
പത്തനംതിട്ട : രക്ഷാപ്രവർത്തനത്തിനായി ഓച്ചിറ അഴീക്കലിൽ നിന്ന് മത്സ്യബന്ധന വള്ളവുമായെത്തിയ തൊഴിലാളി ഷിജുവിന്റെ മുൻനിരയിലെ ഒരു പല്ല് നഷ്ടമായെങ്കിലും 112 പേർക്ക് രക്ഷാകരം നീട്ടാനായി.
കഴിഞ്ഞ രണ്ടിന് ഇടശ്ശേരിമല ഭാഗത്ത് വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ വള്ളത്തിലെത്തി രക്ഷിക്കുന്നതിനിടെ ഷിജിവുന്റെ മുഖത്ത് ടെറസിൽ നീണ്ടു നിന്ന കമ്പി ഇടിച്ചാണ് പല്ല് നഷ്ടമായത്. കയ്യിലിരുന്ന തോർത്തുകൊണ്ട് വായ പൊത്തിപ്പിടിച്ച് ചോരയൊലിക്കുന്ന മുഖവുമായാണ് വള്ളം സുരക്ഷിതകേന്ദ്രത്തിലെത്തിച്ചത്. വെള്ളത്തിലകപ്പെട്ട വീടുകളിൽ നിന്ന് 112 ലധികം ആളുകളെയാണ് ഷിജുവും സംഘവും രക്ഷിച്ച് കരയിലും ക്യാമ്പുകളിലുമാക്കിയത്.
2018ലെ പ്രളയത്തിലും ഓച്ചിറ ക്ലാപ്പന ചീലാന്തിമൂട്ടിൽ ഷിജു ബോട്ടുമായി രക്ഷാപ്രവർത്തനത്തിനെത്തിയിരുന്നു. അന്നത്തെ അത്രയും തീവ്രത ഇപ്പോൾ ഇല്ലായെന്നാണ് ഷിജു പറയുന്നത്. ഇക്കുറി ബി.കോം വിദ്യാർത്ഥിയായ മകനും ഷിജുവിനൊപ്പം എത്തിയിരുന്നു. മൂന്നു ബോട്ടുകളിലായി 12 പേരാണ് എത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ ബോട്ടുകൾ തിരികെ കൊണ്ടുപോകാനായി കരയിലേക്ക് കയറ്റിവച്ചു. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് വാഹനങ്ങളിൽ ബോട്ടുകയറ്റി അഴീക്കലേക്ക് മടങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |