
തിരുവല്ല: ദേശീയ - അന്തർദേശീയ ബാഡ്മിന്റൺ മത്സരങ്ങളിൽ തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവച്ച് തിരുവല്ല സ്വദേശി ഗൗരികൃഷ്ണ ടി.ആർ കേരളത്തിന് അഭിമാനമായി മാറുകയാണ്. തിരുമൂലപുരം ഗൗരീനന്ദനത്തിൽ കവിതയുടെയും ടി.ആർ.രാജേഷിന്റെയും മകളാണ്. വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ് ഇനങ്ങളിൽ ദേശീയതലത്തിലും രാജ്യാന്തര വേദികളിലും ശ്രദ്ധേയനേട്ടങ്ങൾ സ്വന്തമാക്കാനായി.
2025 ഒക്ടോബർ നാലിലെ റാങ്കിംഗ് പ്രകാരം വനിതാ ഡബിൾസിൽ ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ റാങ്കിംഗിൽ 12-ാം സ്ഥാനത്തുള്ള ഗൗരി, കേരള സംസ്ഥാന റാങ്കിംഗിൽ വനിതാ ഡബിൾസിൽ ഒന്നാം സ്ഥാനവും മിക്സഡ് ഡബിൾസിൽ രണ്ടാം സ്ഥാനവും നിലനിറുത്തുന്നു. ലോക ബാഡ്മിന്റൺ ഫെഡറേഷന്റെ ലോക റാങ്കിംഗിലും ശ്രദ്ധേയ സ്ഥാനത്താണ്.
2025ൽ രാജമഹേന്ദ്രവരത്ത് നടന്ന ഓൾ ഇന്ത്യ സീനിയർ റാങ്കിംഗ് ടൂർണമെന്റിൽ വനിതാ ഡബിൾസിൽ റണ്ണറപ്പായ ഗൗരി, എറണാകുളത്ത് നടന്ന ജോൺ നിസ്സി മെമ്മോറിയൽ സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിൽ വനിതാ ഡബിൾസ് കിരീടവും മിക്സഡ് ഡബിൾസിൽ റണ്ണറപ്പ് സ്ഥാനവും നേടി. ഒറ്റപ്പാലത്ത് നടന്ന കെ.പി.എസ്.മേനോൻ മെമ്മോറിയൽ സീനിയർ റാങ്കിംഗ് ടൂർണമെന്റിലും എൻ.എസ്. ദയാലൻ മെമ്മോറിയൽ സീനിയർ റാങ്കിംഗ് ടൂർണമെന്റിലും വനിതാ ഡബിൾസ് ചാമ്പ്യൻഷിപ്പും സ്വന്തമാക്കി.
2022-ലെ ദേശീയ ഗെയിംസിൽ കേരള ടീമിനായി വെള്ളിമെഡലും വെങ്കലമെഡലും നേടിയ ഗൗരി, ശ്രീലങ്ക, മലേഷ്യ, ബഹ്റൈൻ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നടന്ന അന്തർദേശീയ ടൂർണമെന്റുകളിലും ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട്.
എറണാകുളം സേക്രഡ് ഹാർട്ട് കോളജിൽ നിന്ന് ബി.കോം ബിരുദം നേടി പശ്ചിമബംഗാളിലെ ആദമാസ് സർവകലാശാലയിൽ എം.ബി.എ പഠനം തുടരുകയാണ് ഗൗരി. കഠിനാധ്വാനവും സ്ഥിരതയാർന്ന പ്രകടനവുംകൊണ്ട് ഇന്ത്യൻ ബാഡ്മിന്റണിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കുമെന്ന പ്രതീക്ഷയിലാണ് കായികലോകം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |