
♦ ബസ് ചെലവിന് രക്ഷിതാക്കൾ കനിയണം
♦ അദ്ധ്യാപകർക്കും ബാദ്ധ്യതയായി
പത്തനംതിട്ട: സർക്കാർ സ്കൂളുകളിൽ കുട്ടികളെ പിടിച്ചുനിറുത്താൻ കഷ്ടപ്പെടുന്ന അദ്ധ്യാപകർക്ക് സ്കൂൾ ബസിന്റെ നടത്തിപ്പ് ഇരട്ടി ഭാരമാകുന്നു. ഇന്ധന ചെലവ്, ഡ്രൈവറുടെ ശമ്പളം, അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക് സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കേണ്ടി വരുന്നു. കുട്ടികൾ കുറവുള്ള സ്കൂളുകളിൽ ബസുകൾ കട്ടപ്പുറത്തുമാണ്. എം.പി, എം.എൽ.എ ഫണ്ട് ഉപയോഗിച്ച വാങ്ങിയ മിക്ക ബസുകളുടെയും സ്ഥിതി ഇതാണ്.
പത്തനംതിട്ട തൈക്കാവ് ഗവ. സ്കൂളിലെ ബസ് ഒാടാതായിട്ട് എഴ് വർഷം കഴിഞ്ഞു. വീണാജോർജ് എം.എൽ.എ ആയിരുന്നപ്പോൾ ലഭിച്ച ബസാണിത്. അറ്റകുറ്റപ്പണിക്കുള്ള വൻ തുക കണ്ടെത്താൻ കഴിഞ്ഞില്ല. സ്കൂൾ കോമ്പൗണ്ടിൽ ഒതുക്കിയിട്ടിരിക്കുന്ന ബസ് തുരുമ്പെടുത്തു. സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് ഒാട്ടോറിക്ഷയിലാണ്. ഒരു മാസം ഇരുപതിനായിരത്തോളം ചെലവാകും. അദ്ധ്യാപകരുടെ മാസ ശമ്പളത്തിൽ നിന്ന് ഒരു വിഹിതം പിടിച്ചാണ് ഒാട്ടോക്കാരന് നൽകുന്നത്. പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളിൽ നിന്ന് വാഹന ചെലവിനുള്ള പണം പിരിച്ചാൽ, കുട്ടികൾ കൊഴിഞ്ഞ് സ്കൂൾ പൂട്ടേണ്ടി വരുമെന്ന് അദ്ധ്യാപകർ ഭയക്കുന്നു.
കലഞ്ഞൂർ സ്കൂളിൽ രക്ഷിതാക്കളിൽ നിന്ന് പണം പിരിച്ചാണ് ബസിന്റെ ചെലവിന് വിനിയോഗിക്കുന്നത്. ഒരു കുട്ടിയിൽ നിന്ന് ദൂരം അനുസരിച്ച് 600 മുതൽ 1200രൂപ വരെ വാങ്ങുന്നു. പഠന നിലവാരം മെച്ചമായ സ്കൂളിൽ 13കിലാേമീറ്റർ അകലെ പാടത്ത് നിന്നും കുട്ടികളെത്തുന്നുണ്ട്. കുട്ടികളെ എത്തിക്കാൻ ഒാട്ടോറിക്ഷയും ഉപയോഗിക്കുന്നുണ്ട്. കൂടൽ സ്കൂളിലും ബസിന്റെയും ഒാട്ടോറിക്ഷയുടെയും ചെലവ് രക്ഷിതാക്കൾ വഹിക്കുന്നു.
കടമ്മനിട്ട സ്കൂളിലെ ബസിന് ടയർ മാറ്റാൻ പണമില്ലാത്തതിനാൽ ഒാടിക്കുന്നില്ല. ഇങ്ങനെ ജില്ലയിലെ മിക്ക സ്കൂളുകൾക്കും ബസുകൾ വലിയ സാമ്പത്തിക ബാദ്ധ്യതയായിട്ടുണ്ട്.
♦ തദ്ദേശ സ്ഥാപനങ്ങളും കൈയൊഴിഞ്ഞു
സ്കൂൾ ബസുകളുടെ നടത്തിപ്പിന് പി.ടി.എയും തദ്ദേശ സ്ഥാപനങ്ങളും പണം വിനിയോഗിക്കണമെന്ന് നേരത്തേ സർക്കാർ സർക്കുലർ ഇറക്കിയിരുന്നു. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് തദ്ദേശ സ്ഥാപനങ്ങൾ കൈയൊഴിഞ്ഞു. സ്കൂൾ അധികൃതർക്ക് പി.ടി.എയെ നിർബന്ധിക്കാൻ കഴിയുന്നില്ല. കൂലിപ്പണിക്കു പോയി കുടുംബച്ചെലവ് നടത്തുന്ന രക്ഷിതാക്കളോട് സ്കൂൾ വാഹനത്തിനുള്ള പണം ചോദിക്കാൻ കഴിയില്ലെന്ന് പ്രധാന അദ്ധ്യാപകർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |