന്നു കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ്.
2002ൽ തുടങ്ങിയ സർവീസുകൾ കൊവിഡിൽ പൂർണമായി നിലച്ചു.
പത്തനംതിട്ട, ചെങ്ങന്നൂർ ഡിപ്പോകളിൽ ഉണ്ടായിരുന്നത് 10 ബസുകൾ.
പ്രിയദർശനി സ്ത്രീ സൗജന്യ യാത്ര ലഭിക്കാതെ യാത്രക്കാർ.
സർവീസുകൾ പുനരാരംഭിക്കാൻ അടിയന്തര നടപടി വേണം. നിരവധി സ്ത്രീ യാത്രക്കാർക്കും സർവീസുകൾ പ്രയോജനപ്പെടും.
ദിലീപ്, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |